Sunday, August 25, 2013

ഗബോണ്‍ യാത്രകള്‍ - നയാന്‍ഗ

ഒന്നാം ഭാഗം ഇവിടെ വായിക്കാം

എല്ലാവരും കാത്തിരുന്നു മുഷിഞ്ഞുവല്ലേ..

സോറി, ഇന്നലെ ഓഫീസിലെ ജോലിത്തിരക്കു കാരണം വരാന്‍ താമസിച്ചു.

പുറത്തേക്കു പോകുന്നതിനു മുന്‍പ്, നയാന്‍ഗയെകുറിച്ച് അറിയണ്ടേ? ഗബോണ്‍ രാജ്യത്തെ ഏഴു സംസ്ഥാനങ്ങളില്‍ ഒന്നാണ് നയാന്‍ഗ.ഇത് മലകളാല്‍ ചുറ്റപ്പെട്ട ഒരു സമതലപ്രദേശമാണ്. രാജ്യത്തെ ഏറ്റവും ജന സാന്ദ്രത കുറഞ്ഞതും ഏറ്റവും ദരിദ്രമായതുമായ സംസ്ഥാനം ആണ് നയാന്‍ഗ. എന്നാല്‍ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു പ്രദേശം കൂടിയാണിത്. ഇരുപത്തി ഒന്നായിരം ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുള്ള ഇവിടെ ഏകദേശം പതിനാലായിരത്തി അഞ്ഞൂറ് പേര്‍ മാത്രമാണ്  താമസം. ചിബാന്‍ഗ എന്ന ഒരു ചെറുപട്ടണമാണ് ഈ സംസ്ഥാനത്തിന്‍റെ തലസ്ഥാനം.

ഇപ്പോള്‍ നമ്മള്‍ നില്‍ക്കുന്നത് സിയറ്റ് കമ്പനിയുടെ  കാലിവളര്‍ത്തല്‍ കേന്ദ്രത്തിന്‍റെ ഗസ്റ്റ് ഹൌസിലാണ്.  നിര്‍ഭാഗ്യവശാല്‍ ഇവിടെ നിന്നും കൂടുതല്‍ പുറത്തേക്കു പോകാന്‍ നമുക്ക് അനുവാദമില്ല. സാരമില്ലന്നേ ഇവിടം തന്നെ മനോഹരമാണ്.

ഈ വാതിലില്‍ കൂടി വെളിയിലേക്ക് നോക്കൂ

ഉണര്‍ന്നെണീറ്റപ്പോള്‍ കണ്ട കാഴ്ച്ച

ഇവിടെ പെരുപാമ്പ് ഉണ്ടോ.. ഒന്ന് തിരിഞ്ഞു നോക്കിക്കേ.

പെരുപാമ്പിന്റെ തോലുവെച്ചു ഭിത്തി അലങ്കരിച്ചിരിക്കുന്നു 
(ഒരു ഒന്നൊന്നര അലങ്കാരം ആയി പോയി)

ആദ്യം നമുക്ക് നയാന്‍ഗ നദിക്കരയില്‍ പോകാം. കോംഗോയില്‍ നിന്നാണ് നദിയുടെ ഉത്ഭവമെങ്കിലും ഒട്ടുമുക്കാല്‍ ഭാഗങ്ങളും ഗബോണിലാണ്.  വെള്ളത്തിന്‍റെ നിറം പോലും ഇരുണ്ടതു ഇവിടുത്തെ ധാതു നിക്ഷേപം കാരണമാണെന്നാണ് പറയപ്പെടുന്നത്‌.  ഇരുമ്പ്, ചെമ്പ്, സ്വര്‍ണം തുടങ്ങിയവയുടെ വന്‍ നിക്ഷേപമുണ്ട് ഇവിടെ. 

നയാന്‍ഗ നദി
നദി മറ്റൊരു വ്യൂ.

ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെ വെള്ള

നയാന്‍ഗ നദിയില്‍ ധാരാളം മുതലകളുണ്ട്, അതുകൊണ്ട് തന്നെ നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പോലും നീന്തലറിയില്ല. പക്ഷെ മനുഷ്യരെ മുതലകള്‍ തിന്നുന്നതിനേക്കാള്‍ ഇവിടെ മുതലകളെ മനുഷ്യരാണ് തിന്നുന്നത്. ചെറിയ മുതലയുടെ വാല്‍ ഭാഗമാണ് ഭക്ഷണത്തിന് ഉപയോഗിക്കുക.

ഈ നദിക്കരയില്‍ തന്നെയാണ് ചിബാന്‍ഗ എന്ന തലസ്ഥാന നഗരം. നഗരം എന്ന് പറയുമ്പോള്‍ കൊച്ചിയൊന്നും മനസ്സില്‍ വരരുത്. ഈ സംസ്ഥാനം മുഴുവന്‍ പതിനാലായിരം ആളുകളെ ഉള്ളൂ. നമ്മുടെ ഒരു കായംകുളം പട്ടണത്തേക്കാള്‍ ചെറുതാണ് ആ സ്ഥലം.  

ഇനി നമ്മള്‍ പോകുന്നതു നയാന്‍ഗയുടെ വശ്യമനോഹരമായ ഭൂപ്രകൃതി കാണാനാണ്. ഇത് പോലെ മനോഹരമായ പ്രദേശം ഒരു പക്ഷെ നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല.

ഹരിത മനോഹരം (ഒരു പക്ഷിയെയും കാണാം)

ചെടികള്‍ക്ക് ഇടയിലൂടെ ഒരു നോട്ടം

വന്നവഴി മറക്കരുത്, മറന്നാല്‍ തിരികെ പോകാന്‍ പറ്റൂല്ല.

നദിയിലേക്ക് ഒഴുകിയെത്തുന്ന ഒരു കാട്ടരുവി
കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന പുല്‍മേടുകള്‍

ഈ പുല്‍മേടുകളില്‍ പതിയിരിക്കുന്ന ഒരാളുണ്ട്. ആരാണെന്നോ? പെരുമ്പാമ്പ്. ഒരു ചെറിയ പശുവിനെ വിഴുങ്ങാനുള്ള വിശപ്പുമായി കാത്തിരിക്കുന്ന അവന്‍റെ മുന്നിലേക്ക്‌  'കുബൂസ് സ്വപ്നം കണ്ടു കിടന്നവന്റെ മുന്നിലേക്ക്‌ മക്‌-ഡോണാള്‍ഡ് ഹോം ഡെലിവറി ചെയ്യുന്നത്' പോലെ ഞാന്‍ ചെല്ലുന്ന കാര്യം ഓര്‍ത്തപ്പോള്‍ റിസ്ക്കെടുത്തില്ല. പിന്നെ അവനെ പിടിച്ചു വറത്തു തിന്നാന്‍ ഞാന്‍ ഇന്നാട്ടുകാരനൊന്നുമല്ലല്ലോ.

ഗബോണിലെ ഒരേ ഒരു കാലിവളര്‍ത്തല്‍ കേന്ദ്രമാണ് സിയറ്റ് ഗ്രൂപ്പിന്റെ അധീനതയില്‍ വരുന്ന ഈ റാഞ്ച്. പ്രധാനമായും മാംസത്തിനു വേണ്ടിയാണു ഇവിടെ കാലികളെ വളര്‍ത്തുന്നത്. പതിനായിരത്തോളം പശുക്കളും, ആയിരത്തോളം ആടുകളും, അന്‍പതില്‍ കുറയാത്ത കുതിരകളും ഇവിടെയുണ്ട്.  ഏകദേശം ഇരുന്നൂറ്റി അമ്പതു ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുകയാണ് ഈ വലിയ കാലി വളര്‍ത്തല്‍ കേന്ദ്രം.  കൃത്രിമമായുള്ള ഒരു തീറ്റയും ഇവിടെ വേണ്ട എന്നതാണ് ഇവിടുത്തെ പ്രത്യേകത. പരന്നു കിടക്കുന്ന പുല്‍മേടുകള്‍ കാലികള്‍ക്ക് ഭക്ഷണമൊരുക്കുന്നു. 


സിയറ്റിന്റെ പശുക്കള്‍ പതിനായിരത്തോളം പശുക്കള്‍ ഉണ്ട് ഇവിടെ.

ഇതുവരെ ഒരു മനുഷ്യകുഞ്ഞിനേം നമുക്ക് കാണാന്‍ പറ്റിയില്ല. അവസാനം ഞാന്‍ ഒരെണ്ണത്തിനെ കണ്ടു പിടിച്ചു. 


സിയറ്റിന്റെ ആട്ടിടയന്‍ പേര് ശശി. (ആട്ടിന്‍കൂടും കാണാം)

വളരെ പാവപ്പെട്ട ജനങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. ആട്, കാലി വളര്‍ത്തല്‍ ആണ് പ്രധാന തൊഴില്‍. മരം കൊണ്ടുള്ള ചെറിയ വീടുകളിലാണ് ഇവര്‍ താമസിക്കുന്നത്.ചില കുടുംബങ്ങള്‍ ചെറിയ തോതില്‍ ചോളം, ഉണ്ട മുളക്, ഏത്തപ്പഴം തുടങ്ങിയ കൃഷികള്‍ നടത്തുന്നുണ്ട്. വിപണനം ഒരു പ്രശ്നമായതിനാല്‍ കൂടുതല്‍ പേരും കാലിവളര്‍ത്തല്‍ തന്നെയാണ് ചെയ്യുന്നത്. ഇവിടങ്ങളിലെ കുട്ടികള്‍ക്ക് പഠനം, സ്കൂള്‍ എന്നിവയൊന്നും സ്വപ്നത്തില്‍ പോലും ഉണ്ടാവില്ല (സിയാറ്റിനു സ്വന്തമായി ഒരു സ്കൂള്‍ ഉണ്ട്, പക്ഷെ കമ്പനിയില്‍ ജോലി ചെയ്യുന്നവരുടെ കുട്ടികള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ). 

ഒരു ഗ്രാമം കഴിഞ്ഞാല്‍ പിന്നെ ഒരു പത്തു കിലോമീറ്ററെങ്കിലും പിന്നിട്ടാല്‍ മാത്രമേ അടുത്ത ഗ്രാമമുളൂ.  മാത്രമല്ല റോഡുകളുടെ അവസ്ഥ വളരെ പരിതാപകരവും. ചില സ്ഥലങ്ങളിലേക്ക് പോകാന്‍ റോഡുപോലുമില്ല. എന്നിരുന്നാലും പട്ടിണിമരണം ഇവിടെയുണ്ട് എന്ന് തോന്നുന്നില്ല. വെറുതെ ഒന്ന് കാട്ടിലോട്ടു കേറിയാല്‍ വയറു നിറച്ചു തിരിച്ചു പോരാം (പെരുമ്പാമ്പോ പുലിയോ വിശന്നിരിക്കുകയല്ലെങ്കില്‍).

എന്തായാലും ഇനി ഒന്ന് ഓഫീസില്‍ വരെ പോയിട്ട് നമുക്ക് ബാക്കി കറങ്ങാം, അല്ലെങ്കില്‍ അവെരെന്തെങ്കിലും വിചാരിച്ചാലോ.


ഇതാണ് സിയറ്റിന്റെ ഓഫീസിന്‍റെ ഒരു ഭാഗം. (കുതിരയെ മേയാന്‍ വിട്ടേക്കുവാ, സത്യം)


മലനിരകളാല്‍ ചുറ്റപ്പെട്ട പ്രദേശമാണ് നയാന്‍ഗയെന്നു ചിത്രങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് മനസിലായല്ലോ. ഈ മലനിരകള്‍ മുഴുവന്‍ ഇടതൂര്‍ന്ന മഴക്കാടുകളാണ്.  ആനയും പുലിയും, ചിമ്പാന്‍സിയും, ഗോറില്ലകളും, മറ്റനേകം ചെറു ജീവികളും നിറഞ്ഞ ആവാസ വ്യവസ്ഥ. കഴിഞ്ഞ ഒരു ദശകത്തില്‍ മാത്രം ഏകദേശം പതിനൊന്നായിരം ആനകളാണ് കൊമ്പുകള്‍ക്ക് വേണ്ടി ഗബോണില്‍ കൊല്ലപ്പെട്ടത്.  ഒരു കിലോഗ്രാം ആനകൊമ്പിന് ഏകദേശം ആയിരത്തി അഞ്ഞൂറ് യൂറോ ആണ് വില. ഏകദേശം നൂറില്‍ പരം ആനകൊമ്പുകള്‍ കഴിഞ്ഞ ദിവസം പരിസ്ഥിതി പ്രവര്‍ത്തകര്‍ പിടിച്ചെടുത്തു നശിപ്പിച്ചിരുന്നു.  ആനയെ കൊല്ലുന്നത് കൊമ്പിന് വേണ്ടിയാണെങ്കില്‍ ഭക്ഷണത്തിനു വേണ്ടിയാണു ഗോറിലകളെയും, ചിമ്പാന്‍സികളെയും കൊന്നൊടുക്കുന്നത്. ഇവ രണ്ടും ആഫ്രിക്കയുടെ വിശിഷ്ട ഭക്ഷണമാണ്.

ഇനി ഞാന്‍ ഒരു സാധനം കാണിച്ചു തരാം.

ഇതാണ് ഞാന്‍ പറഞ്ഞ സാധനം. ആനയുടെ തലയോട്ടി.
ഓരോ അലങ്കാര വസ്തുക്കളെ..!


ഞെട്ടിയോ? സാരമില്ല. ഞെട്ടല്‍ മാറ്റാന്‍ നമുക്ക് കുറച്ചു പൂക്കളും ചെടികളുമൊക്കെ കാണാം.


ഇതിനെ കമ്മല്‍പൂവ് എന്നാണ് പറയുന്നതെന്നു തോന്നുന്നു.

ഞാന്‍ കരുതി ഇത് നന്ത്യാര്‍വട്ടപൂആണെന്ന്, അല്ലാത്രെ ഇതാണ് കല്യാണി പൂ (ശവം നാറി എന്നും പറയുമെന്ന്). നമ്മുടെ ചെറുവാടി പറഞ്ഞാ പിന്നെ അപ്പീല്‍ ഇല്ലാലോ.
നാട്ടില്‍ ഇതിനെ പേരക്കയെന്നു പറയും
വളരെ വ്യത്യസ്തമായ ഒരു ചെടി. കായുടെ പുറത്തു മുഴുവന്‍ പൂവാണ്.

ഒരു കാര്യം  ശ്രദ്ധിച്ചോ, മരങ്ങളും ചെടികളുമെല്ലാം എത്ര പുഷ്ടിയോടുകൂടിയാണ് വളരുന്നതെന്ന്. അതിവിടുത്തെ മണ്ണിന്‍റെ പ്രത്യേകതയാണ്. നല്ല മണ്ണും, ആവശ്യത്തിനു മഴയും, നല്ല സൂര്യപ്രകാശവും ചേരുമ്പോള്‍ നട്ടതൊന്നും പാഴായി പോവില്ല.

നയാന്‍ഗയുടെ ഒരു പത്തു ശതമാനം പോലും നമ്മള്‍ ഇതുവരെ കണ്ടിട്ടില്ല. ചെറിയ രണ്ടു വെള്ളച്ചാട്ടങ്ങള്‍ വലിയ രണ്ടു നാഷണല്‍ പാര്‍ക്ക്  ഒക്കെ ഇവിടെയുണ്ട്. കാലവും സമയവും അനുവദിക്കുമെങ്കില്‍ നമുക്ക് പിന്നീടൊരിക്കല്‍ ഇവിടെ വന്ന് അതൊക്കെ കാണണം.

സന്ധ്യമയങ്ങും നേരം

സന്ധ്യമയങ്ങിയിരിക്കുന്നു, ഇനി കൂടുതല്‍ കറങ്ങി നടക്കുന്നത് ആരോഗ്യത്തിനു ഭൂഷണമല്ല. ഗസ്റ്റ് ഹൌസില്‍ പോയി നല്ല മട്ടന്‍ ഗ്രില്‍ ചെയ്തത് ഉണ്ടമുളക് ചമ്മന്തിയും കൂട്ടി കഴിച്ചിട്ട്, എല്ലാവരും ഉറങ്ങിക്കോ. 

നാളെ രാവിലെത്തന്നെ എണീക്കണേ, രാവിലെ നമുക്ക് അടുത്ത സ്ഥലത്തേക്ക് പോകണം. അപ്പോള്‍ നാളെ സന്തിക്കും വരെ വണക്കം.

28 comments:

 1. ഗാബോണ്‍ യാത്ര തുടരുന്നു..

  ReplyDelete
 2. ചിത്രങ്ങളും വിവരണങ്ങളും കൂടിയാലും കുഴപ്പമില്ലാട്ടോ.

  ReplyDelete
 3. ഫോട്ടോ കണ്ടാല്‍ ഇതെവിടെയോ കേരളത്തില്‍ ആണെന്ന് തോന്നും.ഗാബോണ്‍ ഗാബോണ്‍ അപോ ഇനിയും കമോണ്‍

  ReplyDelete
 4. വായനാ ഹൃദ്യം....തുടരുക.

  ReplyDelete
 5. പള്ളക്ക് കത്തി കേറ്റും ട്ടോ ..അതാണോ നന്ദ്യാർവട്ടം ...?

  ചില സ്ഥലങ്ങളിലേക്കുള്ള യാത്രകൾ എന്നാൽ വിവരണവും ചിത്രവും വായിച്ച് തൃപ്തിപ്പെടുക എന്നതാണ് .
  നന്നായി ..യാത്ര തുടരട്ടെ

  ReplyDelete
  Replies
  1. അപ്പൊ ഇതല്ലേ.. ങേ.. അപ്പൊ ഈ പൂവിന്‍റെ പേരെന്താ..?

   Delete
 6. ഈ ശ്രീജിത്ത് വെറുതെ കൊതിപ്പിക്കുന്നു
  ഇതെല്ലാം കണ്ടാല്‍ അവിടെയൊന്ന് വരാന്‍ കൊതിതോന്നാത്തവര്‍ ആരെങ്കിലും ഉണ്ടാവുമോ?

  ReplyDelete
 7. nayongayil yathra cheytha anubhavam , nanayitttudu , yathra iniyum thudaruka

  ReplyDelete
 8. നല്ല ഒത്ത പശുക്കൾ... പുൽമേടുകളിൽ മേഞ്ഞ് തിന്ന് കൊഴുത്ത് നടക്കുവല്ലേ... ഈ പെരുമ്പാമ്പിനെ പേടിച്ച് ഒരു വഴിക്കും ഇറങ്ങാൻ പറ്റില്ലെന്ന് വച്ചാൽ വലിയ കഷ്ടമാണല്ലോ ശ്രീജിത്തേ...  ReplyDelete
 9. ആരോഗ്യമുള്ള നാൽക്കാലികളും, പുഷ്ടിയുള്ള ചെടികളും..., നമുക്ക് ഇനി അത് സ്വപ്നം മാത്രമായിരിക്കും

  ശ്രീജിത്ത് ബായ്, ആസ്വദിച്ചു വായിച്ചു, അപ്പപ്പോൾ സംശയം തീർത്തു തന്നതിനു നന്ദി...

  ReplyDelete
 10. കൊള്ളാം.. നല്ല വിവരണം... ശശിക്ക് ഇനീഷ്യല്‍ ഇല്ലേ?

  ReplyDelete
 11. തലക്കെട്ടിന്നു തുടങ്ങാം - ഉറക്കത്തില്‍ വായിച്ചത് കൊണ്ട് നയാഗയെ നയാഗ്ര എന്നാണു കണ്ടത്! ഞെട്ടി - ങ്ങേ ലംബന്‍ ആള് കൊള്ളാമല്ലോ, ഗബോണില്‍ വരെ നയാഗ്ര കണ്ടു പിടിച്ചു . നഷ്ടബോധവും തോന്നി (നയഗ്ര ട്രിപ്പ്‌ പോകുന്നുണ്ടെ, യാത്ര വിവരണം വിടാന്‍ പറ്റില്ലാലോ ).കണ്ണു തിരുമ്മി നോക്കിയപ്പോഴാ നയാഗ ആണെന്ന് മനസിലായേ :p.
  പൂക്കളൊക്കെ നാട്ടീന്നു കൊണ്ട് പോയതാ? :)
  മുതലയുടെ ഫോടോം ഇല്ലാത്തതില്‍ പ്രതിഷേധം
  ഓഫീസിന്റെ ഒരു ഭാഗത്തിന്‍റെ ഫോടോ തന്നെ ധാരാളം!
  ഹരിതമനോഹരത്തില്‍ പക്ഷി ഉണ്ടെന്നു പറഞ്ഞത് നന്നായി -അടികുറിപ്പ് നോക്കും മുന്പ് ഞാന്‍ സ്ക്രീനോന്നു അമര്‍ത്തി തുടച്ചു , കറുത്ത പാട് പോകാന്‍ !!

  അപ്പൊ വിവരണം നന്നായി, ചിത്രങ്ങള്‍ മനോഹരവും... നാളെ നേരത്തെ തുടങ്ങാം :)

  ReplyDelete
 12. മനോഹരമായ ചിത്രങ്ങള്‍ ,രസകരമായ വിവരണം ! ആദ്യമായി കണ്ട മനുഷ്യന്‍റെ പേര് കൊള്ളാട്ടോ"ശശി" അയാള് കേള്‍ക്കണ്ട ഇനിയതിലെ പോയാല്‍ പിടിച്ചു കെട്ടിയിടും .

  ReplyDelete
 13. തീർന്നിട്ടില്ല അല്ലെ.. സന്തോഷമായി.. ബാക്കി കൂടെ പോരട്ടെ..

  പെരുമ്പാമ്പിന്റെ തോലുവച്ചുള്ള ആ അലങ്കാരമുണ്ടല്ലോ.. എമണ്ടൻ!!

  ReplyDelete
 14. ആട്ടിടയന്റെ പേരാണ് പേര് :)

  ReplyDelete
 15. കുബൂസ് സ്വപ്നം കണ്ടു കിടന്നവന്റെ മുന്നിലേക്ക്‌ മക്‌-ഡോണാള്‍ഡ് ഹോം ഡെലിവറി ചെയ്യുന്നത്' പോലെ.................. മരുഭൂമിയില്‍നിന്നുo വന്ന എനിക്ക് ശരിക്കും ബോധിച്ചു,ഈ ഗാബോണ്‍ .

  ReplyDelete
 16. സൂപ്പർ ഭായ്
  ആ ഇടയന്റെ പേര് ശശി എന്ന് തന്നെയാണോ..?
  ‘നയാന്‍ഗ‘യെകുറിച്ച് ഇതിൽ മേലെ എങ്ങിനെയാണ് പരിചയപ്പെടുത്തുക അല്ലേ ഭായ്

  ReplyDelete
 17. ഗാബോണ്‍ & നയംഗ, ഒരു സംഭവം തന്നെ; പച്ചപ്പ്‌ കാണുമ്പോള്‍ ദൈവത്തിന് മറ്റൊരു സ്വന്തം നാട് കൂടിയുണ്ടോ എന്നൊരു സംശയം...
  വിവരണം നന്നായി.

  ReplyDelete
 18. നല്ല വിവരണം . ശരിയ്ക്കും അവിടെ പോയത് പോലെ ഒരു അനുഭൂതി . നന്ദി @PRAVAAHINY

  ReplyDelete
 19. എഴുത്തുകള്‍ പഴയത് പോലെ തന്നെ വളരെ നന്നായിട്ടുണ്ട് ..!

  ഹഹഹ അണ്ണോ ബാക്കി കൂടി പോരട്ടെ ... :)

  ReplyDelete
 20. യാത്ര മനോഹരം വരികൾ അതിലേറെ മനോഹരം ..
  വീണ്ടും വരാം
  സസ്നേഹം ,
  ആഷിക് തിരൂർ

  ReplyDelete
 21. വളരെ നല്ല വിവരണം. ചിത്രങ്ങളും നന്നായി. ആസ്വദിച്ചു വായിച്ചു...................

  ReplyDelete
 22. ചിത്രങ്ങള്‍ കാണുന്ന രസത്തോടെ വായിക്കാന്‍ ഒരുക്കിയത് എടുത്തു പറയേണ്ട പ്രത്യേകതയാണ്. മുതലയെ തിന്നുന്ന മനുഷ്യരും തലയോട്ടികള്‍ അലങ്കാരമാക്കിയ മനുഷ്യരും. വിദ്യാഭ്യാസത്തിന്റെ കാര്യം പറഞ്ഞപോള്‍ ഒരു വിഷമം തോന്നി.
  ചിത്രങ്ങളൊക്കെ നന്നായിരുന്നു. അവസാനം പൂക്കള്‍ കാണിച്ച് സന്തോഷിപ്പിച്ഛല്ലോ.

  ReplyDelete
 23. കേരളം പോലെ തന്നെ!!

  ReplyDelete
 24. യാത്രയിൽ കൂടെ ഉണ്ട്

  ReplyDelete
 25. കേരളം പോലെ മനോഹരം

  ReplyDelete
 26. "വെറുതെ ഒന്ന് കാട്ടിലോട്ടു കേറിയാല്‍ വയറു നിറച്ചു തിരിച്ചു പോരാം"

  നിറയുന്നത് നമ്മുടെ വയറോ അല്ലെങ്കിൽ നമ്മളെ കാത്തിരിക്കുന്നവരുടെ വയറോ എന്ന ഒരു വ്യത്യാസം മാത്രമേ ഉള്ളൂ അല്ലെ ;-)

  ReplyDelete