Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts

Wednesday, July 9, 2014

ഓപ്പറേഷന്‍ പുട്ട്കുറ്റി.

ഇന്ത്യന്‍ യുവാക്കളും റഷ്യന്‍ സുന്ദരികളും ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിക്കൊണ്ടിരുന്ന ദുബായിയുടെ എമെര്‍ജിംഗ് ദിനങ്ങളിലാണ് മധുവിന് വിസ കോപ്പി വന്നത്. കേളുവേട്ടന്റെ കടയില്‍ ഡെലിവറിയായ പ്രസ്തുത രേഖ ഒന്നര മണികൂര്‍ കൊണ്ട് മധുവിനുള്ള വിസയാണെന്നു മനസിലാക്കാന്‍ തക്കവണ്ണം ക്രിസ്റ്റ്ല്‍ ക്യിയറായിരുന്നു.

ചുള്ളിക്കമ്പ് പോലെയുള്ള കൈ കാലുകളും, പലക പോലെയുള്ള ശരീരവും പിന്നെ ഭൂലോക മണ്ടത്തരങ്ങള്‍ മാത്രം പ്രോസ്സസ് ചെയ്യുന്ന ആ തലയും എല്ലാം കൂടി മധു നാട്ടുകാര്‍ക്ക്‌ ഒരു ലോക്കല്‍ മഹാത്ഭുതം തന്നെയായിരുന്നു. കാവിലെ ഭഗവതി, അന്തോനീസ് പുണ്യാളന്‍ തുടങ്ങിയ ലോക്കല്‍ ദൈവങ്ങള്‍ കൂടാതെ ഗുരുവായൂരപ്പന്‍, വേളാംകണ്ണി മാതാവ് തുടങ്ങിയ ഫെയിമസ് ദൈവങ്ങള്‍ക്കും കിട്ടിയ നേര്‍ച്ച കാഴ്ച്ച സന്ദേശങ്ങളില്‍ സാവര ജങ്കമ വസ്തുക്കള്‍ കൂടാതെ 'മധുവിന്‍റെ മണ്ടത്തരങ്ങളുടെ ആഫ്റ്റര്‍ ഇഫക്റ്റില്‍ മുഴുവന്‍ മലയാളികളുടെയും വിസ ക്യാന്‍സല്‍ ചെയ്യും, അതുകൊണ്ട് മധുവിന്‍റെ വിസ താമസംവിനാ ക്യാന്‍സല്‍ ചെയ്യണം' എന്ന ഹംബില്‍ റിക്വസ്റ്റ് ആയിരുന്നു കൂടുതല്‍. ഹംബില്‍ റിക്വസ്റ്റുകള്‍ പണ്ടേ ഇഷ്ടമല്ലാത്തതുകൊണ്ടു മാത്രമല്ല, 'ഒരു ദൈവത്തിനും വിധിയെ തടുക്കാന്‍ കഴിയില്ല' എന്ന ബയിസിക്‌ റൂള്‍ നിലനിക്കുന്നതു കൊണ്ടും, ആ റിക്വസ്റ്റുകള്‍ റീസയിക്കില്‍ ബിന്നില്‍ പോലും പോകാതെ നേരെ ഡിലീറ്റ് ചെയ്യപ്പെട്ടു.

ദുബായിക്കാരുടെ ഭാര്യമാരുടെ വിരഹ വേദന തിളച്ചു മറിഞ്ഞു അച്ചാറുകളായി രൂപന്തരപെട്ടു, പരിഷ്ക്കാരികള്‍ ആയ ഭാര്യമാരുടെ വേദനകള്‍ കാസറ്റുകള്‍ക്കുള്ളില്‍ വീര്‍പ്പടക്കി നിന്നു. 'മറുതാ' അടിച്ചു പപ്പടമാക്കി ദേഹമാസകലം ബാന്ടെജ്‌ ഒട്ടിച്ചു കിടന്ന കിലുക്കത്തിലെ ജഗതിയെ പോലെ ടേപ്പുകള്‍ ചുറ്റിവരിഞ്ഞ നിലയില്‍ വിവിധ ജാമിദീയ രൂപങ്ങളില്‍ പാര്സലുകള്‍ ദുബായ്‌ ലക്ഷ്യമാകി മധുവിന്‍റെ വീട്ടില്‍ ക്രാഷ് ലാന്‍ഡ്‌ ചെയ്തു. നാട്ടുകാരുടെ സാധനങ്ങള്‍ക്കൊണ്ട് ലഗേജും, ഹാന്‍ഡ്‌ബാഗും നിറഞ്ഞെകിലും, സര്‍ക്കാര്‍ സവര്‍ണ്ണനു നല്‍കുന്ന സംവരണം പോലും മധുവിന്‍റെ സ്വന്തം സാധനങ്ങള്‍ക്ക് കിട്ടിയില്ല.

കുറെ പേര്‍ ചേര്‍ന്ന് ഒരു ജീപ്പ് എടുത്തുകൊണ്ട് വരുന്നത് കണ്ടു എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഒന്ന് അമ്പരന്നുവെങ്കിലും, സൂക്ഷ്മനിരീഷണത്തില്‍ ജനബാഹുല്യം നിമിത്തം ഉണ്ടായ ഒപ്ടിക്കല്‍ ഇല്ലുഷന്‍ ആണെന്ന് ആ കഷണ്ടിതല തിരിച്ചറിഞ്ഞതു കൊണ്ട് മാത്രമാണ് മധുവിനും കൂട്ടര്‍ക്കും ഗേറ്റ് കടക്കാന്‍ കഴിഞ്ഞത്. തലയിലെ മണ്ടത്തരം പ്രോസ്സസ് ചെയ്യുന്ന ഭാഗം സ്ലീപ് മോഡില്‍ ആയതു കൊണ്ടാണോ എന്നറിയില്ല 'എവിടെ? എന്തിനു? എപ്പോള്‍? എങ്ങിനെ?' തുടങ്ങിയ കൊനഷ്ടു ചോദ്യങ്ങളെ പുല്ലു പോലെ നേരിട്ടുകൊണ്ട് മധു വിജയകരമായി ഇമിഗ്രേഷന്‍ കൌണ്ടര്‍ പിന്നിട്ടു.

ദേഹ പരിശോധന കഴിഞ്ഞു ഹാന്‍ഡ്‌ ബാഗ്‌ തൂക്കി എടുത്തതും, പോലീസുകാരന്‍ മധുവിനെ തൂക്കി എടുത്തതും ഒരുമിച്ചായിരുന്നു. ചരക്കുകളുടെ തെള്ളിക്കയറ്റം കൊണ്ട് വിബ്രഭിച്ചു നിന്നുരുന്ന ബാഗില്‍ നിന്ന് അവസാനം പുറത്തു വന്ന ടേപ്പില്‍ അലങ്കൃതമായ തോക്ക് കണ്ടു പോലീസുകാരുടെ കണ്ണുകളില്‍ പ്രൊമോഷനും, മധുവിന്‍റെ കണ്ണില്‍ ജയിലഴികളും ഏതാണ്ടൊരേ സമയം തന്നെ പ്രത്യക്ഷപ്പെട്ടു. പ്രൊമോഷന്‍ ഫുള്‍ എച്.ഡി യിലും ജയിലഴികള്‍ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റിലും ആണെന്ന ഒരു വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുളൂ.

ചാനലുകള്‍ ബ്രേക്കിംഗ് ന്യൂസ്‌ കവറേജ് തുടങ്ങിയിട്ടില്ലാത്ത കാലമായതിനാല്‍ 'വിമാനതാവളത്തില്‍ തോക്കുമായി തീവ്രവാദി' കയറിയ വിവരം പുറംലോകം അറിഞ്ഞില്ലെങ്കിലും ക്രെഡിറ്റ്‌ മുഴുവന്‍ പോലീസിനു പോകുന്നതില്‍ അസൂയമൂത്ത ഒരു വിമാനത്താവള നിവാസി ബോംബു സ്ക്വാഡ്നു വിവരം ചോര്‍ത്തികൊടുത്തു രാഷ്ടസംരക്ഷകനായി. അതീവ ഗുരുതരാവസ്ഥ ഹാന്‍ഡില്‍ ചെയ്യാന്‍ പട്ടിയുടെ അകമ്പടിയോടുകൂടി ബോംബ്‌ സ്ക്വാഡ് പാഞ്ഞെത്തി, ആദ്യം മെറ്റല്‍ ഡിറ്റക്റ്ററും പിന്നെ പട്ടിയും തോക്ക് പരിശോദിച്ചു. മെറ്റല്‍ ഡിറ്റക്റ്റര്‍ വെറും ശബ്ദത്തോടുകൂടി പിന്മാറിയപ്പോള്‍ പട്ടി ശബ്ദത്തോടുകൂടി തോക്കിനടുത്തു ഇരിപ്പുറപ്പിച്ചു. തോക്കിനെ ടേപ്പില്‍ നിന്നും പുറത്തെടുക്കാന്‍ സ്ക്വാഡിനെ ഏല്‍പ്പിച്ചു പോലീസ് മധുവിനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു.

"വെടിമരുന്നും നീയുമായുള്ള ബന്ധം?"

"അമ്പലത്തില്‍ വെടി മരുന്ന് നിറച്ചു പൊട്ടിക്കുന്നത് ഒഴിച്ചാല്‍ വേറെ ബന്ധം ഒന്നുമില്ല സാറേ"

"നോട്ട് ദി പോയിന്‍റ്. വെടിമരുന്ന് കൈകാര്യം ചെയ്യാന്‍ അറിയാം"

"നീ 'സിമി'യുടെ ആളല്ലേടാ..?"

"അയ്യോ സാറെ ഇപ്പൊ എനിക്ക് സിമിയുമായി ഒരു ബന്ധവും ഇല്ല സാര്‍" (എന്നാലും എന്റെ സിമി, നിനക്കെങ്ങനെ എന്നോടിത് ചെയ്യാന്‍ തോന്നി..)

"സാര്‍, ഇവന്‍ പണ്ട് സിമിയില്‍ ആയിരുന്നു സര്‍.. ഇവന്‍ തീവ്രവാദി തന്നെ, എത്രയും പെട്ടന്ന് കൂടുതല്‍ ഫോഴ്സിനെ വിളിക്കൂ.."

ഇതുകൂടി കേട്ടപോള്‍ എസ്കേപ് ആകാന്‍ തുടങ്ങിയ മധുവിന്‍റെ ബോധം പോലീസ് പട്ടിയുടെ കുരകേട്ട് യൂടെന്‍ അടിച്ചു തിരിച്ചു വന്നു. ഈ പട്ടി എന്നേം കൊണ്ടേ പോകൂ എന്ന ആത്മഗതതോടെ അവന്‍ പട്ടിയെ നോക്കി. ആ സമയം സ്ക്വാഡുകാരന്‍ കയ്യില്‍ കിട്ടിയ ചെറിയ കുറിപ്പ് ഇങ്ങനെ വായിച്ചു.

"മോളെ റോസി, കഴിഞ്ഞ പ്രാവശ്യം നീ മറന്നു പോയ പിടിയുള്ള, സ്റ്റീലിന്‍റെ പുട്ട് കുറ്റി കൊടുത്തുവിടുന്നു. പിന്നെ നിന്‍റെ പ്രിയപ്പെട്ട ഉണക്ക ചെമ്മീന്‍ ചമ്മന്തി പുട്ട് കുറ്റിക്കുള്ളില്‍ ഒളിപ്പിച്ചിട്ടുണ്ട് (മധുവിനെ എനിക്കത്ര വിശ്വാസം പോര, അതോണ്ടാ). പിന്നെ ടിന്റു മോന്‍റെ ചുമയ്ക്കുള്ള മരുന്നും ഇതിന്‍റെ സൈഡില്‍ വെച്ചിട്ടുണ്ട്." എന്ന് മറിയാമ്മ.

കുറച്ചു സമയം ശേഖരന്‍ സാര്‍ ചൂരലുമായി ക്ലാസിലേക്ക് വരുമ്പോഴുള്ള നിശബ്ധത അവിടെ തളംകെട്ടി കിടന്നു. അതിനെ ഭന്‍ജിച്ചത് ഉറക്കെയുള്ള പോലീസ് പട്ടിയുടെ കുരയായിരുന്നു.
"ഈ പട്ടിയെന്തിനാ ഇങ്ങനെ കുരയ്ക്കുന്നത്?" സ്ക്വാഡുകാരന്‍ ഈര്‍ഷ്യയോടെ ചോദിച്ചു.

അതിനു മറുപടി പറഞ്ഞത് മധുവായിരുന്നു
"പോലീസ്‌ പട്ടിയാണെന്നും പറഞ്ഞു കൊണ്ട് നടന്നാല്‍ പോര, അതിനു വല്ലോം തിന്നാന്‍ കൊടുക്കണം. വിശന്നിരിക്കുമ്പോള്‍ ഉണക്ക ചെമ്മീന്‍ ചമ്മന്തിയുടെ മണമടിച്ചാല്‍ ഏതു പട്ടിയും കുരച്ചുപോകും സാറെ"

Saturday, September 22, 2012

എമേര്‍ജിംഗ് മദ്യ കേരള മീറ്റ്



വേദിയിലിരിക്കുന്ന സഹകുടിയന്മാരെ, നാടന്‍ പ്രേമികളെ, വിദേശ പ്രേമികളെ, വാറ്റു പ്രേമികളെ,

കേരളത്തിലെ പ്രമുഖ വ്യവസായമായ മദ്യ നിര്‍മാണ, സംസ്കരണ, വിതരണ, ഉപഭോഗ രംഗത്ത് കൂടുതല്‍ വിദേശ നിക്ഷേപം സമാഹാരിക്കുന്നതിന്, സര്‍കാര്‍ നേത്രത്വത്തില്‍ സംഘടിപ്പിക്കുന്ന എമേര്‍ജിംഗ് മദ്യ കേരള മീറ്റ്‌, മദ്യലോകത്തിനു നാശമാണെന്നു നാടന്‍ പ്രേമികളും, അതല്ല മുതല്‍കൂട്ടാണെന്നു വിദേശ പ്രേമികളും, എന്തെങ്കിലും കിറുങ്ങാനുള്ളത് കിട്ടിയാല്‍ മതി എന്ന് വാറ്റു പ്രേമികളും വ്യക്തമാക്കിയ സ്ഥിതിക്ക്, എക്സൈസ് മന്ത്രി എന്ന നിലയില്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ഞാനാഗ്രഹിക്കുന്നു.

മദ്യമേഖല പുഷ്ടിപെടുത്താനുതകുന്ന തരത്തിലുള്ള നിര്‍ദേശങ്ങള്‍ ഉള്‍കൊള്ളുന്ന വിവിധ പദ്ധതികളാണ് ഈ മീറ്റില്‍ അവതരിപ്പിക്കുക. ഉദാഹരമായി റീട്ടയില്‍ മദ്യ രംഗത്തെ നിക്ഷേപം. എന്നും നമ്മള്‍ കുടിയന്മമാര്‍ ബിവറേജസിനു മുന്‍പില്‍ ക്യു നില്‍ക്കെണ്ടവരാണോ? മദ്യം സ്വയം തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം നമ്മുക്കവിടെ കിട്ടുന്നുണ്ടോ? മനോഹരമായ മദ്യകുപ്പികളെ ബീവറേജസിന്‍റെ കമ്പിവലകള്‍ക്കുള്ളില്‍ തളചിട്ടിരിക്കുന്ന കാഴ്ച്ച ഏതൊരു മദ്യപാനിക്കും കരള്‍വീക്കമുണ്ടാക്കും.  മാത്രമല്ല ഒന്നും രണ്ടും മണികൂര്‍ ക്യു നില്‍ക്കുന്നത് വഴി മദ്യപിക്കാനുള്ള വിലപെട്ട സമയമാണ് നമ്മുക്ക് നഷ്ടമാവുന്നത്. 

ജോണി മാര്‍ട്ട്‌, ഗ്രാന്‍സ്‌വര്‍ത്ത് പോലയുള്ള കമ്പനികള്‍ മുപ്പതിനായിരം കോടിയുടെ നിക്ഷേപമാണ് ഇവിടെ നടത്തുവാന്‍ പോകുന്നത്. എല്ലാ രണ്ടു കിലോമീറ്റര്‍ ചുറ്റളവിളും ഓരോ മദ്യസൂപര്‍മാര്‍ക്കറ്റുക്കള്‍ സ്ഥാപിക്കും. ആയിരകണക്കിന് മദ്യകുപ്പികള്‍ തരം തിരിച്ചു അടുക്കിയിരിക്കുന്ന ആ കാഴ്ച്ച ഓര്‍ക്കുമ്പോള്‍ തന്നെ എന്‍റെ മനസ് കുളിരണിയുകയാണ്. പ്രിയമുള്ളവരേ, വിസ്കി, ബ്രാണ്ടി, റം എന്നുവേണ്ട ലോകത്തുള്ള ഏതു തരത്തിലുള്ള മദ്യവും നിങ്ങള്‍ക്കവിടെ കിട്ടും. മാത്രമല്ല നിങ്ങളെ സഹായിക്കാന്‍ അല്‍പ വസ്ത്രധാരികളായ സെയില്‍സ്‌ ഗേള്‍സ്‌‍, ടച്ചിങ്ങുകള്‍ക്ക് മാത്രമായി പ്രത്യേക സെക്ഷന്‍, ഹര്‍ത്താലിനും, ഓണത്തിനും, ക്രിസ്തുമസ്സിനും, മറ്റാഘോഷദിവസങ്ങളിലും പ്രത്യേക കിഴിവുകളും സമ്മാനങ്ങളും. നമ്മുടെ മദ്യപാനത്തെ ഒരന്താരാഷ്ട നിലവാരത്തിലേക്ക് ഉയര്‍ത്തികൊണ്ടുവരുന്ന ഈ പദ്ധതിയെ എതിര്‍കുന്നവര്‍ യഥാര്‍ത്ഥ മദ്യപാനികളാണോ എന്ന്പോലും ഞാന്‍ സംശയിക്കുകയാണ് സുഹൃത്തുക്കളെ.

നാശോന്മുകമായ നാടന്‍ മദ്യവ്യവസായതിനെ കൈപിടിച്ചുയര്‍ത്താന്‍ ആവിഷ്കരിച്ച മൂന്നാര്‍ കള്ളുകുടം പദ്ധതിയാണ് മറ്റൊരണ്ണം. നല്ല നാടന്‍ കള്ള് ഇന്ന് നാട്ടില്‍ കിട്ടാനുണ്ടോ? മായം ചേര്‍ത്ത കള്ളുകുടിച്ച് എത്ര പ്രിയപ്പെട്ട കുടിയന്മാരാണ് സ്വര്‍ഗത്തിലെ ഷാപ്പുകള്‍ തേടിപ്പോയത്. അടച്ചുപൂട്ടല്‍ ഭീക്ഷണി നേരിടുന്ന മൂന്നാറിലെ തേയില തോട്ടങ്ങള്‍, തെങ്ങുകളും പനകളും നിറഞ്ഞ കള്ളുല്‍പ്പാദന കേന്ദ്രങ്ങളായി മാറ്റാനുള്ള പദ്ധതിയാണിത്.  മാന്‍സോകോ എന്ന അമേരിക്കന്‍ കമ്പനിയുടെ അത്യുല്‍പ്പാദനവും ഉയരക്കുറവുമുള്ള ഹൈബ്രിഡ്‌ തൈകള്‍ ആയിരിക്കും ഈ തോട്ടങ്ങളില്‍ ഉപയോഗിക്കുക. കാറ്റ, കുറള തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ ഇപ്പോള്‍ തന്നെ ഈ രംഗത്ത് മുതല്‍ മുടക്കാന്‍ തയ്യാറായിട്ടുണ്ട്. ഇത് മൂലം കഷ്ടതയനുഭവിക്കുന്ന അനേകായിരം തോട്ടം തൊഴിലാളികള്‍ക്ക് ജോലിയും നല്ല കള്ളും ലഭിക്കും. തോട്ടങ്ങളില്‍ നിന്നും സര്‍ക്കാര്‍ പലപ്പോഴായി പിടിച്ചെടുത്ത ഭൂമിയും, മൊത്തം വനഭൂമിയുടെ എഴുപത്തി അഞ്ചു സതമാനവും ഈ ബ്രഹത് പദ്ധതിക്കായി സര്‍ക്കാര്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പതു വര്‍ഷത്തെ പാട്ടത്തിനു നല്‍കും.        

മറ്റൊരു പദ്ധതിയാണ് മെസ്സ്, കേരളത്തിലെ ചെറുകിട വാറ്റുകാര്‍ക്ക് ആഗോള മദ്യവിപണി തുറന്നു കൊടുക്കാന്‍ ഉദ്യേശിച്ചുള്ള പദ്ധതിയാണിത്. തിരുവനന്തപുരത്ത് അയ്യായിരം ഹെക്ടര്‍ സ്ഥലത്ത് മദ്യോളജി പാര്‍ക്ക്‌ സ്ഥാപിക്കും. ചെറുകിട വാറ്റുകാര്‍ക്ക് ഒരു വര്‍ഷം വാറ്റ്‌ ഇങ്കുബെറ്റര്‍ സൗകര്യം ഇവിടെ ലഭ്യമാക്കും. ഈ കമ്പനികള്‍ നിര്‍മ്മിക്കുന്ന വാറ്റ്‌ മാര്‍ക്കേറ്റു ചെയ്യാന്‍, എക്സൈസ് മന്ത്രിയും കുടുംബവും വിവിധ യുറോപ്പിയന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. അയ്യായിരം കോടി രൂപയാണ് ഇതിനു ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ രണ്ടായിരം കോടി രൂപ സര്‍ക്കാര്‍ വഹിക്കും. യുവ വാറ്റുകാരെ വാര്‍ത്തെടുക്കാന്‍ മെസ്സിനോട് അനുബന്ദിച്ചു മദ്യോളജി ട്രെയിനിംഗ് സെന്റ്റര്‍ എം ഐ ടിയുമായി സഹകരിച്ചു നടപ്പിലാക്കും.

മദ്യത്തിന്‍റെ കയറ്റ്-ഇറക്കുമതികള്‍ സുഗമമാക്കാന്‍ മദ്യാര്‍പ്പാടം കണ്ടൈനര്‍ ടെര്‍മിനല്‍ കൊച്ചിയില്‍ തുറക്കും. ഈ പദ്ധതിയില്‍ മൂലധനം ഇറക്കാമെന്നു ദുബായ് മദ്യലോകം കമ്പനി അറിയിച്ചു കഴിഞ്ഞു. മൂന്നാറിലെ കള്ളുകുടം പദ്ധതിപ്രകാരം ഉത്പാദിപ്പിക്കുന്ന കള്ളും, മെസ്സില്‍ ഉത്പാദിപ്പിക്കുന്ന വാറ്റും ഒരു വാറ്റുമില്ലാതെ ഈ ടെര്‍മിനല്‍ വഴി യുറോപ്പിയന്‍ വിപണികളില്‍ എത്തിക്കും. മാത്രമല്ല എന്‍ ആര്‍ ഐ കളുടെ സഹകരണത്തോടെ കേരള മദ്യകാര്‍ഗോ വിമാന സര്‍വീസ്‌ ആരംഭിക്കാനുള്ള പദ്ധതിയുടെ രൂപ രേഖ തയാറാക്കി വരികയാണ്‌.

അന്‍പതിനായിരത്തോളം പ്രത്യക്ഷ തൊഴില്‍ അവസരങ്ങളും, ഒരു ലക്ഷത്തോളം അനുബന്ധ തൊഴില്‍ അവസരങ്ങളുമാണ് എമര്‍ജിംഗ് മദ്യ കേരള മീറ്റ്‌, മുമ്പോട്ട്‌ വെയ്കുന്നത്. ഇതില്‍ ഇരുപതിനായിരത്തോളം അവസരങ്ങള്‍ മദ്യനിര്‍മാണ പ്രക്രിയയിലാണ്. ബാക്കി മുപ്പതിനായിരം അവസരങ്ങള്‍ മദ്യ സംഭരണ വിപണന മേഖലകളിലും. ഹോട്ടല്‍, പബ്‌, അഭിസാരക കേന്ദങ്ങള്‍ തുടങ്ങിയവയിലാണ് അനുബന്ധ തൊഴില്‍ അവസരങ്ങള്‍ പ്രതീഷിക്കുന്നത്. മദ്യപിച്ചു വണ്ടി ഓടിച്ചു അപകടത്തില്‍ പെടുന്നവരെ ചികല്‍സിക്കുന്ന ആശുപത്രികള്‍, വാറ്റിനടിമപ്പെട്ടവരെ മുഖ്യധാര മദ്യപാനത്തിലേക്ക് കൊണ്ടുവരുന്ന റീ-ഹാബിറ്റെഷന്‍ സെന്‍ററുകള്‍, അഭിസാരിക പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയ അനുബന്ധ വ്യവസായങ്ങളിലും ഒരു വന്‍കുതിച്ചുചാട്ടമാണ് സര്‍ക്കാര്‍ വിഭാവന ചെയ്യുന്നത്. 

മദ്യാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം, ആഗോളതലത്തില്‍, കേരളം മദ്യഉപയോഗത്തില്‍ മുന്‍പന്തിയില്‍ ആണെകിലും, മദ്യ നിര്‍മാണ, സംസ്കരണ, വിതരണ മേഖലകളില്‍ ഇനിയും വളരെയധികം വളര്‍ച്ച കൈവരിക്കണ്ടതായുണ്ട്, അതിനു വിദേശ നിക്ഷേപം അത്യന്താപേക്ഷിതമായ ഘടകമാണ്. ഹര്‍ത്താല്‍, മറ്റാഘോഷദിനങ്ങളിലെ മദ്യ ഉപയോഗം കൊണ്ട് നമ്മുടെ നാട് കൈവരിച്ച ആഗോള പ്രതിച്ഛായ മികച്ച വിദേശ നിക്ഷേപമാകി മാറ്റാനുള്ള സര്‍ക്കാരിന്റെ ശ്രമമായ എമര്‍ജിംഗ് മദ്യ കേരള മീറ്റിനു എല്ലാ ഭാവുകങ്ങളും നേര്‍ന്നുകൊണ്ട് തല്‍കാലം നിറുത്തുന്നു.

ചിയേര്‍സ്, നന്ദി, നമസ്കാരം.

പടത്തിനു കടപ്പാട്: http://www.deviantart.com