Saturday, September 22, 2012

എമേര്‍ജിംഗ് മദ്യ കേരള മീറ്റ്വേദിയിലിരിക്കുന്ന സഹകുടിയന്മാരെ, നാടന്‍ പ്രേമികളെ, വിദേശ പ്രേമികളെ, വാറ്റു പ്രേമികളെ,

കേരളത്തിലെ പ്രമുഖ വ്യവസായമായ മദ്യ നിര്‍മാണ, സംസ്കരണ, വിതരണ, ഉപഭോഗ രംഗത്ത് കൂടുതല്‍ വിദേശ നിക്ഷേപം സമാഹാരിക്കുന്നതിന്, സര്‍കാര്‍ നേത്രത്വത്തില്‍ സംഘടിപ്പിക്കുന്ന എമേര്‍ജിംഗ് മദ്യ കേരള മീറ്റ്‌, മദ്യലോകത്തിനു നാശമാണെന്നു നാടന്‍ പ്രേമികളും, അതല്ല മുതല്‍കൂട്ടാണെന്നു വിദേശ പ്രേമികളും, എന്തെങ്കിലും കിറുങ്ങാനുള്ളത് കിട്ടിയാല്‍ മതി എന്ന് വാറ്റു പ്രേമികളും വ്യക്തമാക്കിയ സ്ഥിതിക്ക്, എക്സൈസ് മന്ത്രി എന്ന നിലയില്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ഞാനാഗ്രഹിക്കുന്നു.

മദ്യമേഖല പുഷ്ടിപെടുത്താനുതകുന്ന തരത്തിലുള്ള നിര്‍ദേശങ്ങള്‍ ഉള്‍കൊള്ളുന്ന വിവിധ പദ്ധതികളാണ് ഈ മീറ്റില്‍ അവതരിപ്പിക്കുക. ഉദാഹരമായി റീട്ടയില്‍ മദ്യ രംഗത്തെ നിക്ഷേപം. എന്നും നമ്മള്‍ കുടിയന്മമാര്‍ ബിവറേജസിനു മുന്‍പില്‍ ക്യു നില്‍ക്കെണ്ടവരാണോ? മദ്യം സ്വയം തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം നമ്മുക്കവിടെ കിട്ടുന്നുണ്ടോ? മനോഹരമായ മദ്യകുപ്പികളെ ബീവറേജസിന്‍റെ കമ്പിവലകള്‍ക്കുള്ളില്‍ തളചിട്ടിരിക്കുന്ന കാഴ്ച്ച ഏതൊരു മദ്യപാനിക്കും കരള്‍വീക്കമുണ്ടാക്കും.  മാത്രമല്ല ഒന്നും രണ്ടും മണികൂര്‍ ക്യു നില്‍ക്കുന്നത് വഴി മദ്യപിക്കാനുള്ള വിലപെട്ട സമയമാണ് നമ്മുക്ക് നഷ്ടമാവുന്നത്. 

ജോണി മാര്‍ട്ട്‌, ഗ്രാന്‍സ്‌വര്‍ത്ത് പോലയുള്ള കമ്പനികള്‍ മുപ്പതിനായിരം കോടിയുടെ നിക്ഷേപമാണ് ഇവിടെ നടത്തുവാന്‍ പോകുന്നത്. എല്ലാ രണ്ടു കിലോമീറ്റര്‍ ചുറ്റളവിളും ഓരോ മദ്യസൂപര്‍മാര്‍ക്കറ്റുക്കള്‍ സ്ഥാപിക്കും. ആയിരകണക്കിന് മദ്യകുപ്പികള്‍ തരം തിരിച്ചു അടുക്കിയിരിക്കുന്ന ആ കാഴ്ച്ച ഓര്‍ക്കുമ്പോള്‍ തന്നെ എന്‍റെ മനസ് കുളിരണിയുകയാണ്. പ്രിയമുള്ളവരേ, വിസ്കി, ബ്രാണ്ടി, റം എന്നുവേണ്ട ലോകത്തുള്ള ഏതു തരത്തിലുള്ള മദ്യവും നിങ്ങള്‍ക്കവിടെ കിട്ടും. മാത്രമല്ല നിങ്ങളെ സഹായിക്കാന്‍ അല്‍പ വസ്ത്രധാരികളായ സെയില്‍സ്‌ ഗേള്‍സ്‌‍, ടച്ചിങ്ങുകള്‍ക്ക് മാത്രമായി പ്രത്യേക സെക്ഷന്‍, ഹര്‍ത്താലിനും, ഓണത്തിനും, ക്രിസ്തുമസ്സിനും, മറ്റാഘോഷദിവസങ്ങളിലും പ്രത്യേക കിഴിവുകളും സമ്മാനങ്ങളും. നമ്മുടെ മദ്യപാനത്തെ ഒരന്താരാഷ്ട നിലവാരത്തിലേക്ക് ഉയര്‍ത്തികൊണ്ടുവരുന്ന ഈ പദ്ധതിയെ എതിര്‍കുന്നവര്‍ യഥാര്‍ത്ഥ മദ്യപാനികളാണോ എന്ന്പോലും ഞാന്‍ സംശയിക്കുകയാണ് സുഹൃത്തുക്കളെ.

നാശോന്മുകമായ നാടന്‍ മദ്യവ്യവസായതിനെ കൈപിടിച്ചുയര്‍ത്താന്‍ ആവിഷ്കരിച്ച മൂന്നാര്‍ കള്ളുകുടം പദ്ധതിയാണ് മറ്റൊരണ്ണം. നല്ല നാടന്‍ കള്ള് ഇന്ന് നാട്ടില്‍ കിട്ടാനുണ്ടോ? മായം ചേര്‍ത്ത കള്ളുകുടിച്ച് എത്ര പ്രിയപ്പെട്ട കുടിയന്മാരാണ് സ്വര്‍ഗത്തിലെ ഷാപ്പുകള്‍ തേടിപ്പോയത്. അടച്ചുപൂട്ടല്‍ ഭീക്ഷണി നേരിടുന്ന മൂന്നാറിലെ തേയില തോട്ടങ്ങള്‍, തെങ്ങുകളും പനകളും നിറഞ്ഞ കള്ളുല്‍പ്പാദന കേന്ദ്രങ്ങളായി മാറ്റാനുള്ള പദ്ധതിയാണിത്.  മാന്‍സോകോ എന്ന അമേരിക്കന്‍ കമ്പനിയുടെ അത്യുല്‍പ്പാദനവും ഉയരക്കുറവുമുള്ള ഹൈബ്രിഡ്‌ തൈകള്‍ ആയിരിക്കും ഈ തോട്ടങ്ങളില്‍ ഉപയോഗിക്കുക. കാറ്റ, കുറള തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ ഇപ്പോള്‍ തന്നെ ഈ രംഗത്ത് മുതല്‍ മുടക്കാന്‍ തയ്യാറായിട്ടുണ്ട്. ഇത് മൂലം കഷ്ടതയനുഭവിക്കുന്ന അനേകായിരം തോട്ടം തൊഴിലാളികള്‍ക്ക് ജോലിയും നല്ല കള്ളും ലഭിക്കും. തോട്ടങ്ങളില്‍ നിന്നും സര്‍ക്കാര്‍ പലപ്പോഴായി പിടിച്ചെടുത്ത ഭൂമിയും, മൊത്തം വനഭൂമിയുടെ എഴുപത്തി അഞ്ചു സതമാനവും ഈ ബ്രഹത് പദ്ധതിക്കായി സര്‍ക്കാര്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പതു വര്‍ഷത്തെ പാട്ടത്തിനു നല്‍കും.        

മറ്റൊരു പദ്ധതിയാണ് മെസ്സ്, കേരളത്തിലെ ചെറുകിട വാറ്റുകാര്‍ക്ക് ആഗോള മദ്യവിപണി തുറന്നു കൊടുക്കാന്‍ ഉദ്യേശിച്ചുള്ള പദ്ധതിയാണിത്. തിരുവനന്തപുരത്ത് അയ്യായിരം ഹെക്ടര്‍ സ്ഥലത്ത് മദ്യോളജി പാര്‍ക്ക്‌ സ്ഥാപിക്കും. ചെറുകിട വാറ്റുകാര്‍ക്ക് ഒരു വര്‍ഷം വാറ്റ്‌ ഇങ്കുബെറ്റര്‍ സൗകര്യം ഇവിടെ ലഭ്യമാക്കും. ഈ കമ്പനികള്‍ നിര്‍മ്മിക്കുന്ന വാറ്റ്‌ മാര്‍ക്കേറ്റു ചെയ്യാന്‍, എക്സൈസ് മന്ത്രിയും കുടുംബവും വിവിധ യുറോപ്പിയന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. അയ്യായിരം കോടി രൂപയാണ് ഇതിനു ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ രണ്ടായിരം കോടി രൂപ സര്‍ക്കാര്‍ വഹിക്കും. യുവ വാറ്റുകാരെ വാര്‍ത്തെടുക്കാന്‍ മെസ്സിനോട് അനുബന്ദിച്ചു മദ്യോളജി ട്രെയിനിംഗ് സെന്റ്റര്‍ എം ഐ ടിയുമായി സഹകരിച്ചു നടപ്പിലാക്കും.

മദ്യത്തിന്‍റെ കയറ്റ്-ഇറക്കുമതികള്‍ സുഗമമാക്കാന്‍ മദ്യാര്‍പ്പാടം കണ്ടൈനര്‍ ടെര്‍മിനല്‍ കൊച്ചിയില്‍ തുറക്കും. ഈ പദ്ധതിയില്‍ മൂലധനം ഇറക്കാമെന്നു ദുബായ് മദ്യലോകം കമ്പനി അറിയിച്ചു കഴിഞ്ഞു. മൂന്നാറിലെ കള്ളുകുടം പദ്ധതിപ്രകാരം ഉത്പാദിപ്പിക്കുന്ന കള്ളും, മെസ്സില്‍ ഉത്പാദിപ്പിക്കുന്ന വാറ്റും ഒരു വാറ്റുമില്ലാതെ ഈ ടെര്‍മിനല്‍ വഴി യുറോപ്പിയന്‍ വിപണികളില്‍ എത്തിക്കും. മാത്രമല്ല എന്‍ ആര്‍ ഐ കളുടെ സഹകരണത്തോടെ കേരള മദ്യകാര്‍ഗോ വിമാന സര്‍വീസ്‌ ആരംഭിക്കാനുള്ള പദ്ധതിയുടെ രൂപ രേഖ തയാറാക്കി വരികയാണ്‌.

അന്‍പതിനായിരത്തോളം പ്രത്യക്ഷ തൊഴില്‍ അവസരങ്ങളും, ഒരു ലക്ഷത്തോളം അനുബന്ധ തൊഴില്‍ അവസരങ്ങളുമാണ് എമര്‍ജിംഗ് മദ്യ കേരള മീറ്റ്‌, മുമ്പോട്ട്‌ വെയ്കുന്നത്. ഇതില്‍ ഇരുപതിനായിരത്തോളം അവസരങ്ങള്‍ മദ്യനിര്‍മാണ പ്രക്രിയയിലാണ്. ബാക്കി മുപ്പതിനായിരം അവസരങ്ങള്‍ മദ്യ സംഭരണ വിപണന മേഖലകളിലും. ഹോട്ടല്‍, പബ്‌, അഭിസാരക കേന്ദങ്ങള്‍ തുടങ്ങിയവയിലാണ് അനുബന്ധ തൊഴില്‍ അവസരങ്ങള്‍ പ്രതീഷിക്കുന്നത്. മദ്യപിച്ചു വണ്ടി ഓടിച്ചു അപകടത്തില്‍ പെടുന്നവരെ ചികല്‍സിക്കുന്ന ആശുപത്രികള്‍, വാറ്റിനടിമപ്പെട്ടവരെ മുഖ്യധാര മദ്യപാനത്തിലേക്ക് കൊണ്ടുവരുന്ന റീ-ഹാബിറ്റെഷന്‍ സെന്‍ററുകള്‍, അഭിസാരിക പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയ അനുബന്ധ വ്യവസായങ്ങളിലും ഒരു വന്‍കുതിച്ചുചാട്ടമാണ് സര്‍ക്കാര്‍ വിഭാവന ചെയ്യുന്നത്. 

മദ്യാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം, ആഗോളതലത്തില്‍, കേരളം മദ്യഉപയോഗത്തില്‍ മുന്‍പന്തിയില്‍ ആണെകിലും, മദ്യ നിര്‍മാണ, സംസ്കരണ, വിതരണ മേഖലകളില്‍ ഇനിയും വളരെയധികം വളര്‍ച്ച കൈവരിക്കണ്ടതായുണ്ട്, അതിനു വിദേശ നിക്ഷേപം അത്യന്താപേക്ഷിതമായ ഘടകമാണ്. ഹര്‍ത്താല്‍, മറ്റാഘോഷദിനങ്ങളിലെ മദ്യ ഉപയോഗം കൊണ്ട് നമ്മുടെ നാട് കൈവരിച്ച ആഗോള പ്രതിച്ഛായ മികച്ച വിദേശ നിക്ഷേപമാകി മാറ്റാനുള്ള സര്‍ക്കാരിന്റെ ശ്രമമായ എമര്‍ജിംഗ് മദ്യ കേരള മീറ്റിനു എല്ലാ ഭാവുകങ്ങളും നേര്‍ന്നുകൊണ്ട് തല്‍കാലം നിറുത്തുന്നു.

ചിയേര്‍സ്, നന്ദി, നമസ്കാരം.

പടത്തിനു കടപ്പാട്: http://www.deviantart.com

Saturday, September 15, 2012

ഒരു ചെറിയ പട്ടണത്തിന്‍റെ വലിയ ചരിത്രം.

"ഇതാണ് ഒഗുവേ നദി, ഇതിനപ്പുറത്താണ് ലംബാരനെ." ഡ്രൈവര്‍ ബോബോ പറഞ്ഞത് കേട്ടാണ് ഞാന്‍ ചെറുമയക്കത്തില്‍നിന്നും ഉണര്‍ന്നത്.ഒഗുവേ നദി

"ഒഗുവേ, ലംബാരനെ നല്ല പേരുകള്‍" 

"ആ കാണുന്നതാണ് ഷ്വൈറ്റ്സർ ഹോസ്പിറ്റല്‍, ഈ പട്ടണത്തിലെ ചരിത്ര പ്രസിദ്ധമായ സ്ഥാപനം, അല്ല ആഫ്രിക്കയിലെ തന്നെ ചരിത്ര പ്രസിദ്ധമായ ആശുപത്രി" നദിയുടെ തീരത്തെ ഒറ്റനില കെട്ടിടസമുച്ചയ്ത്തെ നോകി ബോബോ പറഞ്ഞു.ഷ്വൈറ്റ്സർ ഹോസ്പിറ്റല്‍
ചരിത്ര പ്രസിദ്ധമായ ആശുപത്രിയോ എന്ന ഒരു സംശയം നിങ്ങളെ പോലെ തന്നെ എനിക്കും ഉണ്ടായി. അതിന്‍റെ ചരിത്രം നമ്മുക്കൊന്നു ചികഞ്ഞുനോക്കാം.

കോളനിവാഴ്ച്ചക്കാലത്ത് ഫ്രാന്‍സിന്‍റെ ഒരു കോളനി ആയിരുന്നു ഗാബോണ്‍. ആതുര ശിശ്രൂഷകള്‍ ഒന്നും ലഭ്യമല്ലാതെയിരുന്ന ഈ പ്രദേശത്തേക്ക് രോഗികളെ ശിശ്രൂഷിക്കാന്‍ ഡോക്ടര്‍മ്മാരെ ആവശ്യമുണ്ടെന്നു യൌറോപ്പിലാകെ വിളംബരം ചെയ്യപെട്ടു. ആഫ്രിക്കയില്‍ പോയി രോഗികളെ പരിചരിക്കുക, അതും യൌറോപില്‍ നിന്ന്, ഡോക്ടര്‍മാര്‍ ആരും അതിന് തയ്യാറായില്ല. കറുത്ത വര്‍ഗക്കാരനെ ഒരു വെളിപ്പാടകലെ മാത്രം നിറുത്തിയിരുന്ന അക്കാലത്ത് അവരെ പരിചരിക്കാനുള്ള നിയോഗം സ്വയം ഏറ്റെടുത്ത ആല്‍ബെര്‍ട്ട് ഷ്വൈറ്റ്സര്‍ സ്ഥാപിച്ചതാണ് ചരിത്ര പ്രസിദ്ധമായ ആ ആശുപത്രി.


ആല്‍ബെര്‍ട്ട് ഷ്വൈറ്റ്സര്‍

ആരായിരുന്നു ആല്‍ബെര്‍ട്ട് ഷ്വൈറ്റ്സര്‍, ആ ബഹുമുഖ വ്യക്തിത്വത്തെ അടുത്തറിയാന്‍ നമ്മള്‍ കാലത്തിലൂടെ പിറകോട്ടു സഞ്ചരിക്കണം. 1875 ജനുവരി 14-ന് ഒരു ലുതര്‍ എവാഞ്ചിലിക്കല്‍ പാസ്ടരിന്റെ മകനായി അൽസേസ് എന്ന ജര്‍മന്‍-ഫ്രഞ്ച് അതിര്‍ത്തി ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്‌. സമ്പന്നമായ, സംഗീതത്തിലും, വൈദികലോകത്തും അറിയപെടുന്ന കുടുംബം. ഷ്വൈറ്റ്സറിന്റെ വഴിയും മറ്റൊന്നായിരുന്നില്ല, 1899-ൽ തത്ത്വചിന്തയിൽ ഡോക്ടറേറ്റും 1900-ൽ ദൈവശാസ്ത്രത്തിൽ ഉന്നതബിരുദവും നേടിയ അദ്ദേഹം ആ വര്‍ഷം തന്നെ സ്ട്രാസ്ബർഗിലെ സെന്റ് നിക്കോളാസ് പള്ളിയിൽ പാസ്റ്ററും പള്ളിയുടെ കീഴിലുള്ള സെന്റ് തോമസ് കോളജിൽ പ്രിൻസിപ്പലുമായി നിയമിതനായി. വളരെ ചര്‍ച്ചചെയ്യപ്പെട്ട രണ്ടു ഗ്രന്ഥങ്ങള്‍ അദ്ദേഹം ഇക്കാലത്താണ് പ്രസിദ്ധപ്പെടുത്തിയത്. 'ദി റിലിജിയസ് ഫിലോസഫി ഓഫ് കാന്ത്', 'ജെ എസ് ബാച്ച് ഭാഗം  ഒന്ന്' (ജൊഹാൻ സെബാസ്റ്റിൻ ബാച്ച് എന്ന പ്രമുഖ സംഗീതകഞന്‍റെ ജീവചരിത്രം) എന്നിവയായിരുന്നു ആ പുസ്തകങ്ങള്‍. 1905ല്‍ പ്രസിദ്ധപ്പെടുത്തിയ 'ദി ക്വോസ്റ്റ്‌ ഓഫ് ഹിസ്റ്റോറിക്കല്‍ ജീസസ്‌' എന്ന വിശ്വപ്രസിദ്ധമായ ഗ്രന്ഥമാണ് അദേഹത്തെ യൌറോപിലെ എണ്ണപ്പെട്ട ക്രിസ്തീയ ദൈവ ശാസ്ത്രകഞന്മാരില്‍ ഒരാളാക്കി തീര്‍ത്തത്.
   
പാരിസ്‌ മിഷനറിയുടെ മാസികയില്‍ പ്രസിദ്ധപ്പെടുത്തിയ കുറിപ്പില്‍ നിന്ന് ഗബോനിലെ രോഗികളുടെ അവസ്ഥ മനസിലാക്കിയ അദ്ദേഹം, വിദ്യാഭാസം പുനരാരംഭിക്കാനും ഗബോനിലേക്ക് മിഷനെറിയായി പോകാനും തീരുമാനിച്ചു. 'ഇക്കാലമത്രയും പ്രസംഗിക്കുകയും ലേഖനങ്ങള്‍ എഴുതി പ്രചരിപ്പിക്കുകയും ചെയ്ത കൃസ്തിയ സാഹോദര്യം പ്രാവര്‍ത്തികമാക്കാന്‍ ദൈവം തന്ന ഒരവസരമായി ഞാന്‍ ഇതിനെ കാണുന്നു' എന്നാണ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ച ബന്ധുക്കളോടും സുഹ്രുത്തുക്കളോടും അദ്ദേഹം പറഞ്ഞത്. തന്‍റെ മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കാന്‍ അദ്ദേഹം അദ്ദേഹം സമര്‍പ്പിച്ച പ്രബന്ധം 'എ സൈക്കാട്രിക്ക് സ്റ്റഡി ഓഫ് ജീസസ്‌' സഭയ്ക്കു രസിച്ചില്ല. പുതുമയുള്ള ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഷ്വൈറ്റ്സറിനെ പോലെയുള്ളവര്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കും എന്നവര്‍ കണക്കുകൂട്ടി. പക്ഷെ ഷ്വൈറ്റ്സർ പിന്മാറാന്‍ ഒരുക്കമായിരുന്നില്ല, സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും തന്‍റെ ദൌത്യത്തിനുള്ള പണം സ്വരൂപിച്ചു, മെഡിക്കല്‍ ഡിഗ്രി ലഭിച്ച 1913ല്‍ തന്നെ അദ്ദേഹം പ്രിയപത്നി ഹെലൻ ബ്രെസ്ലാവുമൊത് ഗബോനിലെത്തി. (ഷ്വൈറ്റ്സറിന്‍റെ ഉദ്യമത്തിനു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച അവര്‍, ഇതിനകം തന്നെ നഴ്സിംഗ് പരിശീലനം പൂര്‍ത്തിയാക്കി കഴിഞ്ഞിരുന്നു.)

ഒരു ചെറിയ ക്ലിനിക്‌ ലംബാരനെയില്‍ സ്ഥാപിച്ചുകൊണ്ടായിരുന്നു ഷ്വൈറ്റ്സര്‍ ആശുപത്രിയുടെ തുടക്കം. ഒരു കോഴി വളര്‍ത്തല്‍ കേന്ദ്രം വാങ്ങി ആശുപത്രിയായി മാറ്റി. കൃഷിയിലും, വളര്‍ത്തു മൃഗങ്ങളിലും ഊന്നിയുള്ള ജീവിത രീതിയായിരുന്നു ഗബോനില്‍ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ദൂരെയുള്ള ആശുപത്രിയില്‍ പോയി ചികല്‍സിക്കാന്‍ ആളുകള്‍ തയാറായില്ല. അടുത്ത ബന്ധുകളെയും, വളര്‍ത്തു മൃഗങ്ങളെയും ആശുപത്രിയിലും പരിസരത്തും കഴിയാന്‍ അനുവദിച്ച അദ്ദേഹം പരിസ്ഥിതി സന്തുലിതമായ ഒരു ആതുരാലയം കെട്ടിപടുത്തു. ഒരു പക്ഷെ മൃഗങ്ങളും മനുഷ്യരും ഒരുമയോടെ കഴിഞ്ഞ ലോകത്തിലെ ഒരേ ഒരു ആശുപത്രി ആയിരിക്കുമത്. മനുഷ്യന്റെ സന്മാര്‍ഗ ബോധത്തിന് അടിസ്ഥാനമാകേണ്ടത് മാനവികത അല്ല വിശ്വപ്രേമം ആയിരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്‍റെ മതം.


ആദ്യത്തെ ഷ്വൈറ്റ്സര്‍ ഹോസ്പിറ്റല്‍
1914ലില്‍ ഒന്നാം ലോക മഹായുദ്ധം പൊട്ടിപുറപ്പെട്ടു. ജര്‍മന്‍ കാരനായിരുന്ന ഷ്വൈറ്റ്സറിനെ ഫ്രഞ്ച് പട്ടാളം തടവിലാക്കി യൌറോപിലേക്ക് കൊണ്ട്പോയി. ആശുപത്രി പൂട്ടി എന്ന് പ്രത്യേകം പറയണ്ടതില്ലല്ലോ. പ്രശസ്ത ചിത്രകാരന്‍ വാന്‍ഗോഗിനെ പാര്‍പ്പിച്ച അതെ തടവറയിലാണ് അദ്ദേഹത്തെയും തടവിലാക്കിയത്. യുദ്ധാനന്തരം 1924ലില്‍ അദ്ദേഹം ലംബാരനെയില്‍ തിരിച്ചെത്തി, നദിയുടെ തീരത്തേക്ക് മാറ്റി ആശുപത്രി പുതുക്കിപണിഞ്ഞു.  അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രശസ്തരായ പല ഡോക്ടര്‍മാരും ഷ്വൈറ്റ്സര് ആശുപത്രിയില്‍ സേവനമാനുഷ്ടിക്കാനെത്തി. അങ്ങനെ ഷ്വൈറ്റ്സര് ആശുപത്രിയിയോടൊപ്പം ലംബാരനെ എന്ന ചെറു പട്ടണവും ചരിത്രത്തിന്റെ ഭാഗമായി മാറി.


1924ലില്‍ പുതുക്കിപ്പണിത ആശുപത്രി
പരിശോദന മുറി
ഉപകരണങ്ങള്‍
ബ്ലഡ്‌ ട്രാന്‍സ്‌ഫുഷന്‍ യന്ത്രം
ശസ്ത്രക്രിയ ഉപകരണങ്ങള്‍
ശസ്ത്രക്രിയ മുറി
പ്രസവ മുറി
നവജാത ശിശുക്കളുടെ മുറി
(ഷ്വൈറ്റ്സറിന്‍റെ മരണത്തിന് ശേഷം ഈ ആശുപത്രി ഒരു മ്യുസിയം ആക്കി മാറ്റി)

വെറുമൊരു ഡോക്ടര്‍ ആയോ, ദൈവ ശാസ്ത്രകഞന്‍ മാത്രമായോ അദ്ദേഹത്തെ കാണുന്നത്, ഷ്വൈറ്റ്സറിനോട് ചെയ്യുന്ന അനീതി ആയിരിക്കും. മനുഷ്യന്റെ സന്മാര്‍ഗജീവിതത്തിനു അടിസ്ഥാനം വെറും മനുഷ്യസ്നേഹമല്ല, പ്രകൃതിയോടും മറ്റു ജീവജാലങ്ങളോടും കൂടിയുള്ള സ്നേഹമാണെന്ന് അദ്ദേഹം വാദിച്ചു. അദ്ദേഹത്തിന്റെ ഈവിഷയത്തിലുള്ള പ്രസംഗങ്ങളാണ്, പരിസ്ഥിതി സംരക്ഷണപ്രസ്ഥാനം തുടങ്ങാന്‍ റേച്ചൽ കാർസനു പ്രജോദനമായത്. (അവരുടെ 'സൈലന്‍റ് സ്പ്രിംഗ്' എന്ന പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത് ഷ്വൈറ്റ്സര്‍ക്കാണ്‌). ചെറുപ്പം മുതല്‍ സംഗീതം അഭ്യചിരുന്ന അദ്ദേഹം നല്ല ഒന്നാതരം ഒരു ഓര്‍ഗണിസ്റ്റും, ഓര്‍ഗണ്‍ നിര്‍മാതാവും ആയിരുന്നു.ഓര്‍ഗണ്‍ റെകോര്‍ഡിങ്ങില്‍ ഒരു പുതിയ രീതി തന്നെ അദ്ദേഹം പരിചയപ്പെടുത്തി, ഷ്വൈറ്റ്സര്‍ ടെക്കനിക്ക് എന്നാണ് ഈ രീതി പിന്നീട് അറിയപെട്ടത്‌. ഒരു നല്ല ചിത്രകാരനും, ഗ്രന്ഥകാരനും ആയിരുന്നു അദ്ദേഹം.

രണ്ടാം ലോകമഹായുദ്ധനന്തരം ആൽബർട്ട് ഐൻസ്റ്റീൻ, ബെർട്രാൻഡ് റസ്സൽ എന്നിവര്‍ക്കൊപ്പം അണ്വായുധവ്യാപനം തടയാനുള്ള പരിശ്രമങ്ങളില്‍ മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു ഷ്വൈറ്റ്സറിര്‍. 1952ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കി ലോകം ആ പ്രതിഭയെ ആദരിച്ചു. (മറ്റനേകം അവാര്‍ഡുകളും പുരസ്കാരങ്ങളും അദ്ദേഹത്തെ തേടി വന്നിട്ടുണ്ട്) 1965 സെപ്റ്റംബര്‍ 4ന് ലംബാരനെയില്‍ വെച്ച് അദ്ദേഹം അന്തരിച്ചു.


ഷ്വൈറ്റ്സര്‍ ഇവിടെ അന്ത്യവിശ്രമംകൊള്ളുന്നു

1924 മുതല്‍ 1965 വരെയുള്ള കാലഘട്ടം ലംബാരനെയുടെ സുവര്‍ണ കാലമായിരുന്നു. പ്രഗല്‍ഭരായ ഡോക്ടര്‍മാര്‍ രോഗങ്ങള്‍ക്കെതിരെ പോരുതിയപ്പോള്‍, പ്രശസ്ത സംഗീതകഞര്‍ ലംബാരനെയുടെ സയാഹ്നങ്ങളെ സമ്പന്നമാക്കി. അകലെ നിന്നും വരുന്ന രോഗികളും അവരുടെ ബന്ധുജനങ്ങലും ലംബാരനെയുടെ സാമ്പത്തിക അടിത്തറ ശക്തമാക്കാന്‍ പ്രധാന പങ്കു വഹിച്ചു.
ഇന്ന് ലംബാരനെയിലെ ഷ്വൈറ്റ്സര്‍ ഹോസ്പിറ്റല്‍ ആഫ്രിക്കയിലെ പേരുകേട്ട മെഡിക്കല്‍ റിസര്‍ച്ച് സെന്‍റ്റാണ്. ആഫ്രിക്കയില്‍ നിന്നുംമാത്രമല്ല യൌറോപില്‍ നിന്നുമുള്ള പ്രഗല്‍ഭരും പ്രശസ്തരുമായ ധാരാളം ഡോക്ടര്‍മാര്‍ ഇവിടെ സേവനമനുഷ്ടിക്കുന്നു. (www.schweitzerlambarene.org) അന്നും ഇന്നും അഫ്രികയിലെ കൊലയാളികളില്‍ പ്രമുഖനായ മലേറിയ ഇല്ലാതെയാക്കുന്നതിനുള്ള റിസര്‍ച്ച് ആണ് ഇവിടെ കൂടുതലും നടക്കുന്നത്.

ലംബാരനെകുറിച്ച് എഴുതാനിരുന്നു ഇതിപ്പോള്‍ ഷ്വൈറ്റ്സറിന്റെ ജീവചരിത്രം ആയല്ലോ. ഷ്വൈറ്റ്സര്‍ ഇല്ലാതെ എന്ത് ലംബാരനെ അല്ലെ? ഷ്വൈറ്റ്സറിന്റെ ചരിത്രം ആണല്ലോ ലംബാരനെയുടെ ചരിത്രം. ലംബാരനെയ്ക്കും ഗബോണിനും ഇത്രയും സംഭാവനകള്‍ നല്‍കിയ ഷ്വൈറ്റ്സറിന്റെ ഒരു സ്മാരകം പോയിട്ട് ഒരു പ്രതിമപോലും ഇവിടെ കണ്ടില്ല. രാജ്യത്തിന്‍റെ എണ്പതു ശതമാനം വരുന്ന കാടുകള്‍ വെട്ടി കടല്‍കടത്താന്‍ കൂട്ടുനില്‍ക്കുന്ന രാഷ്രീയക്കാരില്‍നിന്നും നമ്മള്‍ കൂടുതലൊന്നും പ്രതീക്ഷിക്കരുതല്ലോ. 


ഇന്നത്തെ ലംബാരനെ

നാസി ജെര്‍മനിയില്‍ നിന്ന് സമാധാനവും, മാനവികതയും, പരിസ്ഥിതി സംരക്ഷണവും, സര്‍വോപരി അധകൃതരായ രോഗികളെ പരിചരിക്കാനുള്ള സന്മനസുമുള്ള ഷ്വൈറ്റ്സര്‍, ഒരത്ഭുതം തന്നെയല്ലെങ്കില്‍ മറ്റെന്താണ്? ഹിറ്റ്‌ലറുടെ കരാളഹസ്തങ്ങളില്‍ ജെര്‍മനിയില്‍ മനുഷ്യജീവിതങ്ങള്‍ പിടഞ്ഞുവീഴുമ്പോള്‍, ലോകത്തിന്‍റെ മറ്റൊരു കോണില്‍ മറ്റൊരു ജര്‍മന്‍കാരന്‍ ജീവിതങ്ങള്‍ രക്ഷിക്കുവാന്‍ പരിശ്രമിക്കുന്നു. മനുഷ്യന്‍ ഒരു വിചിത്രമായ ജീവിയാണ്, ഒരേ രാജ്യത്തിന്റെ ഭാഗം ആവുമ്പോഴും എത്ര വ്യത്യസ്ഥമായാണ് അവന്‍ ചിന്തിക്കുന്നത്.
 
വെറും അന്‍പതിനായിരത്തോളം ആളുകള്‍ വസിക്കുന്ന, ലംബാരനെ എന്ന ഈ ചെറു പട്ടണത്തിനു ഇത്രയും ചരിത്ര പ്രാധാന്യം ഉണ്ടായിരുന്നുവെന്ന് ഇവിടെ വന്നെത്തുന്നതിനുമുന്‍പ്‌ അറിയില്ലായിരുന്നു. മനുഷ്യ സ്നേഹത്തിന്‍റെ, സാഹോദര്യത്തിന്റെ, പരിസ്ഥിതി സംരക്ഷണത്തിന്‍റെ ആദ്യകാല ഈറ്റില്ലമായ ഇവിടം, ആല്‍ബെര്‍ട്ട് ഷ്വൈറ്റ്സര്‍ എന്ന മഹാനോടൊപ്പം എന്നും ഓര്‍മയില്‍ തങ്ങി നില്‍ക്കും, തീര്‍ച്ച.

വിഷയ സമാഹരണ സൂചികകള്‍.
http://en.wikipedia.org/wiki/Albert_Schweitzer
ആല്‍ബെര്‍ട്ട് ഷ്വൈറ്റ്സര്‍ ഹോസ്പിറ്റല്‍ ആന്‍ഡ്‌ മ്യുസിയം, ലംബാരനെ

ആല്‍ബെര്‍ട്ട് ഷ്വൈറ്റ്സര്‍ എഴുതിയ ചില പുസ്തകങ്ങള്‍.
ഔട്ട്‌ ഓഫ് മൈ ലൈഫ് ആന്‍ഡ്‌ തോട്സ്
ആഫ്രിക്കന്‍ നോട്ട് ബുക്ക്‌
ദി ഫിലോസഫി ഓഫ് സിവിലൈസേഷന്‍
മെമോറിസ് ഓഫ് ചൈല്‍ഡ്‌ ആന്‍ഡ്‌ യൂത്ത്‌
ലെറ്റേര്‍സ് 1905-1965
ദി ആഫ്രിക്കന്‍ സെര്‍മോന്‍സ്‌
എ സൈക്കാട്രിക്ക് സ്റ്റഡി ഓഫ് ജീസസ് എക്സ്പോസിഷന്‍ ആന്‍ഡ്‌ കൃട്ടിസിസം
ഓണ്‍ ദി എഡ്ജ് ഓഫ് ദി പ്രിമവല്‍ ഫോറെസ്റ്റ്‌
ആല്‍ബെര്‍ട്ട് ഷ്വൈറ്റ്സര്‍ - ഹെലൻ ബ്രെസ്ലാവ് ലെറ്റേര്‍സ് 1902-1912
ഇന്ത്യന്‍ തോട്സ് ആന്‍ഡ്‌ ഇറ്റ്‌സ് ഡെവലപ്പ്മെന്റ്
ദി ഡീക്കെ ആന്‍ഡ്‌ റസ്റ്റോറേഷന്‍ ഓഫ് സിവിലൈസേഷന്‍
ദി മിസ്റ്റിസം ഓഫ് പോള്‍ ദി അപ്പോസ്തലന്‍
പീസ്‌ ഓര്‍ ആറ്റോമിക് വാര്‍?
പോള്‍ ആന്‍ഡ്‌ ഹിസ്‌ ഇന്റര്‍പ്രിറ്റെര്ഴ്സ്
Straßburger Predigten (ഇത് മലയാളീകരിക്കാന്‍ പറ്റിയ പ്രോഫെസ്സര്‍മ്മാര്‍ ഉണ്ടെങ്കില്‍ പറയണേ)
വിര്‍ ഇപ്പിഗോന്‍
ദി ലൈറ്റ് വിത്ത്‌ ഇന്‍ അസ്‌
Das Christentum und die Weltreligionen

 ലംബാരനെ, കൂടുതല്‍ ചിത്രങ്ങള്‍
https://plus.google.com/u/0/photos/111148735232277063484/albums/5789440434376318401