Friday, June 9, 2017

ഗാബോണ്‍ യാത്രകള്‍ - കേപ് സാന്താ ക്ലാര

ഗബോണ്‍ യാത്രകള്‍ ഒന്നാം ഭാഗംരണ്ടാം ഭാഗം, മൂന്നാം ഭാഗം

അതേ, നമുക്ക് ഗബോണിക്കൂടിയുള്ള യാത്ര തുടരണ്ടേ? കഴിഞ്ഞതവണ നമ്മള്‍ പോയിന്റ്‌ ദി ദിനിയില്‍ പോയില്ലേ. ഇക്കുറി വേറൊരു ബീച്ചില്‍ പോയാലോ?

ലിബ്രവില്ലേ നഗരം തന്നെ അറ്റ്‌ലാന്റിക്ക്  സമുദ്രതീരത്താണ്.  തിരകള്‍ തലോടുന്ന മണല്‍പരപ്പുകള്‍ നീണ്ടു നിവര്‍ന്നു കിടപ്പുണ്ടിവിടെ. അവധിദിനങ്ങളില്‍ ഈ മണല്‍പരപ്പ് മുഴുവനും ജനനിബിഡമായിരിക്കും. അങ്ങിനെയുള്ള ബീച്ചുകള്‍ നമ്മുടെ നാട്ടില്‍ തന്നെ ധാരാളം ഉള്ളതല്ലേ. നമ്മുക്ക് കുറച്ചു വ്യത്യസ്തമായ ഒരു ബീച്ചില്‍ പോകാം. അങ്ങിനെ വലിയ തിരക്കൊന്നും ഇല്ലാത്ത, ജനവാസകേന്ദ്രങ്ങളില്‍ നിന്നും കുറച്ചകലെ, കാടിന്‍റെ സ്പര്‍ശനമേറ്റുകിടക്കുന്ന ഒരു മനോഹര തീരത്തേക്കാവാം നമ്മുടെ യാത്ര. ആ ബീച്ചിന്‍റെ പേരാണ് 'കേപ് സാന്താ ക്ലാര'.

എല്ലാവരും സീറ്റ് ബെല്‍റ്റ്‌ മുറുക്കി നല്ലവണ്ണം പിടിച്ചിരുന്നോ, റോഡ്‌ എന്നൊക്കെ പേരിനു പറയാം എന്നെയുളൂ. ഓഫ്‌ റോഡ്‌ ആണെന്നാണ് നമ്മുടെ കൂടെ വരുന്ന സായിപ്പന്മാര്‍ പറഞ്ഞത്. ഫോര്‍ വീല്‍ ഡ്രൈവ് വണ്ടി മാത്രമേ അങ്ങോട്ട്‌ പോകുകയുളൂവത്രേ. എന്ന് മാത്രമല്ല വണ്ടി ഇറങ്ങി കുറെ നടക്കാനും ഉണ്ടത്രേ. എന്തായാലും നമുക്ക് പോയി നോക്കാം. നമ്മുടെ കൂടെ നിക്കോള ബോക്മന്‍,  മാത്യു സായിപ്പു അവന്‍റെ പൊണ്ടാട്ടി മെലോഡി എന്നിവരും കൂടെ വരുന്നുണ്ട്. അങ്ങിനെയല്ല നമ്മള്‍ ഇവരുടെ കൂടെയാണ് പോകുന്നത്. കാരണം വണ്ടി ഇവരുടെയാണല്ലോ. വെള്ളക്കാര്‍ ഒരു പെട്ടി നിറച്ചു സാധനങ്ങളുമായാണ് വന്നിരിക്കുന്നത്. പാചകം ചെയ്തു ഭക്ഷിക്കാനുള്ള സാധനങ്ങള്‍ ആണത്രേ ഇവയെല്ലാം. ഇന്ന് നമ്മള്‍ പ്രാകൃത മനുഷ്യരെപോലെ മീനും ഇറച്ചിയുമൊക്കെ ചുട്ടുതിന്നാണ് പോകുന്നതത്രേ. എന്തായിത്തീരുമോയെന്തോ. ആ ചെറിയ മുനമ്പില്ലേ അതാണ് നമ്മുക്ക് പോകേണ്ടുന്ന സ്ഥലം.

ലിബ്രവില്ലേ നഗരത്തില്‍ നിന്നും ഏകദേശം ഇരുപതു കിലോമീറ്റര്‍ വരും കേപ് സാന്താ ക്ലാരയിലേക്ക്. വിമാനത്താവളത്തില്‍ നിന്നും വലത്തേക്കുള്ള വഴി തിരിഞ്ഞു ഏകദേശം ഒരു പത്തു കിലോമീറ്റര്‍ ചെല്ലുമ്പോള്‍ ടാറിട്ട റോഡു തീരും. പിന്നെയങ്ങോട്ട് റോഡ്‌ ഏതാണ് കുഴി ഏതാണെന്ന് തിരിച്ചറിയാന്‍ പറ്റില്ല. അത്ര നല്ല വഴി. ആ വഴി ചെന്നവസാനിക്കുന്നത് ഒരു മൈതാനത്താണ്. ഇവിടെവരെയേ വണ്ടി പോകൂ. സാരമില്ല നമുക്ക് ഇറങ്ങി നടക്കാം. 


കടല്‍തീരത്തെ ചെറിയ ചെറിയ ബാറുകള്‍

നടന്നു നടന്നു നമ്മള്‍ ബീച്ചില്‍ എത്തി. രണ്ടു മൂന്ന് ചെറിയ കടകളൊക്കെ ഉണ്ട്. എല്ലാം ചെറിയ ബാറുകളാണ്. ഗബോണില്‍ പെട്ടികടകളില്‍ പോലും മദ്യം സുലഭമായി ലഭിക്കും. നമ്മള്‍ മലയാളികളെപോലെ ഗബോണികളും മദ്യപാനത്തിന്‍റെ കാര്യത്തില്‍ മോശമല്ലാത്ത റെക്കോര്‍ഡ്‌ ഉള്ളവരാണ്. എന്നാലും മദ്യപിച്ചു ഓടയില്‍ വീണുകിടക്കുന്നവരെ ഞാന്‍ ഇവിടെ കണ്ടിട്ടില്ല. മിക്കവരും റെസ്പോണ്‍സിബിള്‍ കുടിയന്മാരാണ്. പിന്നെ ഇവിടെ കിട്ടുന്ന മദ്യവും നല്ല നിലവാരം പുലര്‍ത്തുന്നവയാണ്. നമ്മളെപോലെ ബാറ്ററിയിട്ട് വാറ്റികുടിക്കേണ്ട ആവശ്യം ഇവര്‍ക്കില്ലലോ. "എവിടെ തിരിഞ്ഞൊന്നു നോക്കിയാലും, അവിടെല്ലാം ബാറുകള്‍ ഓപ്പണാണ്." 
("ഹലോ, നമ്മള്‍ ബീച്ച് കാണാന്‍ വന്നവരാണ്, ഇങ്ങോട്ട്, ഇങ്ങോട്ട് വരൂ." കണ്ണുതെറ്റിയാ ഓടി ബാറില്‍ കേറികളയും, നിങ്ങളെകൊണ്ട് ഞാന്‍ തോറ്റു.)
 
ദൂരെ ഒരു വീടുപോലെ എന്തോ കാണുന്നില്ലേ, അതും കഴിഞ്ഞു വേണം നമുക്ക് സാന്താ ക്ലാര മുനമ്പിലെത്താന്‍

സാന്താ ക്ലാര മുനമ്പ്‌ എത്താന്‍ ഇവിടെ നിന്നും ബീചിലൂടെ നടന്നു പോകണം.ഏകദേശം ഒന്നര കിലോമീറ്റര്‍ കാണുമായിരിക്കും. എല്ലാവരും റെഡിയാണല്ലോ അല്ലെ. പണ്ടെങ്ങോ വന്നടിഞ്ഞ ഒരു കപ്പലിന്‍റെ അവശിഷ്ടം.

കേപ് സാന്താ ക്ലാര ഒരു അഴിമുഖമാണ്,  ഗാബോണ്‍ കടലിടുക്ക് സമുദ്രവുമായി സംഗമിക്കുന്ന സ്ഥലം. ഇവിടെ നിന്നാണ് കപ്പലുകള്‍ ഓവണ്ടോ തുറമുഖത്തേക്ക് പോകുന്നത്. ഇവിടുത്തെ കടല്‍ ഭാഗത്തിനെ പറയുന്ന പേരാണ് കോറിസ്കോ ബേ. ഇക്കടോറിയല്‍ ഗിനിയയുടെ അധീനതയിലുള്ള കോറിസ്കോ എന്ന ചെറു ദീപിനെ ചുറ്റിയുള്ള സമുദ്രഭാഗമായതിനാലാണ് ഈ ഭാഗത്തിന് അങ്ങിനെ ഒരു പേര് വന്നത്.


ഇനിയുമൊരുപാട് ദൂരം നടക്കാനുണ്ട്

ഇത്ര നല്ല സ്ഥലമായിട്ടും ഇവിടെയെങ്ങും ആരെയും കാണുന്നില്ലലോ എന്ന് നിങ്ങള്‍ക്കും തോന്നിയില്ലേ. ഇങ്ങോട്ടു വന്ന വഴി വരണമെങ്കില്‍ നല്ല പവര്‍ഫുള്‍ വണ്ടി തന്നെ വേണം.  നമ്മുടെ നാട്ടിലെ പോലെ മഹീദ്ര ജീപ്പോന്നും ഇവിടെയില്ല. എല്ലാം ടോയോട്ടോ പ്രാഡോ പോലെയുള്ള വണ്ടികളാണ്. അതൊക്കെ ഉള്ളവര്‍ മാത്രമേ ഇങ്ങോട്ടു വരാറുള്ളൂ. (ഒരു മഹീന്ദ്ര ജീപ്പ് കൊണ്ടുവന്നു ഇവിടെ ആള്‍ക്കാരെ ട്രിപ്പ്‌അടിച്ചാലോ എന്നൊരാലോചന എനിക്കിലാതെയില്ല.)


ഇദ്ദേഹമാണ് നിക്കോളാസ് ബോക്മാന്‍, പുള്ളിയുടെ നിക്കോണ്‍ ഡിഎസ്എല്‍ആര്‍ ക്യാമറയിലാണ് ഈ പടങ്ങളൊക്കെ എടുത്തത്‌

അവിടെയൊരു ചെറിയ 'കുടില്‍' കണ്ടില്ലേ? അത് ഒരു സായിപ്പിന്‍റെ വീടിന്‍റെ ഭാഗമാണ്. സായിപ്പ് അവധിക്കാലം ചിലവഴിക്കാന്‍ നിര്‍മിച്ച ഭവനമാണത്രേ. വീട്ടിലെക്കുള്ളതാണ് ആ പാലം. സന്ധ്യകളില്‍ സായിപ്പും മദാമ്മയും നുരയുന്ന രണ്ടു ഗ്ലാസ്സ്കളും കയ്യിലേന്തി അസ്തമയം കാണാന്‍ ഇവിടെ വന്നിരിക്കുമായിരിക്കും.  എന്തായാലും നമ്മുക്ക് ഇവിടെ നിന്ന് കാണാനേ പറ്റൂ. അതിനുള്ളിലേക്ക്‌ നമുക്ക് പ്രവേശനമില്ല. 


സൂക്ഷിച്ചു നടക്കണം തെന്നി വീഴരുത്

ദാ, ഈ വളവു തിരിഞ്ഞാല്‍ നമ്മള്‍ സാന്താ ക്ലാര മുനമ്പിന്‍റെ അടുത്തെത്തി. മഴക്കാടുകള്‍ തിങ്ങിനിറഞ്ഞ രാജ്യമാണ് ഗാബോണ്‍. ഇവിടവും വ്യത്യസ്തമല്ല. കടലിലേക്ക്‌ ഇറങ്ങി നല്‍ക്കുന്ന പാറകള്‍ നിറഞ്ഞ ഒരു കുന്ന്. അതാണ് കേപ് സാന്താ ക്ലാര.

സാന്താ ക്ലാര മുനമ്പ്‌, അതിന്‍റെ അറ്റത്തേക്ക് നമുക്ക് പോകാന്‍ കഴിയില്ല. നിറയെ പാറകളാണ്. തീരം വളരെ കുറവാണവിടെ

എന്നാലും നമുക്ക് കുറച്ചുകൂടെ അടുത്തോട്ടു പോയി നോക്കാം. ഇവിടെ വരെ വന്നിട്ട് അടുത്ത് പോകാതെ തിരിച്ചു പോകുന്നത് മോശമല്ലേ.

ദേ ഈ കാണുന്നതാണ് സാന്താ ക്ലാര മുനമ്പ്‌

നടന്നു നടന്നു തളര്‍ന്നില്ലേ, നിങ്ങള്ക്ക് നല്ലവണം വിശക്കുന്നുമുണ്ടെന്നു എനിക്കറിയാം. ഇപ്പൊ ശെരിയാക്കി തരാം. മാത്യുവും മെലോഡിയും കൂടി ബാര്‍ബിക്യു ഉണ്ടാക്കാനുള്ള പരുപടിയാണ്. ഞാനും നിക്കൊളയും കൂടി കുറച്ചു വിറകൊടിച്ചു കൊണ്ടുവരാം.ആ കാണുന്ന ഐസ് ബോക്സില്‍ ബിയറുണ്ട്, അതോരണ്ണം കുടിച്ചു നിങ്ങള്‍ ഇവിടെ വിശ്രമികൂ. അപ്പോഴേക്കും ഞങ്ങള്‍ കഴിക്കാന്‍ റെഡിയാക്കിതരാം.

ബാര്ബിക്യു ഉണ്ടാക്കുന്ന മാത്യു, നോക്കി നില്‍ക്കുന്ന ഞാനും മെലോഡിയും.

ങേ, ഇത്ര പെട്ടന്ന് ബിയര്‍ അടിച്ചു കഴിഞ്ഞോ, ആ വെള്ളത്തിലോക്കെ ഒന്നിറങ്ങിയിട്ടു വാ. ഇത് റെഡിയാവാന്‍ ഇത്തിരി സമയമെടുക്കും.

ഇതിലും തെളിഞ്ഞ വെള്ളം എവിടെ കിട്ടും

ചുട്ട സോസേജ് ബ്രെഡിന്റെ ഇടയില്‍വെച്ചു, അതില്‍ കുറച്ചു തക്കാളിയും, ക്യപ്സിക്കവും പിന്നെ കുറച്ചു കടുക് അരച്ചതും കൂടി ചേര്‍ത്തു നല്ല 'ഹോട്ട് ഡോഗാക്കി' ഇവിടെ വെച്ചിട്ടുണ്ട്. മീന്‍ ചുട്ടതും കൂടെ കഴിക്കാന്‍ ബ്രെഡുമുണ്ട്. എല്ലാവരും പെട്ടന്ന് കഴിച്ചേ.

നിങ്ങക്ക് തിരിച്ചുപോകാന്‍ തിടുക്കമോന്നും ഇല്ലല്ലോ, നമുക്ക് മുനമ്പിന്റെ അപ്പുറം കൂടി കാണാന്‍ പോയാലോ. ബീചിലൂടെ പോകാന്‍ പറ്റില്ല, കുന്നുകയറി അപ്പുറത്തിറങ്ങണം. സൂക്ഷിക്കണേ ഇഴജന്തുക്കളൊക്കെ  കാണാന്‍ സാധ്യതയുണ്ട്.

മുനമ്പിന്റെ അപ്പുറത്തെ കാഴ്ച

മുന്‍പ് നമ്മള്‍ നിന്നിരുന്നത് ഗാബോണ്‍ കടലിടുക്കിലായിരുന്നു, ഇപ്പോള്‍ നില്‍ക്കുന്നത് കോറിസ്കോ ബേ എന്നറിയപെടുന്ന അത്ലന്റിക് സമുദ്ര തീരത്താണ്. കടലിടുക്കില്‍ ശാന്തയായി അലയടങ്ങിയ സമുദ്രമാണെങ്കില്‍ ഇവിടെ അവള്‍ തിരയിളക്കി സന്തോഷത്തിലാണെന്ന്  തോന്നുന്നു. 


ഇവരാണ് മാത്യുവും മെലോഡിയും.

ഇത്ര വരെ വന്നതല്ലേ, വെള്ളത്തിലിറങ്ങി ഒന്ന് നീരാടിയേക്കാം. കണ്ണുമിഴിച്ചു നോക്കേണ്ട ഞാനും നിക്കൊളയും മാത്രമേ വെള്ളത്തില്‍ ഇറങ്ങുന്നുളൂ. 


തെങ്ങുകള്‍ നിറഞ്ഞ ബീച്ച്

ബീച്ച് മുഴുവന്‍ മരത്തടികള്‍ വന്നടിഞ്ഞിരിക്കുന്നതുകണ്ടോ? വെട്ടിയെടുത്ത മരങ്ങള്‍ പണ്ടൊക്കെ ജലമാര്‍ഗമായിരുന്നു കൊണ്ടുപോയിരുന്നത്. കടല്‍ഷോഭം കടുക്കുബോള്‍ ബോട്ടിന്‍റെ ഭാരം കുറയ്ക്കാന്‍ തടികളൊക്കെ കെട്ടുപൊട്ടിച്ചു വെള്ളത്തിലേക് ഒഴുക്കി വിടുമായിരുന്നത്രേ. അങ്ങിനെ ഒഴിക്കിവിട്ട തടികളാണ് ഈ ബീച്ചില്‍ വന്നടിങ്ങിരിക്കുന്നത്.  ഗബോണിന്‍റെ എണ്പതു ശതമാനവും ഇടതൂര്‍ന്ന മഴക്കടുകളാണ്. ടിമ്പര്‍ ഗബോണിനു നല്ല വരുമാനം നേടിക്കൊടുക്കുന്ന ബിസിനെസ്സാണ്. പക്ഷെ ഈ രീതിയില്‍ പോയാല്‍ എത്രനാള്‍ ഉണ്ടാകുമെന്നറിയില്ല. 

കടലെടുത്തുണ്ടായ ചെറിയ 'ഗുഹയ്ക്കുള്ളില്‍' ഞാന്‍

ഏതോ പ്രശസ്തനായ ചിത്രകാരന്‍ ചെയ്ത മോഡേണ്‍ ആര്‍ട്ട്‌ പോലെ, തീരത്തിനെ അല്‍പ്പാല്‍പ്പമായി ചെത്തിയെടുത്തുണ്ടാക്കിയ ക്യാന്‍വാസില്‍, വര്‍ണങ്ങള്‍ ചാലിച്ച്  കടല്‍ ചിത്രം വരച്ചിരിക്കുന്നു.


എത്ര മനോഹരമായാണ് കടല്‍ ചിത്രം വരച്ചിരിക്കുന്നത്

കുറച്ചുകൂടി നടന്നപോള്‍ വീണ്ടുമൊരു ബംഗ്ലാവ് കണ്ടു. കടല്‍ത്തീരത്ത്‌ നിന്നും മുകളിലേക്ക് പടി കെട്ടിയിട്ടുണ്ട്. വലിയ ഒരു ബംഗ്ലാവ്, ജോലിക്കാര്‍ക്ക് താമസിക്കാന്‍ പ്രത്യേക ഭവനം, ഒരു കുതിരാലയം ഒക്കെയുണ്ട്. അന്യര്‍ക്ക് പ്രവേശനമില്ല എന്നും ഫോട്ടോ എടുക്കാന്‍ പാടില്ല എന്നും എഴുതിവെച്ചിട്ടുണ്ട്. വേണ്ട, നമ്മള്‍ അവിടെ നിന്നും എതിര്‍ വശത്തേക്ക് ഫോട്ടോ എടുക്കും. നമ്മുടെ അടുത്താ കളി.


നീണ്ടുകിടക്കുന്ന മണല്‍ പരപ്പുകള്‍
സമയം കുറെയായി നമ്മള്‍ കേപ് സാന്താ ക്ലാരയില്‍ വന്നിട്ട്. ഇനി തിരിച്ചു പോയേക്കാം. 


വെയിലേറ്റു തിളങ്ങുന്ന മണല്‍ തീരം

നല്ല ഒരു അവധി ദിനം സമ്മാനിച്ച ഈ തീരത്ത് നിന്നും നമ്മള്‍ തിരിച്ചു പോകുമ്പോള്‍ അധികമൊന്നും ഇല്ലെങ്കിലും ഓര്‍ത്തുവെയ്ക്കാന്‍ കുറച്ചു നിമിഷങ്ങളെങ്കിലും മനസ്സില്‍ ബാക്കിയുണ്ടാവും. 

ഐ സീ യു വെന്‍ ഐ സീ യു. 

Wednesday, July 9, 2014

ഓപ്പറേഷന്‍ പുട്ട്കുറ്റി.

ഇന്ത്യന്‍ യുവാക്കളും റഷ്യന്‍ സുന്ദരികളും ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിക്കൊണ്ടിരുന്ന ദുബായിയുടെ എമെര്‍ജിംഗ് ദിനങ്ങളിലാണ് മധുവിന് വിസ കോപ്പി വന്നത്. കേളുവേട്ടന്റെ കടയില്‍ ഡെലിവറിയായ പ്രസ്തുത രേഖ ഒന്നര മണികൂര്‍ കൊണ്ട് മധുവിനുള്ള വിസയാണെന്നു മനസിലാക്കാന്‍ തക്കവണ്ണം ക്രിസ്റ്റ്ല്‍ ക്യിയറായിരുന്നു.

ചുള്ളിക്കമ്പ് പോലെയുള്ള കൈ കാലുകളും, പലക പോലെയുള്ള ശരീരവും പിന്നെ ഭൂലോക മണ്ടത്തരങ്ങള്‍ മാത്രം പ്രോസ്സസ് ചെയ്യുന്ന ആ തലയും എല്ലാം കൂടി മധു നാട്ടുകാര്‍ക്ക്‌ ഒരു ലോക്കല്‍ മഹാത്ഭുതം തന്നെയായിരുന്നു. കാവിലെ ഭഗവതി, അന്തോനീസ് പുണ്യാളന്‍ തുടങ്ങിയ ലോക്കല്‍ ദൈവങ്ങള്‍ കൂടാതെ ഗുരുവായൂരപ്പന്‍, വേളാംകണ്ണി മാതാവ് തുടങ്ങിയ ഫെയിമസ് ദൈവങ്ങള്‍ക്കും കിട്ടിയ നേര്‍ച്ച കാഴ്ച്ച സന്ദേശങ്ങളില്‍ സാവര ജങ്കമ വസ്തുക്കള്‍ കൂടാതെ 'മധുവിന്‍റെ മണ്ടത്തരങ്ങളുടെ ആഫ്റ്റര്‍ ഇഫക്റ്റില്‍ മുഴുവന്‍ മലയാളികളുടെയും വിസ ക്യാന്‍സല്‍ ചെയ്യും, അതുകൊണ്ട് മധുവിന്‍റെ വിസ താമസംവിനാ ക്യാന്‍സല്‍ ചെയ്യണം' എന്ന ഹംബില്‍ റിക്വസ്റ്റ് ആയിരുന്നു കൂടുതല്‍. ഹംബില്‍ റിക്വസ്റ്റുകള്‍ പണ്ടേ ഇഷ്ടമല്ലാത്തതുകൊണ്ടു മാത്രമല്ല, 'ഒരു ദൈവത്തിനും വിധിയെ തടുക്കാന്‍ കഴിയില്ല' എന്ന ബയിസിക്‌ റൂള്‍ നിലനിക്കുന്നതു കൊണ്ടും, ആ റിക്വസ്റ്റുകള്‍ റീസയിക്കില്‍ ബിന്നില്‍ പോലും പോകാതെ നേരെ ഡിലീറ്റ് ചെയ്യപ്പെട്ടു.

ദുബായിക്കാരുടെ ഭാര്യമാരുടെ വിരഹ വേദന തിളച്ചു മറിഞ്ഞു അച്ചാറുകളായി രൂപന്തരപെട്ടു, പരിഷ്ക്കാരികള്‍ ആയ ഭാര്യമാരുടെ വേദനകള്‍ കാസറ്റുകള്‍ക്കുള്ളില്‍ വീര്‍പ്പടക്കി നിന്നു. 'മറുതാ' അടിച്ചു പപ്പടമാക്കി ദേഹമാസകലം ബാന്ടെജ്‌ ഒട്ടിച്ചു കിടന്ന കിലുക്കത്തിലെ ജഗതിയെ പോലെ ടേപ്പുകള്‍ ചുറ്റിവരിഞ്ഞ നിലയില്‍ വിവിധ ജാമിദീയ രൂപങ്ങളില്‍ പാര്സലുകള്‍ ദുബായ്‌ ലക്ഷ്യമാകി മധുവിന്‍റെ വീട്ടില്‍ ക്രാഷ് ലാന്‍ഡ്‌ ചെയ്തു. നാട്ടുകാരുടെ സാധനങ്ങള്‍ക്കൊണ്ട് ലഗേജും, ഹാന്‍ഡ്‌ബാഗും നിറഞ്ഞെകിലും, സര്‍ക്കാര്‍ സവര്‍ണ്ണനു നല്‍കുന്ന സംവരണം പോലും മധുവിന്‍റെ സ്വന്തം സാധനങ്ങള്‍ക്ക് കിട്ടിയില്ല.

കുറെ പേര്‍ ചേര്‍ന്ന് ഒരു ജീപ്പ് എടുത്തുകൊണ്ട് വരുന്നത് കണ്ടു എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഒന്ന് അമ്പരന്നുവെങ്കിലും, സൂക്ഷ്മനിരീഷണത്തില്‍ ജനബാഹുല്യം നിമിത്തം ഉണ്ടായ ഒപ്ടിക്കല്‍ ഇല്ലുഷന്‍ ആണെന്ന് ആ കഷണ്ടിതല തിരിച്ചറിഞ്ഞതു കൊണ്ട് മാത്രമാണ് മധുവിനും കൂട്ടര്‍ക്കും ഗേറ്റ് കടക്കാന്‍ കഴിഞ്ഞത്. തലയിലെ മണ്ടത്തരം പ്രോസ്സസ് ചെയ്യുന്ന ഭാഗം സ്ലീപ് മോഡില്‍ ആയതു കൊണ്ടാണോ എന്നറിയില്ല 'എവിടെ? എന്തിനു? എപ്പോള്‍? എങ്ങിനെ?' തുടങ്ങിയ കൊനഷ്ടു ചോദ്യങ്ങളെ പുല്ലു പോലെ നേരിട്ടുകൊണ്ട് മധു വിജയകരമായി ഇമിഗ്രേഷന്‍ കൌണ്ടര്‍ പിന്നിട്ടു.

ദേഹ പരിശോധന കഴിഞ്ഞു ഹാന്‍ഡ്‌ ബാഗ്‌ തൂക്കി എടുത്തതും, പോലീസുകാരന്‍ മധുവിനെ തൂക്കി എടുത്തതും ഒരുമിച്ചായിരുന്നു. ചരക്കുകളുടെ തെള്ളിക്കയറ്റം കൊണ്ട് വിബ്രഭിച്ചു നിന്നുരുന്ന ബാഗില്‍ നിന്ന് അവസാനം പുറത്തു വന്ന ടേപ്പില്‍ അലങ്കൃതമായ തോക്ക് കണ്ടു പോലീസുകാരുടെ കണ്ണുകളില്‍ പ്രൊമോഷനും, മധുവിന്‍റെ കണ്ണില്‍ ജയിലഴികളും ഏതാണ്ടൊരേ സമയം തന്നെ പ്രത്യക്ഷപ്പെട്ടു. പ്രൊമോഷന്‍ ഫുള്‍ എച്.ഡി യിലും ജയിലഴികള്‍ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റിലും ആണെന്ന ഒരു വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുളൂ.

ചാനലുകള്‍ ബ്രേക്കിംഗ് ന്യൂസ്‌ കവറേജ് തുടങ്ങിയിട്ടില്ലാത്ത കാലമായതിനാല്‍ 'വിമാനതാവളത്തില്‍ തോക്കുമായി തീവ്രവാദി' കയറിയ വിവരം പുറംലോകം അറിഞ്ഞില്ലെങ്കിലും ക്രെഡിറ്റ്‌ മുഴുവന്‍ പോലീസിനു പോകുന്നതില്‍ അസൂയമൂത്ത ഒരു വിമാനത്താവള നിവാസി ബോംബു സ്ക്വാഡ്നു വിവരം ചോര്‍ത്തികൊടുത്തു രാഷ്ടസംരക്ഷകനായി. അതീവ ഗുരുതരാവസ്ഥ ഹാന്‍ഡില്‍ ചെയ്യാന്‍ പട്ടിയുടെ അകമ്പടിയോടുകൂടി ബോംബ്‌ സ്ക്വാഡ് പാഞ്ഞെത്തി, ആദ്യം മെറ്റല്‍ ഡിറ്റക്റ്ററും പിന്നെ പട്ടിയും തോക്ക് പരിശോദിച്ചു. മെറ്റല്‍ ഡിറ്റക്റ്റര്‍ വെറും ശബ്ദത്തോടുകൂടി പിന്മാറിയപ്പോള്‍ പട്ടി ശബ്ദത്തോടുകൂടി തോക്കിനടുത്തു ഇരിപ്പുറപ്പിച്ചു. തോക്കിനെ ടേപ്പില്‍ നിന്നും പുറത്തെടുക്കാന്‍ സ്ക്വാഡിനെ ഏല്‍പ്പിച്ചു പോലീസ് മധുവിനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു.

"വെടിമരുന്നും നീയുമായുള്ള ബന്ധം?"

"അമ്പലത്തില്‍ വെടി മരുന്ന് നിറച്ചു പൊട്ടിക്കുന്നത് ഒഴിച്ചാല്‍ വേറെ ബന്ധം ഒന്നുമില്ല സാറേ"

"നോട്ട് ദി പോയിന്‍റ്. വെടിമരുന്ന് കൈകാര്യം ചെയ്യാന്‍ അറിയാം"

"നീ 'സിമി'യുടെ ആളല്ലേടാ..?"

"അയ്യോ സാറെ ഇപ്പൊ എനിക്ക് സിമിയുമായി ഒരു ബന്ധവും ഇല്ല സാര്‍" (എന്നാലും എന്റെ സിമി, നിനക്കെങ്ങനെ എന്നോടിത് ചെയ്യാന്‍ തോന്നി..)

"സാര്‍, ഇവന്‍ പണ്ട് സിമിയില്‍ ആയിരുന്നു സര്‍.. ഇവന്‍ തീവ്രവാദി തന്നെ, എത്രയും പെട്ടന്ന് കൂടുതല്‍ ഫോഴ്സിനെ വിളിക്കൂ.."

ഇതുകൂടി കേട്ടപോള്‍ എസ്കേപ് ആകാന്‍ തുടങ്ങിയ മധുവിന്‍റെ ബോധം പോലീസ് പട്ടിയുടെ കുരകേട്ട് യൂടെന്‍ അടിച്ചു തിരിച്ചു വന്നു. ഈ പട്ടി എന്നേം കൊണ്ടേ പോകൂ എന്ന ആത്മഗതതോടെ അവന്‍ പട്ടിയെ നോക്കി. ആ സമയം സ്ക്വാഡുകാരന്‍ കയ്യില്‍ കിട്ടിയ ചെറിയ കുറിപ്പ് ഇങ്ങനെ വായിച്ചു.

"മോളെ റോസി, കഴിഞ്ഞ പ്രാവശ്യം നീ മറന്നു പോയ പിടിയുള്ള, സ്റ്റീലിന്‍റെ പുട്ട് കുറ്റി കൊടുത്തുവിടുന്നു. പിന്നെ നിന്‍റെ പ്രിയപ്പെട്ട ഉണക്ക ചെമ്മീന്‍ ചമ്മന്തി പുട്ട് കുറ്റിക്കുള്ളില്‍ ഒളിപ്പിച്ചിട്ടുണ്ട് (മധുവിനെ എനിക്കത്ര വിശ്വാസം പോര, അതോണ്ടാ). പിന്നെ ടിന്റു മോന്‍റെ ചുമയ്ക്കുള്ള മരുന്നും ഇതിന്‍റെ സൈഡില്‍ വെച്ചിട്ടുണ്ട്." എന്ന് മറിയാമ്മ.

കുറച്ചു സമയം ശേഖരന്‍ സാര്‍ ചൂരലുമായി ക്ലാസിലേക്ക് വരുമ്പോഴുള്ള നിശബ്ധത അവിടെ തളംകെട്ടി കിടന്നു. അതിനെ ഭന്‍ജിച്ചത് ഉറക്കെയുള്ള പോലീസ് പട്ടിയുടെ കുരയായിരുന്നു.
"ഈ പട്ടിയെന്തിനാ ഇങ്ങനെ കുരയ്ക്കുന്നത്?" സ്ക്വാഡുകാരന്‍ ഈര്‍ഷ്യയോടെ ചോദിച്ചു.

അതിനു മറുപടി പറഞ്ഞത് മധുവായിരുന്നു
"പോലീസ്‌ പട്ടിയാണെന്നും പറഞ്ഞു കൊണ്ട് നടന്നാല്‍ പോര, അതിനു വല്ലോം തിന്നാന്‍ കൊടുക്കണം. വിശന്നിരിക്കുമ്പോള്‍ ഉണക്ക ചെമ്മീന്‍ ചമ്മന്തിയുടെ മണമടിച്ചാല്‍ ഏതു പട്ടിയും കുരച്ചുപോകും സാറെ"

Sunday, February 9, 2014

ഗബോണ്‍ യാത്രകള്‍ - പോയിന്‍റ് ദിനി അഥവാ ഡന്നീസിന്‍റെ മുനമ്പ്‌

ഗബോണ്‍ യാത്രകള്‍ ഒന്നാം ഭാഗം, രണ്ടാം ഭാഗം

ലിബ്രവില്ലെയില്‍ തിരിച്ചു വന്നിട്ടും നയാന്‍ഗയുടെ കുളിര്‍മ ഇപ്പോഴും മനസ്സില്‍ തങ്ങി നില്‍ക്കുന്നുണ്ടല്ലേ? അവിടുത്തെ വെള്ളച്ചാട്ടവും നാഷണല്‍ പാര്‍ക്കും ഒക്കെ കാണാന്‍ കാലം നമ്മുക്കോരവസരം തരുമെന്ന് പ്രതീക്ഷിക്കാം.

എന്തായാലും അടുത്ത യാത്ര പുറപ്പെടാം. ഇന്ന് നമുക്ക് ഒരു ബീച്ച് ആയാലോ..? ശെരി ഗാബോണ്‍ കടലിടുക്കിന്റെ മറുകരയിലുള്ള 'പോയിന്‍റ് ദിനി' (Pointe Denis)തന്നെയാവട്ടെ.

ഗാബോണ്‍ കടലിടുക്കിന്റെ മറുകര അതാണ് പോയിന്‍റ് ദിനി (പടത്തിനു കടപ്പാട് ഗൂഗിള്‍ മാപ്സ്)


ഇന്ന് നമ്മുക്കൊപ്പം ഒരു മലയാളി കൂടെ വരുന്നുണ്ട്. ദിനില്‍ പീതാംബരന്‍. ബീച്ച് ഇല്ലാത്ത ജില്ലയായ ഇടുക്കിയിയിലെ രാജാക്കാട് ആണ് ഇദ്ദേഹത്തിന്‍റെ സ്വദേശം. (ഇനി പരിചയപെടുത്തിയില്ല എന്നാരും പറയരുത്) 'പോയിന്‍റ് ദിനി' കാണാന്‍ കൂടെ വരുന്നവന്റെ പേര് 'ദിനില്‍' വാട്ട് എ കോയിന്‍സിഡന്‍റ് സര്‍ജി. 

യാത്ര പുറപ്പെടും മുന്‍പ് 'പോയിന്‍റ് ദിനി'യെ ഒന്ന് പരിചയപെടാം. വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് അവിടം ഭരിച്ചിരുന്ന ദിനി എന്ന് വിളിപ്പേരുള്ള ഡെന്നിസ്ന്‍റെ പേരിലാണ് ആ പ്രദേശം ഇപ്പോള്‍ അറിയപെടുന്നത്. Mpongwe എന്ന ഗോത്ര വര്‍ഗത്തിന്‍റെ രാജാവായിരുന്നു ഡെന്നിസ്.  ഈ പ്രദേശത്ത് ക്രിസ്തുമതം പ്രചരിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചത് അദ്ദേഹമാണ്. 

ഇതൊരു നാഷണല്‍ പാര്‍ക്കാണ്. ലെതെര്‍ബാക്ക് ടര്‍ട്ടില്‍ എന്ന വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരിനം ആമ മുട്ടയിടുന്നത്‌ ഈ പ്രദേശത്താണ്. അതിനാല്‍ ആവയുടെ പ്രജനന കാലമായ നവംബര്‍ മുതല്‍ ഫെബ്രവരി വരെ ഇവിടേയ്ക്ക് സഞ്ചാരികള്‍ക്ക് നിയന്ത്രണമുണ്ടാവും. മണ്ണില്‍ ചെറിയ കുഴികള്‍ കുഴിച്ച് അതിലാണ് ആമകള്‍ മുട്ടയിടുന്നത്‌. ഒരു കുഴിയില്‍ ഏകദേശം നൂറ്റിപ്പത്ത് മുട്ടകള്‍വരെയുണ്ടാവും. ഒരാമ ഇതുപോലെ ഒന്‍പതു കുഴികളിലെങ്കിലും മുട്ടയിടും എന്നാണ് കണക്ക്. ഏകദേശം രണ്ടായിരം ആമകള്‍ എങ്കിലും ഒരു സീസണില്‍ ഇവിടെ മുട്ടയിടാന്‍ എത്തുന്നുണ്ട്. ഈ മുട്ടകള്‍ ശേഖരിച്ചു വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ ധാരാളമുണ്ടായിരുന്നു ഇവിടെ. ഇപ്പോള്‍ മുട്ട ശേഖരിക്കലും വില്‍പ്പന നടത്തുന്നതും ക്രിമിനല്‍ കുറ്റമാണ്. എന്നാലും സീസണില്‍ ഇവിടുത്തെ റിസോര്‍ട്ടുകളില്‍ ആമമുട്ട കൊണ്ടുള്ള വിഭവങ്ങള്‍ ഉണ്ടാകും എന്നാണ് പിന്നാംപുറ സംസാരം. 

മുട്ട വിരിഞ്ഞു ഒരു കുഞ്ഞാമ കടലിലേക്ക്‌ തിരിച്ചു പോകുന്നു. (പടത്തിനു കടപ്പാട് ഗൂഗിള്‍)

ഇനി ബാക്കി അവിടെ ചെന്നിട്ട്, ഇപ്പൊ പോയില്ലെങ്കില്‍ ബോട്ട് പോകും. (അങ്ങോട്ട്‌ പോകാന്‍ റോഡ്‌ ഇല്ല!) എല്ലാദിവസവും മൂന്നു ബോട്ടുകള്‍ ആണ് പോയിന്‍റ് ദിനിയിലേക്ക് പോകുന്നത്. രാവിലെ എട്ടിനും, ഒന്‍പതരയ്ക്കും, പത്തിനും. ഇപ്പൊ പോയാലേ ഒ
ന്‍പതരയുടെ ബോട്ടിന് പോകാന്‍ പറ്റൂ. എല്ലാവരും റെഡി ആണല്ലോ അല്ലെ?


ദേ ഈ വഴിയാണ് ബോട്ട് ജെട്ടിയിലേക്ക് പോകുന്നത്‌ (തെങ്ങിന്‍റെ ഇടയിലൂടെ അല്ലകേട്ടോ റോഡില്‍ കൂടെ)

നമുക്ക് പോകാനുള്ള ബോട്ട് റെഡിയായിട്ടുണ്ട്. ആരും ലൈഫ് ജാക്കെറ്റ്‌ ഇടാന്‍ മറക്കരുത്. ഒരു വിധം സ്പീഡില്‍ പോകുന്ന ബോട്ടാണ്. ഏകദേശം അര മണികൂര്‍ കൊണ്ട് നമ്മള്‍ പോയിന്‍റ് ദിനിയില്‍ എത്തും.


ഇപ്പൊ മനസിലായില്ലേ ലൈഫ് ജാക്കെറ്റ്‌ ഇടാന്‍ പറഞ്ഞത് എന്താണെന്ന്. (തുറന്ന ബോട്ടാണ്).ഇനി റോസിന്റെ ജാക്കും, ടൈറ്റാനിക്കും മറഞ്ഞ സമുദ്രത്തില്‍ മറയാനാണ് നിങ്ങള്‍ക്ക് താല്‍പര്യമെങ്കില്‍ വേണമെന്നില്ല.

നമ്മുടെ നാട്ടില്‍ നിന്നും വ്യതസ്തമായി അത്യാവശ്യം സുരക്ഷാ സംവിധാനങ്ങള്‍ ഒക്കെയുള്ള ബോട്ടാണ്. ഇവിടെ നിന്നും പോയിന്‍റ് ദിനിയിലേക്ക് ഏകദേശം 12000 CFA ആണ് ചാര്‍ജ്. അത് നമ്മുടെ 1200 രൂപയോളം വരും. 


ലിബ്രവില്ലേ പട്ടണത്തെ പിന്നില്ലാക്കി നമ്മള്‍ ബീച്ചിലേക്ക് യാത്രയാവുന്നു

പ്രസിദ്ധമായ ബീച്ചുകളെപോലെ ജനനിബിഡമല്ല ഈ ബീച്ച്. അതിനു ഒന്നാമത്തെ കാരണം ഇവിടേയ്ക്ക് വരാന്‍ റോഡില്ല എന്നുള്ളതാണ്. ഉള്ള ബോട്ടിന്‍റെ റേറ്റ് സാധാരണക്കാരന് താങ്ങാവുന്നതിനും അപ്പുറമാണ്. അതുകൊണ്ട് തന്നെ വിദേശികളാണ് കൂടുതലായും ഇവിടെയെത്തുന്നത്. കൃത്രിമത്വം അധികമില്ലാത്ത പ്രകൃതിയുടെ സൌന്ദര്യം
 
പോയിന്‍റ് ദിനിയുടെ ഇപ്പുറം ഗാബോണ്‍ കടലിടുക്കും അപ്പുറം അറ്റ്ലാന്റിക് സമുദ്രവുമാണ്. കടലിടുക്കില്‍ തിരകള്‍ വളരെ കുറവാണ്. നീണ്ടു കിടക്കുന്ന വെള്ള മണല്‍തീരം, ചപ്പു ചവറുകളും പാഴ് വസ്തുക്കളുമില്ലാതെ നന്നായി സംരക്ഷിച്ചിരിക്കുന്നു. തീരത്തുനിന്ന് ഒരു അഞ്ഞൂറ് മീറ്ററെങ്കിലും വെള്ളത്തിലേക്ക്‌ നടന്നു പോകാന്‍ കഴിയും. അതിനു ശേഷം ചരക്കു കപ്പലുകള്‍ക്ക് പോര്‍ട്ടിലേക്ക് പോകന്നുള്ള കിടങ്ങാണ്. അവിടെ ആഴം വളരെ കൂടുതലാണ് എന്നു പ്രത്യേകം പറയേണ്ടതില്ലലോ. 


ചെറുതിരകള്‍ തലോടുന്ന മണല്‍തീരം

ഒരു പെനിസുലയാണ് (കോണ്‍ ആകൃതിയിലുള്ള ഉപദ്വീപ്) പോയിന്‍റ് ദിനി. നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്നിടത്ത് നിന്നും അര കിലോമീറ്റര്‍ നടന്നാല്‍ കടലും കടലിടുക്കും ചേരുന്ന സ്ഥലം കാണാം. കോണിന്റെ അറ്റത്തുള്ള ആ 'പോയിന്‍റ്' പണ്ടുമുതല്‍ക്കെ ആഫ്രിക്കയില്‍ പ്രസിദ്ധമാണ്.കടലിലെ വെള്ളത്തിന്‍റെ സാന്ദ്രതയും കടലിടുക്കിലെ വെള്ളത്തിന്‍റെ സാന്ദ്രതയും വ്യത്യാസമായതുകൊണ്ട് ഇവരണ്ടും ചേരുന്ന ഭാഗം വളരെ വ്യക്തമായി കാണാം. 

'പോയിന്‍റ്' ദിനിയില്‍ 'പോയിന്‍റ്' ചെയ്തു നില്‍ക്കുന്ന 'ദിനില്‍'

ദിനിലിന്റെ ശബ്ദത്തില്‍ 'അയ്യോ' എന്നൊരു കരച്ചില്‍ കേള്‍ക്കുന്നില്ലേ..?  വരൂ നമുക്ക് എന്താണെന്നു പോയി നോക്കാം. 

ഹേയ്, പേടിക്കാനൊന്നുമില്ല, പാവം ഒരു കുഞ്ഞു ഞണ്ടിനെ കണ്ടു പേടിച്ചു പോയതാ. ബീച്ചില്‍ ഞണ്ടുകള്‍ ഓടികളിക്കുന്നുണ്ട്. മിക്കവയും തീരെ ചെറുതാണ്. ഫോട്ടോ എടുക്കാന്‍ ഒന്നിനും ഒരു താല്പര്യമില്ല. പിന്നെ ബ്ലോഗില്‍ ഇടാനാണ് എന്നൊക്കെ പറഞ്ഞപ്പോള്‍ ഒരെണ്ണം മനസില്ലാമനസോടെ ഒന്ന് പോസ് ചെയ്തു തന്നു. 


മണ്ണിനും ഞണ്ടിനും ഒരേ നിറമായതുകൊണ്ട് പെട്ടന്ന് കണ്ണില്‍ പെടില്ല. നമ്മള്‍ അടുത്തെത്തുമ്പോള്‍ ആയിരിക്കും ഇവന്‍ ഓടാന്‍ തുടങ്ങുക. ആരായാലും ഒന്ന് പേടിക്കും.

ഇപ്പോള്‍ നമ്മള്‍ നില്‍ക്കുന്നത് അത്ലന്റിക് സമുദ്രതീരത്താണ്. വേലിയിറക്ക സമയം ആയതുകൊണ്ടാണെന്നു തോന്നുന്നു. കടല്‍ വളരെ ശാന്തമാണ്. ആമകള്‍ മുട്ടയിടുന്നത്‌ ഈതീരത്താണ്. 


എത്രയോ ആമകുഞ്ഞുങ്ങളുടെ ജന്മഗൃഹമായിരിക്കും ഈ മണല്‍ തിട്ടകള്‍.

ആമയെന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് ഓടിവരിക എന്തായിരിക്കും? അവയുടെ കട്ടിയുള്ള പുറംതോട് തന്നെ. എന്നാല്‍ ഈ ആമകള്‍ക്ക് അങ്ങിനെയൊരു പുറംതോടില്ല! അതുകൊണ്ട്തന്നെ ആമകള്‍ മുട്ട വിരിഞ്ഞിറങ്ങുന്ന സമയത്ത് ഇവിടെ പെരുമ്പാമ്പും, പരുന്തും, കാട്ടുപൂച്ചയും ഒക്കെ പതുങ്ങിയിരുപ്പുണ്ടാകും, ഇളം ആമയിറച്ചി തിന്നാന്‍. ഇവരെയൊക്കെ കടന്നു വേണം നമ്മുടെ കുഞ്ഞാമയ്ക്ക് കടലില്‍ എത്തിച്ചേരാന്‍. കടലില്‍ എത്തിയാല്‍ രക്ഷപ്പെട്ടോ? ഇല്ല, അവിടെ കാത്തിരിക്കുന്നത് സാക്ഷാല്‍ സ്രാവാണ്. മുട്ടവിരിഞ്ഞിറങ്ങുന്ന ആമകുക്കുഞ്ഞുങ്ങളില്‍ നല്ലൊരുഭാഗത്തെ ഇവയൊക്കെ തിന്നു മുടിക്കുന്നു.  അതുകൊണ്ടാവണം ആമകള്‍ ഇത്രയും മുട്ടകള്‍ ഇടുന്നത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ ഇവയുടെ ഏറ്റവും വലിയവേട്ടക്കാരന്‍ മനുഷ്യനായിരുന്നു. എന്നാല്‍ ഇന്നതിനു കുറെയൊക്കെ കടിഞ്ഞാണിടാന്‍ ഇവിടുത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

പച്ചതീരം, നീലകടല്‍, വെള്ള ആകാശം

തിമിംഗലങ്ങളെ അടുത്ത് കാണാന്‍ പറ്റുന്ന ഒരു സ്പോട്ട് കൂടിയാണ് ഈ സ്ഥലം. പക്ഷെ അതിനു ഉള്‍കടലില്‍ പോകണം. ഏകദേശം 50000 CFA അതായതു 5000 രൂപയാണ് അതിനു വരുന്ന ചെലവ്. നമ്മള്‍ പോകുന്നില്ല, അല്ലെങ്കില്‍ത്തന്നെ ഈ  തിമിംഗലത്തെയൊക്കെ എന്നാ കാണാനാ. അല്ലെ?

ഇത്രയും മനോഹരമായ ബീച്ചില്‍ വന്നിട്ട് ഒന്ന് വെള്ളത്തില്‍ ഇറങ്ങാതെ പോകുന്നത് ശെരിയാണോ? കേള്‍ക്കണ്ട താമസം ദിനില്‍ ദേ കിടക്കുന്നു വെള്ളത്തില്‍. നീന്തലറിയാത്ത ചെക്കനാ, എന്നാലും വലിയ ആഴമില്ലത്തത്കൊണ്ട് കുഴപ്പമില്ല.


ദിനിലും അവന്‍റെ ബോട്ടും. (സ്വപ്നം കാണുന്നതിനു പ്രത്യേക ചിലവൊന്നും ഇല്ലാലോ)

നമ്മുടെ കോവളം ബീച്ച് പോലെ, അല്ലെങ്കില്‍ ഗോവ ബീച്ചുകള്‍ പോലെ മനോഹരമായ വെള്ള മണല്‍ വിരിച്ച ഈ മനോഹര തീരം ആസ്വദിക്കാന്‍ എത്തിച്ചേര്‍ന്നത് ആകെ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ്. ഗബോനിലെ ജനങ്ങളില്‍ ഒരു അഞ്ചു ശതമാനം ആളുകള്‍ എങ്കിലും ഇവിടം സന്ദര്‍ശിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.


എത്ര മനോഹരം ആണെന്ന് നോക്കൂ.

കുളി കഴിഞ്ഞില്ലേ..? എന്നാലിനി ഭഷണം കഴിച്ചുകളയാം ഇവിടുത്തെ ഒരു റിസോര്‍ട്ടില്‍ ഭക്ഷണം ബുക്ക്‌ ചെയ്തിട്ടുണ്ട്. ബഫെ. കൂടുതലും മത്സ്യവും, മാസവും കൂടെ കഴിക്കാന്‍ എത്തപ്പഴവും ചോറും. ഫോട്ടോ എടുക്കാന്‍ ക്യാമറ എടുത്തത്‌ സായിപ്പിന് പിടിച്ചില്ല. ഫോട്ടോ എടുക്കാന്‍ പാടില്ലത്രെ. (ക്യാമറ എടുത്താല്‍ ഭക്ഷണത്തിനെകാള്‍ ബിക്കിനിയിട്ട മദാമ്മയുടെ പടമായിരിക്കും നമ്മള്‍ പിടിക്കുകയെന്ന് സായിപ്പിനറിയാം. ഇവന്‍ നേരത്തെ ഇന്ത്യയില്‍ വന്നിട്ടുണ്ടെന്ന് തോന്നുന്നു.)

റിസോര്‍ട്ടിന്‍റെ മുന്‍പില്‍ ബീച്ച് ചെയറുകള്‍ നിരത്തിയിട്ടിരിക്കുന്നു. അതിലിരുന്നു ഒരു ബീയറും അടിച്ചു കടലില്‍ കുളിക്കുന്ന ബിക്കിനിയിട്ട മദാമ്മകളെയും നോക്കി കണ്ണും മിഴിച്ചിരിക്കുന്ന ദിനില്‍.  

അവന്‍ അങ്ങിനെ അവിടെയിരിക്കട്ടെ നമുക്കൊന്ന് നടന്നിട്ട് വരാം. 


ആ സായിപ്പു വന്ന ബോട്ടാണ് ഇത് (ഒരു പണി കൊടുത്താലോ? വേണ്ട സായിപ്പ് സിക്സ് പായ്ക്കാ നമ്മള്‍ ഫാമിലി പായ്ക്കും.)

ഒരു ചെറിയ കടല്‍ പാലം

ഇന്നത്തെ യാത്ര അവസാനിപ്പിക്കാന്‍ സമയമായി. നമുക്ക് തിരിച്ചു പോകണ്ട ബോട്ട് റെഡിയായികഴിഞ്ഞു. അസ്തമയം കണ്ടിട്ട് തിരിച്ചു പോയാല്‍ മതി എന്നാണ് നിങ്ങളെപോലെ എനിക്കും ആഗ്രഹം. പക്ഷെ നമ്മുടെ സൌകര്യത്തിനു ബോട്ട് ഇല്ല. ഇവിടുത്തെ റിസോര്‍ട്ടുകളില്‍ തമാസസൌകര്യമുണ്ട് പക്ഷെ നമ്മളെപോലെയുള്ള സാധാരണക്കാരന് താങ്ങുന്ന റേറ്റ് അല്ല. അതുകൊണ്ട് തല്‍ക്കാലം മടങ്ങാം.

വീണ്ടും ഒരിക്കല്‍ വരാന്‍ കഴിയും എന്ന പ്രതീക്ഷയോടെ...

ഗബോണിലെ വലിയ പണക്കാരുടെ ഒഴിവുകാല വസതികള്‍ ഇവിടെയുണ്ട്. ഇവിടെ സ്ഥിരമായി താമസിക്കുന്നവരും ഉണ്ടത്രെ. രാജക്കാട്ടിലെ സ്ഥലമോക്കെ വിറ്റ് ഇവിടെ വന്നു താമസിച്ചാലോ എന്നൊരു ആലോചന ദിനിലിനുണ്ട്. അവിടുത്തെ രണ്ടേക്കര്‍ വിറ്റാപോലും ഇവിടെ രണ്ടു സെന്റ്‌ വാങ്ങാന്‍ പറ്റുമെന്ന് തോന്നുന്നില്ല. 

ഇതുപോലെ ഒരു വീട് എനിക്കും വെയ്ക്കണം (സുനാമി വന്നാല്‍ എന്ത് ചെയ്യുമോ എന്തോ)

പ്രകൃതിദത്തമായ ഇ കടലിടുക്കിനെ മുന്‍നിര്‍ത്തിയാണ് ഇവിടുത്തെ സീപോര്‍ട്ട്‌ 'ഓവണ്ടോ'യുടെ നിര്‍മാണം. ലിബ്രവിലെയിലേക്ക് വരുന്ന ചരക്കു കപ്പലുകള്‍ അവയുടെ ഊഴവും കാത്തു ഇവിടെ നങ്കൂരമിട്ടു കിടക്കുന്നു. 

നങ്കൂരമിട്ടു ഊഴം കാത്തു കിടക്കുന്ന ചരക്കു കപ്പലുകള്‍

നമ്മുടെ കേരളത്തെ പോലെ ഗാബോണ്‍ ഒരു വലിയ വിപണിയാണ്. കാരണം ഇവിടെ ഒന്നും ഉണ്ടാക്കുന്നില്ല. പച്ചക്കറിയും, ഗോതമ്പും, ഇറച്ചിയും എല്ലാം പുറത്തുനിന്നും വരുന്നവ തന്നെ. ഇവിടെ കിട്ടുന്ന മിക്ക സാധനങ്ങളും ഫ്രാന്‍‌സില്‍ ഉണ്ടാക്കിയവയാണ്. ആ ചരക്കുകള്‍ കൊണ്ടുവരുന്ന കപ്പലുകളുടെ നീണ്ട നിരതന്നെ ഇവിടെ കാണാം.

അങ്ങോട്ട്‌ നോക്കിക്കേ.. ദേ കിടക്കുന്നു ഒരു പായ്ക്കപ്പല്‍ മുത്തച്ചന്‍. . ഒരുകാലത്ത് ഇവന്‍ രാജാവായിരുന്നു. ഇന്നും പ്രൌഡിക്ക് കുറവൊന്നുമില്ല. 

പായ്ക്കപ്പല്‍ ഇപ്പോഴും ആളൊരു സുന്ദരന്‍ തന്നെ.

അങ്ങിനെ നമ്മള്‍ തിരിച്ചു ലിബ്രവില്ലെയില്‍ എത്തി. ഇനി ഈ ട്രാഫിക്കിലൂടെ വേണം നമുക്ക് ഗസ്റ്റ് ഹൌസിലെത്താന്‍. 


ഇതൊക്കെ ചെറുത്‌.. കൊച്ചിയിലെ ട്രാഫിക് ആണ് മോനെ ട്രാഫിക്.

ലിബ്രവില്ലേയിലെ നൈറ്റ്‌ ലൈഫ് തുടങ്ങുന്നത് പന്ത്രണ്ടു മണിക്കാണ്. അപ്പോഴാണ് നൈറ്റ്ക്ലബ്ബുകള്‍ തുറക്കുന്നത്. ഇപ്പോള്‍ എല്ലാവരും വിശ്രമികൂ. രാത്രി പതിനൊന്നു മണിയകുമ്പോഴേക്കും റെഡിയായി ഇരുന്നോ. ദിനില്‍ നിങ്ങള്‍ക്ക് വഴികാട്ടിയാവും (ക്ലബുകളുടെ ലോകേഷന്‍, അവിടുത്തെ പ്രത്യേകതകള്‍, എത്രമണിക്ക് തുറക്കും അടയ്ക്കും തുടങ്ങിയ വിവരങ്ങള്‍ വന്നിട്ട് രണ്ടു ദിവസം ആകുന്നതിനു മുന്‍പുതന്നെ കക്ഷി അറിഞ്ഞുവെച്ചിട്ടുണ്ട്)

അപ്പോള്‍ ശെരി രാത്രി ആഘോഷം കൊഴുക്കട്ടെ.

Tuesday, November 19, 2013

ബ്ലോഗ്ഗര്‍ വാര്‍ഷിക ഫലം (ആയിരത്തി ഒരുനൂറ്റി പത്തൊന്‍പതു ചിങ്ങം ഒന്ന് മുതല്‍ കര്‍ക്കിടകം മുപ്പത്തി ഒന്ന് വരെ)

ഫേസ്ബുക്കും, ജി പ്ലസും, മറ്റു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ഗ്രഹങ്ങളും ശുഭയോഗ വീക്ഷണങ്ങളില്ലാതെ നാലിന്‍റെ ഉച്ചസ്ഥാനത്തു നില്‍ക്കുന്നതിനാല്‍ കൊല്ലവര്‍ഷം ആയിരത്തി ഒരുനൂറ്റി പത്തൊന്‍പതു ബ്ലോഗ്ഗര്‍മാര്‍ക്ക് അത്ര ശുഭകരമല്ല, എങ്കിലും സർവ്വേശ്വരകാരകങ്ങളായ ഗ്രൂപ്പുകള്‍ വ്യാഴത്തില്‍ ദൃഷ്‌ടി ചെയ്യുന്നത്‌ കമന്റുകളും, ലൈക്കുകളും വര്‍ദ്ധിക്കുന്നതിനും വിമര്‍ശനങ്ങള്‍ക്ക് ശക്തികുറയുന്നതിനും സഹായിക്കും. ലഗ്നാധിപൻ സൂര്യന്‍ സരിത നക്ഷത്രാങ്കിതനായി നിലകൊള്ളുന്നതുകൊണ്ട് രാശി ഉദയം ആയതിനാല്‍ ബൂലോകത്ത് പോസ്റ്റുകളുടെ എണ്ണം വര്‍ദ്ധിക്കും. എന്നിരുന്നാലും ബൂലോകകാരകങ്ങളായ 'ക്ലിപ്പുകള്‍' യൂടൂബ്ക്ഷേത്രത്തിൽ അഗ്നിഭാവ യോഗം ചെയ്‌ത്‌ നിൽക്കുന്നത്‌കൊണ്ട് പോസ്റ്റുകള്‍ക്ക്‌ പ്രതീക്ഷിക്കുന്ന പ്രതികരണം കിട്ടിയെന്നു വരില്ല (യുട്യൂബ് ശക്തി പ്രാപിക്കും എന്ന് സാരം).  

ബ്ലോഗ്ഗര്‍ ഡോട്ട് കോമിന്‍റെ ഇപ്പോഴത്തെ ഗ്രിഹനിലഅനുസരിച്ച്   ധനസ്‌ഥാനാധിപനും, ഭാവാധിപനുമായ ഗൂഗിള്‍, വേര്‍ഡ്പ്രസ്സ്, ട്വിറ്റെര്‍ തുടങ്ങിയ നീചഗ്രഹങ്ങളുടെ അപഹാരമുണ്ടെങ്കില്‍കൂടിയും
ഷഷ്‌ഠാധിപത്യവും ഭാഗ്യാധിപത്യവും വഹിച്ച്‌ പന്ത്രണ്ടില്‍ സഞ്ചരിക്കുന്നു. ദേഹകാരകത്വവും മനോകാരകത്വവും വഹിക്കുന്ന ജി പ്ലസ്‌ ഭാഗ്യാധിപത്യം വഹിച്ചു നില്‍ക്കുന്ന ഗൂഗിളിന്‍റെ വീക്ഷണത്തില്‍ നില്‍ക്കുന്നത്  പോസ്റ്റുകള്‍ക്ക്‌ വളരെ നല്ലതാണു. ആയിരത്തി ഒരുനൂറ്റി പത്തൊന്‍പതു തുലാമാസം പതിമൂന്നാം തീയതിയോടു കൂടി 
ആന്‍ഡ്രോയിഡ്  ജെല്ലിബീന്‍ രാശിയില്‍ നിന്നും കീ ലൈം രാശിയിലേക്ക് കടക്കുന്നതിനാല്‍ ഭാഷാവരം വര്‍ദ്ധിക്കുകയും മൊബൈലില്‍ കൂടി ധാരാളം കമന്റുകള്‍ ലഭിക്കുകയും ചെയ്യും. 

രാശി ഫലങ്ങള്‍

വാസനകൂറ് (ഉണര്‍ന്നെണീറ്റു പല്ല് തേക്കുന്നതിനു മുന്‍പുള്ള അര നാഴിക നേരത്ത് പോസ്റ്റ്‌ ഇടുന്ന ബ്ലോഗ്ഗെര്‍മാര്‍ ഈ രാശിയില്‍ വരും)


ഡ്രാഫ്റ്റുകള്‍ ലേബല്‍ നഷ്ടപ്പെട്ട് ബ്ലോഗ്‌ക്ഷേത്രത്തില്‍ നിന്നും അകന്നു പോകുന്നതിനാല്‍ പോസ്റ്റ്‌ഹാനിയും കമന്റ്ഹാനിയും ഫലം.  ദോഷം മാറ്റാന്‍ കൊടകരപുരാണമോ, കുമാര സംഭവങ്ങളോ, ബെര്‍ളിത്തരങ്ങളോ വായിച്ചു കമന്റ് ഇടുന്നത് നന്നായിരിക്കും. ഗൂഗിള്‍ ആഡ് സെന്‍സില്‍ ഉപഭോക്താവ്‌ ആകുമെങ്കിലും  ചില ചില്ലറ കലാ പരിപാടികള്‍ കൊണ്ടൊന്നും വരുമാനം ലഭിക്കാന്‍ സാധ്യത കാണുന്നില്ല.  ഫെയ്ക്കുകള്‍ ബ്ലോഗ്‌ക്ഷേത്രമണ്ഡലത്തില്‍ അഗ്നിമാരുതയോഗം ചെയ്തു നിക്കുന്നതിനാല്‍ ബ്ലോഗ്‌മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്.  കര്‍ക്കടക രാമായണം,   കലിയുഗവരദന്‍, വിശാലഭാരതം തുടങ്ങിയ ആത്മീയ ബ്ലോഗുകള്‍ സ്ഥിരമായി പാരായണം ചെയ്യുന്നത്  കൂടാതെ  കമ്പ്യൂട്ടര്‍ ടിപ്സ് പഠിക്കുക കൂടി ചെയ്താല്‍ ബ്ലോഗ്‌ റീസ്റ്റോര്‍ ചെയ്യാന്‍ സാധിക്കും.  

പോസ്റ്റിടാന്‍ പറ്റിയ സമയം : ബ്ലോഗ്ഗെറില്‍ വ്യാഴാച്ചയും, വേര്‍ഡ്‌പ്രസ്സില്‍ ശനിയാഴ്ചയും.


ലിങ്കൂറ് (മറ്റുള്ളവരുടെ പോസ്റ്റിലും കമെന്റിലും ലിങ്ക് വിതറുന്ന ബ്ലോഗ്ഗെര്‍മാര്‍ ഈ രാശിയില്‍ വരും)

ഈ രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ കാലമാണ്.  പതിനൊന്നും ഭാവാധിപനായ ലിങ്ക് നീചംപ്രാപിച്ച്‌ ദുരിതത്തിൽ കലാശിക്കാന്‍ സാധ്യത കാണുന്നു. ദോഷം മാറാന്‍ അബസ്വരങ്ങള്‍ എല്ലാദിവസവും നൂറ്റൊന്നു പ്രാവശ്യം ഉരുവിടുന്നത് ഗുണം ചെയ്യും.  ബിലാത്തിപട്ടണംഎച്മുവോട് ഉലകം , ചിന്നുവിന്റെ നാട്കൊച്ചുത്രേസ്യയുടെ ലോകം, വെള്ളരിക്കാ പട്ടണം , അപ്പൂട്ടന്റെ ലോകം  തുടങ്ങി ബൂലോകം ചുറ്റി സഞ്ചരിച്ചു ലിങ്കിടാനുള്ള യോഗം കാണുന്നു. ലിങ്കിടുന്ന സമയത്ത് ഇടുന്ന പോസ്റ്റുമായി കുറഞ്ഞത്‌ വിഷയപൊരുത്തം, ദിനപ്പൊരുത്തം എന്നിവയെങ്കിലും ഉണ്ടായിരിക്കണം, ഇല്ലെങ്കില്‍ കൂടാരങ്ങൾക്ക് നാശവും, പിക്സെല്‍‌സിനു രോഗ പീഡയും ഫലം. പാപപരിഹാരത്തിനു ഊർക്കടവ് അമ്പലത്തിലോ,  വള്ളിക്കുന്ന് കാവിലോ നീര്‍‌മിഴിപ്പൂക്കള്‍‌ കാഴ്ച്ചവെച്ചു കമന്റ് ഇടുന്നത് നല്ലതാണു.

ലിങ്കിടാന്‍ പറ്റിയ സമയം : പൊരുത്തമുള്ള ലക്ഷണമൊത്ത ലിങ്കുകള്‍ക്ക് പ്രത്യേക മുഹൂര്‍ത്തമില്ല. പൊരുത്തം ഇല്ലാത്ത ലിങ്കുകള്‍ ബ്ലോഗോദയത്തിനു മുന്‍പ് ഇടാന്‍ ശ്രദ്ധിക്കുക

ത്രിനേത്ര കൂറ് (തേങ്ങ അടിക്കുവാന്‍ ആളെ റെഡിയാക്കി നിറുത്തിയിട്ടു പോസ്റ്റ്‌ ഇടുന്ന ബ്ലോഗ്ഗെര്‍മ്മാര്‍ ഈ രാശിയില്‍ വരും)

 തേങ്ങാനുഗുണപ്രകാരം നൂറ്റൊന്നു ലബേല്‍ മന്ത്രങ്ങള്‍ ഉരുക്കഴിച്ച കമന്റാകര്‍ഷണ ഗാട്ജെറ്റ് ബ്ലോഗ്ഗില്‍ പതിക്കുന്നത് ഗുണം ചെയ്യും. ഞാനും എന്‍റെ ബ്ലോഗും എന്ന ഭാവം വെടിഞ്ഞു മറ്റുളവരുടെ ബ്ലോഗിനെയും എന്റെ സ്വന്തം ബ്ലോഗ് ആയി കാണാനും അതിലെല്ലാം തേങ്ങയുടയ്ക്കാനും ശ്രമിക്കും. ബൂലോകത്തുള്ള മിക്കവാറും ബ്ലോഗ്ഗെര്‍മ്മാര്‍ സുഹൃത്തുക്കള്‍ ആയി തീരും. ഗഫൂര്‍ കാ ദോസ്ത്, പത്രക്കാരന്‍, !പടന്നക്കാരന്‍, ! ഞാനൊരു പാവം പ്രവാസി, അനില്‍ നമ്പൂതിരിപ്പാട്, ഒളിപ്പോരാളി എന്നുവേണ്ട മണ്ടൂസന്‍ വരെ ഫ്രെണ്ട് റിക്വസ്റ്റ് അയക്കാന്‍ സാധ്യത കാണുന്നു. ഘടനാസ്വരൂപമായ ടെമ്പ്ലേറ്റില്‍ ഇടങ്ങേറുകാരന്‍റെ അപഹാരം മൂലം ചില ഭ്രാന്തന് ചിന്തകള് ഉണ്ടാകുമെങ്കിലും ഒരു ഫിനിക്സ് പക്ഷിയെപോലെ ഉണ്ടാപ്രിയുടെ ലോകത്തെക്ക് തിരികെ വരും. 'ശുഭം കമന്റോത്തമേ തേങ്ങ' എന്നാണെങ്കിലും, നാളീകേരമുടയ്ക്കുന്ന മാത്രയില്‍ തന്നെ ലിങ്ക് വിതറുന്നത് വിപരീതഫലം നല്‍കുമെന്ന് കമന്റിലോര്‍ക്കുന്നത് നന്ന്.  

തേങ്ങയുടയ്ക്കാന്‍ പറ്റിയ സമയം : പോസ്റ്റ്‌ ഇട്ടതിനു ശേഷം ആദ്യ കമന്റ് വരുന്നതിനു മുന്‍പുള്ള അര നാഴിക നേരം.


സദാചാര കൂറ് (എന്തിനും ഏതിനും സദാചാര പോസ്റ്റുകള്‍ ഇടുന്ന ബ്ലോഗ്ഗെര്‍മ്മാര്‍ ഈ രാശിയില്‍ വരും)

പോസ്റ്റ്‌ സമൃഥിയുടെ വര്‍ഷമാണ്‌ ഈ രാശിക്കാര്‍ക്ക്.  അസ്തമനാല്‍പൂര്‍വ്വത്തില്‍ മലയാളീ ഹൌസില്‍ നടത്തപ്പെടുന്ന പഞ്ചാംഗനമസ്കാരപൂജയാല്‍ ധാരാളം പോസ്റ്റുകള്‍ ഇടാന്‍ സാധിക്കും.  അനോണി ആന്റണി, അനോമണി എന്നീ ഗ്രഹങ്ങള്‍ സ്ഫുടത്തില്‍ നില്‍ക്കുന്നതിനാല്‍ ധാരാളം അനോണി കമന്റുകള്‍ ലഭിക്കുമെങ്കിലും വിവാദങ്ങള്‍ നിഴലും ഞാനും പോലെ പിന്തുടരും. അമാവാസി ദിനത്തില്‍ ബൂലോഗ ക്ലബ്ബുകളില്‍ കറങ്ങിനടക്കുന്നത് കാരണം സകല ഉഡായിപ്പുകളും ബൂലോകമറിയും. കൂടാതെ കുഞ്ഞാ..ഇതൊന്നും അത്ര നല്ലേനല്ല എന്ന് ഉപദേശിക്കുമ്പോള്‍ താന്‍ ഒരു കൂതറ ആണെന്ന് മറന്നുപോകാന്‍ ഇടവരും.  എന്നിരുന്നാലും ചുരുക്കം ചില താന്തോന്നികളെ നേര്‍വഴിക്കു നടത്താന്‍ കഴിയും. പാപപരിഹാരത്തിന് പുഞ്ചപ്പാടത്തുള്ള  വാഗ്ജ്യോതിയുടെ  അമ്പലത്തില്‍ തൂലിക കാണിക്കവെച്ചു പ്രാര്‍ഥിക്കുക.

പോസ്റ്റിടാന്‍ പറ്റിയ സമയം :  വാര്‍ത്ത കഴിഞ്ഞു മൂന്ന് വിനാഴികയ്ക്കുള്ളില്‍ ഇടുന്ന പോസ്റ്റിനു ഇരട്ടി ഗുണം.


നാരി കൂറ് (വനിതാ ബ്ലോഗ്ഗര്‍മ്മാര്‍ക്ക് മാത്രം കമന്റും ലൈക്കും നല്‍ക്കുന്ന ബ്ലോഗ്ഗെര്‍മ്മാര്‍ ഈ രാശിയില്‍ വരും)

'പ്രൊഫൈല്‍ മൂലം ഫോട്ടോ മൂലം കമന്റുകള്‍ പലവിധം പോസ്റ്റില്‍ സുലഭം' എന്ന കവിഭാഷ ഉടലെടുത്തത് തന്നെ ഈ രാശിക്കാരുടെ പ്രവര്‍ത്തന ഫലമായാണ്‌. മുല്ലപ്പൂക്കള്‍, ഇലഞ്ഞിപൂക്കള്‍, നീലക്കുറിഞ്ഞി, വയല്‍ പൂവ്, റോസാപ്പൂക്കള്‍, പവിഴമല്ലി, ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധി എന്നിങ്ങനെ പൂക്കളോടുള്ള അഭിനിവേശം  വര്‍ധിക്കും. ബ്ലോഗില്‍ പതിച്ചിരിക്കുന്ന  മദനലൈക്കായയന്ത്രം മാറ്റി അവിടെ അഷ്ടാദശാക്ഷരകമന്റ് യന്ത്രം ഗാട്ജെറ്റ് രൂപത്തില്‍ പ്രതിഷ്ട്ടിക്കുനത് വളരെ നല്ലതാണു.  തന്‍റെ പോസ്റ്റുകള്‍ കൊമ്പന്റെ വമ്പത്തരങ്ങള്‍ ആണെന്ന് സ്വയം തോന്നുമെങ്കിലും മറ്റുള്ളവര്‍ക്ക് അത് വെറും പിച്ചും പേയും ആയിരിക്കും. നിസര്‍ഗ്ഗം സ്ത്രീ രാശികളുടെ  ജങ്ങ്ഷനില്‍ എത്തി നില്‍ക്കുന്ന സമയമാണ്,  പാപപരിഹാരത്തിന് എഴുത്താണി, നിധീശ്വരം കോവിലില്‍ നേര്‍ച്ചവെച്ചു അഷ്ടകമന്റാര്‍ച്ചന നടത്തുക.

ലൈക്കടിക്കാന്‍ പറ്റിയ സമയം : പ്രൊഫൈല്‍ ഫെയിക് അല്ല എന്നുറപ്പ് ആണെങ്കില്‍, ശാന്തിമുഹൂര്‍ത്തത്തില്‍ ഇടുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഏതു സമയത്ത് ഇട്ടാലും ഫലം കിട്ടില്ല. 

നീലകൂറ് ('ബ്ലൂ' പോസ്റ്റുകള്‍ മാത്രം വാരി വിതറുന്ന ബ്ലോഗ്ഗെര്‍മാര്‍ ഈ കൂറില്‍ വരും)  

സമയം വളരെ മോശമാണ് സൂക്ഷിക്കണം. ഇടുന്ന പോസ്റ്റുകള്‍ മുഴുവന്‍ പടവന്‍റെ പടവാള്‍ പോലെ ഹെഡറിനു മുകളില്‍ തൂങ്ങിക്കിടക്കും.  ബൂലോകത്തില്‍ ഇടുന്ന പോസ്റ്റുകള്‍ക്ക്‌ കുലാധിപന്മമാര്‍ക്ക് വരെ ബലക്ഷയം ഉണ്ടാക്കുന്ന കമന്റുകള്‍ ഫലം. ലവണതീരങ്ങളിലൂടെ കേന്ദ്രരാശിയില്‍ സഞ്ചരിക്കേണ്ട യാഹൂ  തേജസ്‌ നഷ്ടപ്പെട്ട് കഥാവശേഷനായി കാണപ്പെടുന്നതിനാല്‍ ജീവധാനിക്ക് ഹാനിയുണ്ടാവാന്‍ യോഗം കാണുന്നു. പിതൃമാതൃകാരകത്വത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ വരിയും വരയുമായി ലഭിക്കാന്‍ ഇടവരും. ഗ്രൂപ്പുകളിലെ അംഗത്വം നഷ്ടപ്പെട്ട് വനവാസത്തിനു പോകേണ്ടിവരും. എന്നിരുന്നാലും സൈബര്‍ സ്പേസില്‍ ചീരാമുളകിന്‍റെ (വി)കൃതികള്‍ ഉള്‍പ്രേരകങ്ങളായി തീരുന്നതുകൊണ്ട്‌ പോസ്റ്റുകള്‍ക്ക്‌ മുട്ടുണ്ടാവുകയില്ല. ദിവസവും മുള്ളന്മാടി കാവില്‍ ബ്ലോഗ്ദേവിക്ക് കുങ്കുമം അര്‍ച്ചന ചെയ്തു  നിലാവസ്തമിക്കും മുന്‍പ് സുബിവാക്യം  ആയിരത്തി ഒന്ന് തവണ ഉരുവിടാതെ മന്വന്തരത്തില്‍ പോലും മുക്തി കിട്ടില്ല. 


പോസ്റ്റിടാന്‍ പറ്റിയ സമയം :  സദാചാര കൂറുകാര്‍ അറിയാതെ ഏതു സമയവും പോസ്റ്റ്‌ ഇടാവുന്നതാണ്.കോപ്പി കൂറ് (മറ്റുളവരുടെ പോസ്റ്റുകള്‍ അടിച്ചു മാറ്റി പോസ്റ്റ്‌ ആക്കുന്ന ബ്ലോഗ്ഗെര്‍മാര്‍ ഈ രാശിയില്‍ വരും)

പഞ്ചഭൂതങ്ങള്‍ നപുംസകാധിപത്യത്തില്‍ കഴിയുന്നതിനാല്‍ ദേഹപ്രകൃതിതന്നെ മാറാന്‍ ഇടയുണ്ട്. ബൂലോകകഥകള്‍ സ്വന്തം കഥകള്‍ ആക്കി മാറ്റാനുള്ള എന്‍റെ തോന്നലുകള്‍ ഇത്തിരി നേരം എടുത്തായാലും നിയന്ത്രിക്കണം, ഇല്ലെങ്കില്‍ നിരക്ഷരൻ പറയാതെ ബാക്കി വെച്ചത് വോയിസ് ഓഫ് എ വില്ലേജ് ഗേളിന്റെ ശബ്ദത്തില്‍ അത്തോളിക്കാരന്‍ പറയുന്നത് കേള്‍ക്കേണ്ടി വരും. അധിദേവതകളായ ബ്ലോഗ്ഗെര്‍മാര്‍ വിചിത്രന്‍ & കമ്പനിയായി  രൂപാന്തരണം സംഭവിച്ചു ബ്ലോഗില്‍ കനല്‍ ചിന്തുകള്‍ വിതറും. മിക്ക പോസ്റ്റുകള്‍ക്കും ചവറ്റു കുട്ടയില്‍ ആണ് സ്ഥാനം എങ്കിലും പോസ്റ്റ്‌ ഗുണം കൊണ്ട്  സെന്‍റര്‍കോര്‍ട്ട് കയറിയിറങ്ങേണ്ടിവരും.  അഭിഭാഷണം മൂലം അഹങ്കാരിയായി , കല്ലിവല്ലിയായി തീരും. കുട്ടിക്കളി മാറാന്‍ തിരുവാതിര ദിനത്തില്‍ കുമ്മാട്ടി കാവില്‍ അസൃസ് തായമ്പകയില്‍ ഹൃദയതാളങ്ങള്‍ തീര്‍ക്കാമെന്ന് നേര്‍ച്ച നല്‍കുക.    

പോസ്റ്റിടാന്‍ പറ്റിയ സമയം : പോസ്റ്റുകള്‍ ഇടാതിരിക്കുന്നതാണ് ദേഹപ്രകൃതിക്ക് നല്ലത്.


വെള്ളി കൂറ് (വെള്ളി, ശനി, ഞായര്‍ എണീ അവധി ദിവസങ്ങളില്‍ മാത്രം പോസ്റ്റ്‌ ഇടുന്ന ബ്ലോഗ്ഗെര്‍മാര്‍ ഈ രാശിയില്‍ വരും. ഇതിനെ അവധി കൂറ് എന്നും പറയും.)കായംകുളം സൂപ്പര്‍ഫാസ്റ്റ്കണ്ണൂര്‍ പാസഞ്ചര്‍, അറേബ്യന്‍ എക്സ്പ്രസ്സ്‌ എന്നീ ട്രെയിനുകളില്‍ നാട്ടിലേക്കു യാത്ര ചെയ്യുനതായി  സ്വപ്നം കാണും. കലിയുഗ കഥാസാഗരത്തില്‍ തൃശൂര്‍ വിശേഷങ്ങള്‍ അന്യമാകുന്നതിനെ കുറിച്ച് കൂലങ്കഷമായി ചിന്തിക്കും. നമ്മുടെ ബൂലോകത്തില്‍ നല്ല സൃഷ്ടികള്‍ പോസ്റ്റ്‌ ചെയ്യാന്‍ കഴിയും. സൂര്യാദിഗ്രഹങ്ങളുടെ അംശകഫലത്താല്‍ വസീകരണങ്ങള്‍ ധാരാളമുണ്ടാകമെങ്കിലും അവയെ തുഞ്ചാണി കൊണ്ട് നേരിടാന്‍ കഴിയും.  സ്വക്ഷേത്രസ്ഥിതിഫലം മെച്ചപ്പെടുന്നതിനാല്‍ ഇന്നലെയുടെ സ്മാരകങ്ങള്‍ ഓര്‍ക്കാതിരിക്കാന്‍ ശ്രമിക്കും.  ബാല്‍ക്കണിയില്‍ ഇരുന്നു കാണേണ്ട സിനിമകള്‍ യൌടൂബില്‍ കൂടി കാണാന്‍ ഇടവരും. പഞ്ചധൂമാദികള്‍ വിശ്വമാനവികത്തില്‍ സൗമ്യദര്‍ശനം ചെയ്തു നില്‍ക്കുന്നതിനാല്‍ സുമനസ്സ് ഉള്ള ഒരു പെണ്‍കുട്ടിയുമായി സ്നേഹക്കൂട് പണിയാന്‍ കഴിയും. വാക്താരകം മാറ്റിവെച്ചു മനു സ്മൃതികള് ഉരുവിടുന്നത് ബ്ലോഗ്‌വിജയത്തിന് കാരണമാകും. 


പോസ്റ്റിടാന്‍ പറ്റിയ സമയം : അവധി തുടങ്ങുന്ന ദിവസം രാവിലെ പത്തിനും പത്തരയ്ക്കും ഇടയില്‍.

 

മൌന കൂറ് (ഒരിക്കല്‍ സജീവനും ഇപ്പോള്‍ നിര്‍ജീവനും ആയ ബ്ലോഗ്ഗെര്‍മാര്‍ ഈ രാശിയില്‍ വരും)

 ഭാവനാഗ്രഹങ്ങള്‍ ലൈക്ക്, പോക്കാദി പഞ്ചസ്ഫുടങ്ങള്‍ അപഹരിച്ചു റൈറ്റെര്‍സ്  ബ്ലോക്കിന്‍റെ ദ്രേക്കാണത്തില്‍ നില്‍ക്കുന്നതിനാല്‍ പുതിയ പോസ്റ്റുകള്‍ ഉണ്ടാവാന്‍ വളരെ പരിശ്രമിക്കേണ്ടി വരും.  അനുഭവങ്ങള്‍, കഥകള്‍ ധാരാളം മനസിലുണ്ടെങ്കിലും പോസ്റ്റുകള്‍ക്ക്‌ പഴയ 'ഗും' ഉണ്ടാവുകയില്ല. ഭാവനാഗ്രഹങ്ങള്‍ക്ക്‌വന്ന ഈ അപഹാരം നിസാരമല്ല. മൊത്തം ചില്ലറമൊട്ടത്തലയിലെ നട്ടപ്പിരാന്തുകള്‍, കൊടകരപുരാണം, പോങ്ങുമ്മൂടന്‍, ബ്രിജ് വിഹാരം തുടങ്ങി പ്രശസ്തമായ പലബ്ലോഗുകളെയും ഈ അപഹാരം ബാധിച്ചിട്ടുണ്ട് എന്നറിയുമ്പോഴാണ് ഇത് മൂലമുള്ള തൊന്തരവ് മനസിലാവുക. ആദിയില്‍ ബൂലോകത്തിന്‍റെ ഇരിപ്പിടത്തില്‍ കഥപെട്ടി തുറന്നിട്ട പലരും പിന്നീട് വെറും കാഴ്ചക്കാരൻ ആവാന്‍ കാരണം ഈ ഗ്രഹണകാലമാണ്. മലയാളികളുടെ  ഹൃദയത്തുടിപ്പുകള്‍ അറിഞ്ഞ ഇവര്‍ക്കുവേണ്ടി  ബ്ലോഗാദാശി വ്രതം അനുഷ്ടിക്കാന്‍ വരെ ബ്ലോഗ്ഗെര്‍മാര്‍ തയ്യാറാവും. അക്ഷരച്ചിന്തുകൾ മറന്ന് പോകാതിരിയ്ക്കാന്‍ കടലാസ്സില്‍ കചടതപ  നൂറ്റൊന്നു ആവര്‍ത്തിച്ചു എറക്കാടന്‍ കാവില്‍ കാണിക്ക വെച്ചു പ്രാര്‍ത്ഥിക്കുക.

പോസ്റ്റിടാന്‍ പറ്റിയ സമയം :ഏതു സമയത്തുംപോസ്റ്റ്‌ ഇടാനുള്ള പ്രത്യേക വരം ലഭിച്ചതിനാല്‍ പ്രത്യേക മുഹൂര്‍ത്തമില്ല.


ബോധന കൂറ് (ബ്ലോഗിങ് പഠിപ്പിച്ചേ അടങ്ങൂ എന്നു വാശിയുള്ള ബ്ലോഗ്ഗെര്‍മാര്‍ ഈ രാശിയില്‍ വരും)
 വിദ്യാകാരകങ്ങളായ അഗ്രിഗേറ്റര്‍ ഗ്രഹങ്ങള്‍ രാശിസ്വരൂപങ്ങളായി വിളങ്ങി നില്‍ക്കുന്ന സമയമാണ്. ഫോട്ടോഷോപ്പിയില്‍ വെറും അഞ്ജലികം കൊണ്ട് വരച്ചാല്‍ പോലും  നൂറു ലൈക്കും കമന്റും കിട്ടുന്ന അനശ്വര സമയം.  പക്ഷെ വരയ്ക്കുന്ന സമയത്ത് റീ-ഫ്രഷ്‌ മെമ്മറി ചെയ്യാന്‍ പ്രത്യേകം ശ്രദ്ധികാതെയിരുന്നാല്‍ അന്‍വരികള്‍ പോലും തെളിഞ്ഞു വന്നു എന്നു വരില്ല.  കളത്തട്ടിലും, വേറിട്ട വീഥിയിയിലും, പൂമര ചുവട്ടിലും എന്നുവേണ്ട കണ്ണാടി കാണുമ്പോള്‍ പോലും ബ്ലോഗിനെയും പോസ്റ്റിനെയും കുറിച്ച് മാത്രം ചിന്തിക്കും.   പോസ്റ്റുകള്‍ മറക്കാതിരിക്കാനായി മാത്രം  ബുക്ക്‌മാര്‍ക്ക് ചെയ്യുന്നത്  നല്ലതാണു. എന്‍റെ സ്വപ്നഗള്‍ക്ക് ചിറകു മുളയ്ക്കുമ്പോള്‍ ഒരു മലയാളം ബ്ലോഗ്‌ അക്കാദമി തന്നെ തുടങ്ങുന്നതായി തോന്നിയേക്കാന്‍ ഇടയുണ്ട്.  സ്വപ്‌നങ്ങള്‍ സാഷത്ക്കരിക്കാന്‍ ശിഹാബ് മദാരിയിലെ ബെഞ്ചാലി കോവിലില്‍ 'ജാദു ടിപ്സ്', 'ബനാന ചിപ്സ്' എന്നിവ നേര്‍ച്ച വെച്ചു പ്രാര്‍ത്ഥിക്കുക.      

ക്ലാസ്സ്‌ എടുക്കാന്‍ പറ്റിയ സമയം : നിദ്രാ ഗ്രഹത്തിന്‍റെ അപഹാരം ഭോജനത്തിനു ശേഷമാകയാല്‍ 'ഭോജന പൂര്‍വേ ബോധന' എന്നാണ് ശ്ലോകം. 


 വ്രതങ്ങള്‍ബ്ലോഗാദാശി, ട്വീറ്റവ്രതം, അനോണിവാസി വ്രതം, സോഷ്യലി വ്രതം തുടങ്ങിയ ബ്ലോഗ്‌ വ്രതങ്ങള്‍ എടുക്കുന്നവര്‍ വില്ലേജ്മാനെ പോലെയുള്ള പ്രൊഫൈല്‍ കാത്തു ശൂക്ഷിക്കണം. അവിയൽ, ആലിപ്പഴങ്ങള്‍ തുടങ്ങിയ പച്ചബ്ലോഗുകള്‍ മാത്രം വായിക്കുക. തണല്‍മരങ്ങളില്‍ നിന്നു നിശാ ശലഭങ്ങൾ പിന്മാറുന്ന സമയം വരെ വ്രതം എടുക്കേണ്ടതാണ്.  വ്രതാനുഷ്ടാനങ്ങൾ ബൂലോഗ കാരുണ്യം വര്‍ധിപ്പിക്കുമെന്ന് ബ്ലോഗ്‌ഗുരു അജിത്തെട്ടന്‍ എഴുതിയ  'എന്ന് സ്വന്തം  ജി പ്ലസ്‌ സൂക്തങ്ങള്‍' എന്ന വേദ ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.

തയ്യാറാക്കിയത് : ബ്ലോഗജ്ഞര്‍ സര്‍വശ്രീ ലംബോദര പണിക്കര്‍, ഒളിപ്പോരാനന്ദ തിരുവടികള്‍, പടവന്‍ സ്വാമികള്‍ഗാട്ജെറ്റാനന്ദ പീഠം (ബ്ലോദിക്, കമന്റ്റിക്ക്, നോട്ടിഫിക്കേഷനിക്ക് പഠന കേന്ദ്രം), ബൂലോകം.

Wednesday, October 9, 2013

ഒരു പേരില്‍ എന്തിരിക്കുന്നു.

ഞാറക്കാട്ടില്‍ പണിക്കവീട്ടില്‍ തുണ്ടില്‍ ശ്രീജിത്ത്. ഇതെന്തൊരു പെരെടാ അപ്പനെ.. എന്ന് ചിന്തിച്ചു തല പുണ്ണാക്കണ്ട. എനിക്കിതുമാത്രമല്ല വേറെ കുറെ പേരുകള്‍ ഉണ്ടായിരുന്നു, കൂടുതലും ഇരട്ടപേരുകള്‍ ആയിരുന്നെന്നു മാത്രം.

വീട്ടില്‍ വിളിക്കുന്ന പേരാണ് 'വിനോദ്', എന്‍റെ ഓര്‍മയില്‍ ഞാന്‍ ആദ്യം നില്‍ക്കുന്നത് 'വിനോദ് & കമ്പനി' എന്ന ഒറ്റമുറികടയിലാണ്. മോനെ, ചെറുക്കാ, എടാ എന്നിങ്ങനെ കുട്ടികളെ വിളിക്കാന്‍ ധാരാളം പേരുകള്‍ ഉണ്ടായിരുന്നതിനാല്‍ പ്രത്യേകമായി ഒരു പേര് വെണ്ട ആവശ്യകത അന്ന് ഉണ്ടായിരുന്നില്ല. ഒന്നാം ക്ലാസില്‍ ചേര്‍ന്നപ്പോഴാണ് ഇപ്പോഴുള്ള പേര് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്. ക്ലാസ്സിലെ എല്ലാ കുട്ടികളുടെയും പേര് വിളിച്ചു തീര്‍ന്നിട്ടും ഒരു കുട്ടി ബാകി വന്നതിന്‍റെ കണ്ഫുഷനില്‍ 'നിന്‍റെ പേരെന്താ?' എന്ന അധ്യാപകന്‍റെ ചോദ്യത്തിന് മുന്നില്‍ 'വിനോദ് & കമ്പനി' എന്ന് പറയാന്‍ എനിക്ക് കണ്ഫുഷന്‍ വരണ്ട കാര്യമില്ലല്ലോ. ഹാജര്‍ ബുക്കില്‍ ബാക്കി വന്ന 'ശ്രീജിത്ത്' ഇവന്‍ തന്നെയാണെന്ന് മനസിലാക്കാതെയിരിക്കാന്‍ അദ്ധ്യാപകന്‍ എന്നെ പോലെ മണ്ടനുമായിരുന്നില്ലലോ.

ആദ്യ ദിവസത്തെ 'പഠനം' കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോള്‍ അമ്മ ചോദിച്ചു 'ആരോക്കെയാടാ നിന്‍റെ കൂട്ടുകാര്?'‍, ആകെ പഠിച്ച രണ്ടു കൂട്ടുകാരുടെ പേരുകള്‍ അഭിമാനത്തോടെ ഞാന്‍ പറഞ്ഞു 'കുര്യാപോത്ത്', 'ഭാസക്കരി'. പിന്നീടു അമ്മ പണിത പാര കാരണം അനിയത്തിമാര്‍ക്ക് എന്നെ കളിയാക്കാന്‍ കിട്ടിയ വജ്രായുധങ്ങള്‍ ആയിരുന്നു ആ പേരുകള്‍.

സ്കൂളില്‍ വലിയ ഇരട്ടപേരുകള്‍ ഒന്നും എനിക്ക് വീണില്ല എന്ന് പറയുന്നത് കള്ളമാണെന്ന് നിങ്ങള്‍ക്കറിയാം എങ്കിലും അതില്‍ ഓര്‍ത്തു വെയ്ക്കാന്‍ തക്കവണ്ണം രസമുള്ള പേരുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. അച്ഛനും അമ്മയും സ്ഥിരം ഉപയോഗിക്കുന്ന പൊട്ടാ, കിഴങ്ങാ, കൊരങ്ങാ തുടങ്ങിയ പേരുകള്‍ ഇരട്ടപേരുകളായി കണക്കാക്കേണ്ടി വന്നിട്ടില്ല, കാരണം 'വിനോദ്' 'ശ്രീജിത്ത്' എന്നീ പേരുകളെക്കാള്‍ കൂടുതല്‍ ഉപയോഗിക്കപെട്ടത് മുകളില്‍ പറഞ്ഞ പേരുകള്‍ ആയിരുന്നു.

സര്‍ക്കാര്‍ സ്കൂളില്‍ നന്നായി ഉഴപ്പി നടന്നിരുന്ന എന്നെ എട്ടാം ക്ലാസ്സില്‍ 'വെള്ളരികുണ്ടിലുള്ള' കന്യാസ്ത്രീ സ്കൂളില്‍ ചേര്‍ത്തു കഴിഞ്ഞ ആദ്യ അസ്സെംബ്ലിയില്‍, എട്ടു ബിയില്‍ പഠിക്കുന്ന 'കുമാരി സ്വപ്ന കുമാരി' ഇന്നത്തെ പത്രവാര്‍ത്തകള്‍ വായിക്കും എന്ന് കേട്ടപ്പോഴാണ്, സ്കൂളിലേക്ക് ആദ്യമായി കടന്നു വന്നപ്പോള്‍ തന്ന ഹൃദ്യമായ പുഞ്ചിരിയുടെ ഉടമയുടെ പേര് ഞാന്‍ മനസിലാക്കുന്നത്‌.  എന്നാലും ഈ മുന്നിലും പിന്നിലും 'കുമാരി' വന്നത് എങ്ങിനെയെന്നു അന്നെനിക്ക് മനസിലായില്ല. ഈ 'കുമാരി' കാരണം കൌമാരത്തിലേക്ക് കടക്കാന്‍ വെമ്പുന്ന എന്‍റെ ബാല്യം ചൂരലുകളുടെ തലങ്ങും വിലങ്ങുമുള്ള പ്രയോഗത്താല്‍ തളരേണ്ടി വന്നത് മറ്റൊരു പേരില്ലാ കഥ. (അതൊരു വലിയ കഥയാ ഇപ്പോള്‍ പറഞ്ഞാല്‍ തീരൂല്ല)

സാമ്പത്തിക പ്രതിസന്ധി മൂലം ഉള്ള ചീത്തപേര് വീണ്ടു ചീത്തയാവാതെയിരിക്കാന്‍ 'ശ്രീധരന്‍' എന്ന എന്‍റെ അച്ഛന്‍ 'ചന്ദ്രിക' എന്ന എന്‍റെ അമ്മയെയും, എന്നെയും രണ്ടു അനിയത്തിമാരെയും കൂട്ടി 'കാസര്‍ഗോഡുള്ള' 'കോലുംകാല്‍‍' എന്ന മലനാട്ടില്‍ നിന്നും 'കായംകുളം' എന്ന പരന്ന നാട്ടിലേക്ക് പാലായനം ചെയ്യുമ്പോള്‍ 'ശ്രീധാരനോ', 'ശ്രീജിത്തിനോ' 'ശ്രീ' അശേഷം ഉണ്ടായിരുന്നില്ല. വാടക വീട്ടില്‍ ഓലകൊണ്ട് മറച്ച ഭിത്തികള്‍ക്കിടയിലൂടെ 'ചന്ദ്രിക' കടന്നു വരുന്നത് എന്‍റെ അമ്മ 'ചന്ദ്രികയ്ക്ക്' ഒട്ടും പിടിച്ചിരുന്നുമില്ല.

'മാവേലിക്കരയിലെ' 'കുറത്തികാടുള്ള' 'സെന്റ്‌ ജൂഡ്സ്' കോളേജിലെ പ്രീ-ഡിഗ്രി പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നത് റിസള്‍ട്ട് വന്നപ്പോള്‍ നിലനിര്‍ത്തിയ ചീത്തപേര് മൂലമാണ്. (സെന്റ്‌ ജൂഡ്
കുറത്തികാട്ടില്‍ നടത്തിയ അധിനിവേശത്തിനു എതിരെയുള്ള ഒരു പ്രധിഷേധമായി മാത്രം ഇതിനെ കണ്ടാല്‍ മതി)

പ്രീ-ഡിഗ്രി ഒന്നും ഒരു ഡിഗ്രിയല്ല മോനെ, വല്ല പണിയും കിട്ടണമെങ്കില്‍ പല-ടെക്കനിക്കും പഠിക്കണം എന്ന് മനസിലായപ്പോള്‍ പൊളി-ടെക്കനിക്കില്‍ ചേര്‍ന്ന് ടൂള്‍-ആന്‍ഡ്‌-ഡൈ മേകിംഗ് പഠനം ആരംഭിച്ച ആദ്യദിവസം തന്നെ ചുറ്റികയുമായി സഹപാഠിയുടെ കാല്‍ച്ചുവട്ടിലേക്ക് വെറുതെ ഒന്ന് മറിഞ്ഞു വീണതിന്റെ പേരില്‍ കിട്ടിയ പേരാണ് 'സാഷ്ടാംഗന്‍'. ആരോഗ്യം സംരഷിക്കാന്‍ 'കമ്പ്യൂട്ടര്‍' പഠിക്കാന്‍ പോകാനുള്ള തീരുമാനം അമ്മൂമ്മയുമായി പങ്കുവെച്ചപ്പോള്‍ "പിന്നേ ഇത്തിരി ഇല്ലാത്ത നീ അല്ലെ  'കമ്പി വളയ്ക്കാന്‍' പോകുന്നത്" എന്നത് കേട്ട് സ്വന്തം പേരില്‍ ഒരു മാറ്റം വേണമെന്ന് കമ്പ്യൂട്ടര്‍ ചിന്തിച്ചാല്‍ പോലും കുറ്റം പറയാന്‍ പറ്റില്ലാലോ.

'കാസര്‍ഗോഡ്‌' 'പെരിയ' പൊളിടെക്കനിക്കിന് 'പെരിയ' കെട്ടിടവും 'കമ്പ്യൂട്ടര്‍ ലാബ്‌' എന്ന പേരില്‍ ഒരു വലിയ റൂമും ഉണ്ടായിരുന്നെങ്കിലും 'കമ്പ്യൂട്ടര്‍' എന്ന സാധനം പേരിനുപോലും അവിടെ ഉണ്ടായിരുന്നില്ല. ഊശാന്‍ താടിയുമായി ഈ കമ്പ്യൂട്ടര്‍ എങ്ങിനെയിരിക്കും എന്ന് ചിന്തിച്ചു നടന്ന എനിക്ക് വീണു കിട്ടിയ പേരാണ് 'ഭാബി' അന്നിറങ്ങിയ ഏതോ സിനിമയിലെ താടിക്കാരന്‍ കാര്‍ട്ടൂണ്‍ കഥാപാത്രമായിരുന്നു അത്. കമ്പ്യൂട്ടറുകള്‍ ലാബില്‍ നിറഞ്ഞിട്ടും ഞാന്‍ താടി വടിച്ചിട്ടും 'ഭാബി'യെന്ന പേര് മാത്രം മാറിയില്ല.

വര്‍ഷങ്ങള്‍ക്കുശേഷം 'ഇടപ്പള്ളിയില്‍' ജോലിചെയ്യുന്ന സമയത്ത് നടന്ന ഒരു മത്സരത്തിന്റെ പേരില്‍ കിട്ടിയ പേരാണ് 'ദിംദി മത്തായി' അതിനു കാരണം എന്താണെന്ന് അറിയാന്‍ 'ഫാന്‍റ്റം പൈലി' എന്ന പടത്തില്‍ മമൂട്ടിയും ലാലു അലക്സുമായുള്ള മത്സരം നോക്കിയാ മതി. ഇപ്പോഴും നിലനിക്കുന്ന പേരുകളില്‍ ഒന്നാണ് ഇത്. 


വിവാഹത്തിന്‍റെ ആദ്യ നാളുകളില്‍ പ്രിയതമ ചാര്‍ത്തി തന്ന പേരാണ് 'ശ്രീകുട്ടന്‍',  ഇപ്പോഴത്‌ 'ശ്രീജിത്തണ്ണന്‍' ആയി പരിണമിച്ചത്‌ ഞങ്ങളുടെ ബന്ധത്തിന് വന്ന പക്വത മൂലമാവണം.   വീണ്ടും വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍, ആഫ്രിക്കയില്‍ വെച്ചു ഒരു സായിപ്പ് ഇട്ടു തന്ന പേരാണ് 'ത്രീ-ഡിജിറ്റ്', 'ശ്രീജിത്ത്' എന്ന പേരുവിളിച്ചു സായിപ്പിന്റെ നാക്ക് ഉളുക്കിപോയാലോ എന്നാ പേടി ആയിരിക്കണം ഇത്തരം ഒരു പേര് സമ്മാനിക്കാന്‍ അദ്ദേഹത്തിന്
തോന്നിയത്. 


എയര്‍പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ കൌണ്ടറിനു മുന്‍പില്‍ നില്‍ക്കുമ്പോഴാണ് എന്‍റെ ഈ നീണ്ടപേര് വീണ്ടും പ്രശനം ആകുന്നതു. മിസ്ടര്‍ 'ഞാരകറ്റില്‍' എന്ന് കേട്ടാല്‍ ഇതേതു കൊന്തനാ എന്ന് ചിന്തിച്ചു പോകും. ചിലവര്‍ '
ഞാരകറ്റില്‍ പനിക വീറ്റിള്‍ റ്റുന്‍റ്റില്‍' എന്നൊക്കെ പറഞ്ഞു വരുമ്പോള്‍ തൊട്ടപ്പുറത്ത് നില്‍ക്കുന്ന സായിപ്പ്, ഏതോ ഒരു ഏലിയനെ കണ്ടത് പോലെ തുറിച്ചു നോക്കും. നീണ്ടയാത്രകളില്‍ ഇടയ്ക്കൊന്നു ശ്രദ്ധതെറ്റിയാല്‍ വിമാനം അതിന്‍റെ പാട്ടിനു പോകും. അപ്പോഴേക്കും നൂറ്റൊന്നു തവണ മിസ്ടര്‍ 'ഞാരകറ്റില്‍' ഉടനെ ഗേറ്റില്‍ എത്തണമെന്നു വിളിച്ചു പറഞ്ഞിട്ടുണ്ടാകും. ആര് മൈന്‍റ് ചെയ്യാന്‍?

പരിച്ചയപെടുന്ന ആഫ്രിക്കക്കാര്‍ക്കും, സായിപ്പന്മാര്‍ക്കും എന്‍റെ പേര് ഒരു കീറാമുട്ടിയാകുമ്പോള്‍ ഞാന്‍ പറയാറുണ്ട്‌ 'നിങ്ങള്‍ക്കെന്നെ എന്തും വിളിക്കാം, തെറി വിളിക്കാതിരുന്നാല്‍ മതി'. 

അല്ലെങ്കിലും ഒരു പേരില്‍ എന്തിരിക്കുന്നു. 

Sunday, August 25, 2013

ഗബോണ്‍ യാത്രകള്‍ - നയാന്‍ഗ

ഒന്നാം ഭാഗം ഇവിടെ വായിക്കാം

എല്ലാവരും കാത്തിരുന്നു മുഷിഞ്ഞുവല്ലേ..

സോറി, ഇന്നലെ ഓഫീസിലെ ജോലിത്തിരക്കു കാരണം വരാന്‍ താമസിച്ചു.

പുറത്തേക്കു പോകുന്നതിനു മുന്‍പ്, നയാന്‍ഗയെകുറിച്ച് അറിയണ്ടേ? ഗബോണ്‍ രാജ്യത്തെ ഏഴു സംസ്ഥാനങ്ങളില്‍ ഒന്നാണ് നയാന്‍ഗ.ഇത് മലകളാല്‍ ചുറ്റപ്പെട്ട ഒരു സമതലപ്രദേശമാണ്. രാജ്യത്തെ ഏറ്റവും ജന സാന്ദ്രത കുറഞ്ഞതും ഏറ്റവും ദരിദ്രമായതുമായ സംസ്ഥാനം ആണ് നയാന്‍ഗ. എന്നാല്‍ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു പ്രദേശം കൂടിയാണിത്. ഇരുപത്തി ഒന്നായിരം ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുള്ള ഇവിടെ ഏകദേശം പതിനാലായിരത്തി അഞ്ഞൂറ് പേര്‍ മാത്രമാണ്  താമസം. ചിബാന്‍ഗ എന്ന ഒരു ചെറുപട്ടണമാണ് ഈ സംസ്ഥാനത്തിന്‍റെ തലസ്ഥാനം.

ഇപ്പോള്‍ നമ്മള്‍ നില്‍ക്കുന്നത് സിയറ്റ് കമ്പനിയുടെ  കാലിവളര്‍ത്തല്‍ കേന്ദ്രത്തിന്‍റെ ഗസ്റ്റ് ഹൌസിലാണ്.  നിര്‍ഭാഗ്യവശാല്‍ ഇവിടെ നിന്നും കൂടുതല്‍ പുറത്തേക്കു പോകാന്‍ നമുക്ക് അനുവാദമില്ല. സാരമില്ലന്നേ ഇവിടം തന്നെ മനോഹരമാണ്.

ഈ വാതിലില്‍ കൂടി വെളിയിലേക്ക് നോക്കൂ

ഉണര്‍ന്നെണീറ്റപ്പോള്‍ കണ്ട കാഴ്ച്ച

ഇവിടെ പെരുപാമ്പ് ഉണ്ടോ.. ഒന്ന് തിരിഞ്ഞു നോക്കിക്കേ.

പെരുപാമ്പിന്റെ തോലുവെച്ചു ഭിത്തി അലങ്കരിച്ചിരിക്കുന്നു 
(ഒരു ഒന്നൊന്നര അലങ്കാരം ആയി പോയി)

ആദ്യം നമുക്ക് നയാന്‍ഗ നദിക്കരയില്‍ പോകാം. കോംഗോയില്‍ നിന്നാണ് നദിയുടെ ഉത്ഭവമെങ്കിലും ഒട്ടുമുക്കാല്‍ ഭാഗങ്ങളും ഗബോണിലാണ്.  വെള്ളത്തിന്‍റെ നിറം പോലും ഇരുണ്ടതു ഇവിടുത്തെ ധാതു നിക്ഷേപം കാരണമാണെന്നാണ് പറയപ്പെടുന്നത്‌.  ഇരുമ്പ്, ചെമ്പ്, സ്വര്‍ണം തുടങ്ങിയവയുടെ വന്‍ നിക്ഷേപമുണ്ട് ഇവിടെ. 

നയാന്‍ഗ നദി
നദി മറ്റൊരു വ്യൂ.

ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെ വെള്ള

നയാന്‍ഗ നദിയില്‍ ധാരാളം മുതലകളുണ്ട്, അതുകൊണ്ട് തന്നെ നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പോലും നീന്തലറിയില്ല. പക്ഷെ മനുഷ്യരെ മുതലകള്‍ തിന്നുന്നതിനേക്കാള്‍ ഇവിടെ മുതലകളെ മനുഷ്യരാണ് തിന്നുന്നത്. ചെറിയ മുതലയുടെ വാല്‍ ഭാഗമാണ് ഭക്ഷണത്തിന് ഉപയോഗിക്കുക.

ഈ നദിക്കരയില്‍ തന്നെയാണ് ചിബാന്‍ഗ എന്ന തലസ്ഥാന നഗരം. നഗരം എന്ന് പറയുമ്പോള്‍ കൊച്ചിയൊന്നും മനസ്സില്‍ വരരുത്. ഈ സംസ്ഥാനം മുഴുവന്‍ പതിനാലായിരം ആളുകളെ ഉള്ളൂ. നമ്മുടെ ഒരു കായംകുളം പട്ടണത്തേക്കാള്‍ ചെറുതാണ് ആ സ്ഥലം.  

ഇനി നമ്മള്‍ പോകുന്നതു നയാന്‍ഗയുടെ വശ്യമനോഹരമായ ഭൂപ്രകൃതി കാണാനാണ്. ഇത് പോലെ മനോഹരമായ പ്രദേശം ഒരു പക്ഷെ നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല.

ഹരിത മനോഹരം (ഒരു പക്ഷിയെയും കാണാം)

ചെടികള്‍ക്ക് ഇടയിലൂടെ ഒരു നോട്ടം

വന്നവഴി മറക്കരുത്, മറന്നാല്‍ തിരികെ പോകാന്‍ പറ്റൂല്ല.

നദിയിലേക്ക് ഒഴുകിയെത്തുന്ന ഒരു കാട്ടരുവി
കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന പുല്‍മേടുകള്‍

ഈ പുല്‍മേടുകളില്‍ പതിയിരിക്കുന്ന ഒരാളുണ്ട്. ആരാണെന്നോ? പെരുമ്പാമ്പ്. ഒരു ചെറിയ പശുവിനെ വിഴുങ്ങാനുള്ള വിശപ്പുമായി കാത്തിരിക്കുന്ന അവന്‍റെ മുന്നിലേക്ക്‌  'കുബൂസ് സ്വപ്നം കണ്ടു കിടന്നവന്റെ മുന്നിലേക്ക്‌ മക്‌-ഡോണാള്‍ഡ് ഹോം ഡെലിവറി ചെയ്യുന്നത്' പോലെ ഞാന്‍ ചെല്ലുന്ന കാര്യം ഓര്‍ത്തപ്പോള്‍ റിസ്ക്കെടുത്തില്ല. പിന്നെ അവനെ പിടിച്ചു വറത്തു തിന്നാന്‍ ഞാന്‍ ഇന്നാട്ടുകാരനൊന്നുമല്ലല്ലോ.

ഗബോണിലെ ഒരേ ഒരു കാലിവളര്‍ത്തല്‍ കേന്ദ്രമാണ് സിയറ്റ് ഗ്രൂപ്പിന്റെ അധീനതയില്‍ വരുന്ന ഈ റാഞ്ച്. പ്രധാനമായും മാംസത്തിനു വേണ്ടിയാണു ഇവിടെ കാലികളെ വളര്‍ത്തുന്നത്. പതിനായിരത്തോളം പശുക്കളും, ആയിരത്തോളം ആടുകളും, അന്‍പതില്‍ കുറയാത്ത കുതിരകളും ഇവിടെയുണ്ട്.  ഏകദേശം ഇരുന്നൂറ്റി അമ്പതു ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുകയാണ് ഈ വലിയ കാലി വളര്‍ത്തല്‍ കേന്ദ്രം.  കൃത്രിമമായുള്ള ഒരു തീറ്റയും ഇവിടെ വേണ്ട എന്നതാണ് ഇവിടുത്തെ പ്രത്യേകത. പരന്നു കിടക്കുന്ന പുല്‍മേടുകള്‍ കാലികള്‍ക്ക് ഭക്ഷണമൊരുക്കുന്നു. 


സിയറ്റിന്റെ പശുക്കള്‍ പതിനായിരത്തോളം പശുക്കള്‍ ഉണ്ട് ഇവിടെ.

ഇതുവരെ ഒരു മനുഷ്യകുഞ്ഞിനേം നമുക്ക് കാണാന്‍ പറ്റിയില്ല. അവസാനം ഞാന്‍ ഒരെണ്ണത്തിനെ കണ്ടു പിടിച്ചു. 


സിയറ്റിന്റെ ആട്ടിടയന്‍ പേര് ശശി. (ആട്ടിന്‍കൂടും കാണാം)

വളരെ പാവപ്പെട്ട ജനങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. ആട്, കാലി വളര്‍ത്തല്‍ ആണ് പ്രധാന തൊഴില്‍. മരം കൊണ്ടുള്ള ചെറിയ വീടുകളിലാണ് ഇവര്‍ താമസിക്കുന്നത്.ചില കുടുംബങ്ങള്‍ ചെറിയ തോതില്‍ ചോളം, ഉണ്ട മുളക്, ഏത്തപ്പഴം തുടങ്ങിയ കൃഷികള്‍ നടത്തുന്നുണ്ട്. വിപണനം ഒരു പ്രശ്നമായതിനാല്‍ കൂടുതല്‍ പേരും കാലിവളര്‍ത്തല്‍ തന്നെയാണ് ചെയ്യുന്നത്. ഇവിടങ്ങളിലെ കുട്ടികള്‍ക്ക് പഠനം, സ്കൂള്‍ എന്നിവയൊന്നും സ്വപ്നത്തില്‍ പോലും ഉണ്ടാവില്ല (സിയാറ്റിനു സ്വന്തമായി ഒരു സ്കൂള്‍ ഉണ്ട്, പക്ഷെ കമ്പനിയില്‍ ജോലി ചെയ്യുന്നവരുടെ കുട്ടികള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ). 

ഒരു ഗ്രാമം കഴിഞ്ഞാല്‍ പിന്നെ ഒരു പത്തു കിലോമീറ്ററെങ്കിലും പിന്നിട്ടാല്‍ മാത്രമേ അടുത്ത ഗ്രാമമുളൂ.  മാത്രമല്ല റോഡുകളുടെ അവസ്ഥ വളരെ പരിതാപകരവും. ചില സ്ഥലങ്ങളിലേക്ക് പോകാന്‍ റോഡുപോലുമില്ല. എന്നിരുന്നാലും പട്ടിണിമരണം ഇവിടെയുണ്ട് എന്ന് തോന്നുന്നില്ല. വെറുതെ ഒന്ന് കാട്ടിലോട്ടു കേറിയാല്‍ വയറു നിറച്ചു തിരിച്ചു പോരാം (പെരുമ്പാമ്പോ പുലിയോ വിശന്നിരിക്കുകയല്ലെങ്കില്‍).

എന്തായാലും ഇനി ഒന്ന് ഓഫീസില്‍ വരെ പോയിട്ട് നമുക്ക് ബാക്കി കറങ്ങാം, അല്ലെങ്കില്‍ അവെരെന്തെങ്കിലും വിചാരിച്ചാലോ.


ഇതാണ് സിയറ്റിന്റെ ഓഫീസിന്‍റെ ഒരു ഭാഗം. (കുതിരയെ മേയാന്‍ വിട്ടേക്കുവാ, സത്യം)


മലനിരകളാല്‍ ചുറ്റപ്പെട്ട പ്രദേശമാണ് നയാന്‍ഗയെന്നു ചിത്രങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് മനസിലായല്ലോ. ഈ മലനിരകള്‍ മുഴുവന്‍ ഇടതൂര്‍ന്ന മഴക്കാടുകളാണ്.  ആനയും പുലിയും, ചിമ്പാന്‍സിയും, ഗോറില്ലകളും, മറ്റനേകം ചെറു ജീവികളും നിറഞ്ഞ ആവാസ വ്യവസ്ഥ. കഴിഞ്ഞ ഒരു ദശകത്തില്‍ മാത്രം ഏകദേശം പതിനൊന്നായിരം ആനകളാണ് കൊമ്പുകള്‍ക്ക് വേണ്ടി ഗബോണില്‍ കൊല്ലപ്പെട്ടത്.  ഒരു കിലോഗ്രാം ആനകൊമ്പിന് ഏകദേശം ആയിരത്തി അഞ്ഞൂറ് യൂറോ ആണ് വില. ഏകദേശം നൂറില്‍ പരം ആനകൊമ്പുകള്‍ കഴിഞ്ഞ ദിവസം പരിസ്ഥിതി പ്രവര്‍ത്തകര്‍ പിടിച്ചെടുത്തു നശിപ്പിച്ചിരുന്നു.  ആനയെ കൊല്ലുന്നത് കൊമ്പിന് വേണ്ടിയാണെങ്കില്‍ ഭക്ഷണത്തിനു വേണ്ടിയാണു ഗോറിലകളെയും, ചിമ്പാന്‍സികളെയും കൊന്നൊടുക്കുന്നത്. ഇവ രണ്ടും ആഫ്രിക്കയുടെ വിശിഷ്ട ഭക്ഷണമാണ്.

ഇനി ഞാന്‍ ഒരു സാധനം കാണിച്ചു തരാം.

ഇതാണ് ഞാന്‍ പറഞ്ഞ സാധനം. ആനയുടെ തലയോട്ടി.
ഓരോ അലങ്കാര വസ്തുക്കളെ..!


ഞെട്ടിയോ? സാരമില്ല. ഞെട്ടല്‍ മാറ്റാന്‍ നമുക്ക് കുറച്ചു പൂക്കളും ചെടികളുമൊക്കെ കാണാം.


ഇതിനെ കമ്മല്‍പൂവ് എന്നാണ് പറയുന്നതെന്നു തോന്നുന്നു.

ഞാന്‍ കരുതി ഇത് നന്ത്യാര്‍വട്ടപൂആണെന്ന്, അല്ലാത്രെ ഇതാണ് കല്യാണി പൂ (ശവം നാറി എന്നും പറയുമെന്ന്). നമ്മുടെ ചെറുവാടി പറഞ്ഞാ പിന്നെ അപ്പീല്‍ ഇല്ലാലോ.
നാട്ടില്‍ ഇതിനെ പേരക്കയെന്നു പറയും
വളരെ വ്യത്യസ്തമായ ഒരു ചെടി. കായുടെ പുറത്തു മുഴുവന്‍ പൂവാണ്.

ഒരു കാര്യം  ശ്രദ്ധിച്ചോ, മരങ്ങളും ചെടികളുമെല്ലാം എത്ര പുഷ്ടിയോടുകൂടിയാണ് വളരുന്നതെന്ന്. അതിവിടുത്തെ മണ്ണിന്‍റെ പ്രത്യേകതയാണ്. നല്ല മണ്ണും, ആവശ്യത്തിനു മഴയും, നല്ല സൂര്യപ്രകാശവും ചേരുമ്പോള്‍ നട്ടതൊന്നും പാഴായി പോവില്ല.

നയാന്‍ഗയുടെ ഒരു പത്തു ശതമാനം പോലും നമ്മള്‍ ഇതുവരെ കണ്ടിട്ടില്ല. ചെറിയ രണ്ടു വെള്ളച്ചാട്ടങ്ങള്‍ വലിയ രണ്ടു നാഷണല്‍ പാര്‍ക്ക്  ഒക്കെ ഇവിടെയുണ്ട്. കാലവും സമയവും അനുവദിക്കുമെങ്കില്‍ നമുക്ക് പിന്നീടൊരിക്കല്‍ ഇവിടെ വന്ന് അതൊക്കെ കാണണം.

സന്ധ്യമയങ്ങും നേരം

സന്ധ്യമയങ്ങിയിരിക്കുന്നു, ഇനി കൂടുതല്‍ കറങ്ങി നടക്കുന്നത് ആരോഗ്യത്തിനു ഭൂഷണമല്ല. ഗസ്റ്റ് ഹൌസില്‍ പോയി നല്ല മട്ടന്‍ ഗ്രില്‍ ചെയ്തത് ഉണ്ടമുളക് ചമ്മന്തിയും കൂട്ടി കഴിച്ചിട്ട്, എല്ലാവരും ഉറങ്ങിക്കോ. 

നാളെ രാവിലെത്തന്നെ എണീക്കണേ, രാവിലെ നമുക്ക് അടുത്ത സ്ഥലത്തേക്ക് പോകണം. അപ്പോള്‍ നാളെ സന്തിക്കും വരെ വണക്കം.