ലിബ്രവില്ലെയില്‍ തിരിച്ചു വന്നിട്ടും നയാന്‍ഗയുടെ കുളിര്‍മ ഇപ്പോഴും മനസ്സില്‍ തങ്ങി നില്‍ക്കുന്നുണ്ടല്ലേ? അവിടുത്തെ വെള്ളച്ചാട്ടവും നാഷണല്‍ പാര്‍ക്കും ഒക്കെ കാണാന്‍ കാലം നമ്മുക്കോരവസരം തരുമെന്ന് പ്രതീക്ഷിക്കാം.
എന്തായാലും അടുത്ത യാത്ര പുറപ്പെടാം. ഇന്ന് നമുക്ക് ഒരു ബീച്ച് ആയാലോ..? ശെരി ഗാബോണ്‍ കടലിടുക്കിന്റെ മറുകരയിലുള്ള 'പോയിന്റ് ദിനി' (Pointe Denis)തന്നെയാവട്ടെ.
![]() | ||
ഗാബോണ്‍ കടലിടുക്കിന്റെ മറുകര അതാണ് പോയിന്റ് ദിനി (പടത്തിനു കടപ്പാട് ഗൂഗിള്‍ മാപ്സ്) |
ഇന്ന് നമ്മുക്കൊപ്പം ഒരു മലയാളി കൂടെ വരുന്നുണ്ട്. ദിനില്‍ പീതാംബരന്. ബീച്ച് ഇല്ലാത്ത ജില്ലയായ ഇടുക്കിയിയിലെ രാജാക്കാട് ആണ് ഇദ്ദേഹത്തിന്റെ സ്വദേശം. (ഇനി പരിചയപെടുത്തിയില്ല എന്നാരും പറയരുത്) 'പോയിന്റ് ദിനി' കാണാന്‍ കൂടെ വരുന്നവന്റെ പേര് 'ദിനില്‍' വാട്ട് എ കോയിന്‍സിഡന്റ് സര്‍ജി.
യാത്ര പുറപ്പെടും മുന്‍പ് 'പോയിന്റ് ദിനി'യെ ഒന്ന് പരിചയപെടാം. വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് അവിടം ഭരിച്ചിരുന്ന ദിനി എന്ന് വിളിപ്പേരുള്ള ഡെന്നിസ്ന്റെ പേരിലാണ് ആ പ്രദേശം ഇപ്പോള്‍ അറിയപെടുന്നത്. Mpongwe എന്ന ഗോത്ര വര്‍ഗത്തിന്റെ രാജാവായിരുന്നു ഡെന്നിസ്. ഈ പ്രദേശത്ത് ക്രിസ്തുമതം പ്രചരിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചത് അദ്ദേഹമാണ്.
ഇതൊരു നാഷണല്‍ പാര്‍ക്കാണ്. ലെതെര്‍ബാക്ക് ടര്‍ട്ടില്‍ എന്ന വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരിനം ആമ മുട്ടയിടുന്നത് ഈ പ്രദേശത്താണ്. അതിനാല്‍ ആവയുടെ പ്രജനന കാലമായ നവംബര്‍ മുതല്‍ ഫെബ്രവരി വരെ ഇവിടേയ്ക്ക് സഞ്ചാരികള്‍ക്ക് നിയന്ത്രണമുണ്ടാവും. മണ്ണില്‍ ചെറിയ കുഴികള്‍ കുഴിച്ച് അതിലാണ് ആമകള്‍ മുട്ടയിടുന്നത്. ഒരു കുഴിയില്‍ ഏകദേശം നൂറ്റിപ്പത്ത് മുട്ടകള്‍വരെയുണ്ടാവും. ഒരാമ ഇതുപോലെ ഒന്‍പതു കുഴികളിലെങ്കിലും മുട്ടയിടും എന്നാണ് കണക്ക്. ഏകദേശം രണ്ടായിരം ആമകള്‍ എങ്കിലും ഒരു സീസണില്‍ ഇവിടെ മുട്ടയിടാന്‍ എത്തുന്നുണ്ട്. ഈ മുട്ടകള്‍ ശേഖരിച്ചു വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ ധാരാളമുണ്ടായിരുന്നു ഇവിടെ. ഇപ്പോള്‍ മുട്ട ശേഖരിക്കലും വില്‍പ്പന നടത്തുന്നതും ക്രിമിനല്‍ കുറ്റമാണ്. എന്നാലും സീസണില്‍ ഇവിടുത്തെ റിസോര്‍ട്ടുകളില്‍ ആമമുട്ട കൊണ്ടുള്ള വിഭവങ്ങള്‍ ഉണ്ടാകും എന്നാണ് പിന്നാംപുറ സംസാരം.
![]() |
മുട്ട വിരിഞ്ഞു ഒരു കുഞ്ഞാമ കടലിലേക്ക് തിരിച്ചു പോകുന്നു. (പടത്തിനു കടപ്പാട് ഗൂഗിള്‍) |
ഇനി ബാക്കി അവിടെ ചെന്നിട്ട്, ഇപ്പൊ പോയില്ലെങ്കില്‍ ബോട്ട് പോകും. (അങ്ങോട്ട് പോകാന്‍ റോഡ് ഇല്ല!) എല്ലാദിവസവും മൂന്നു ബോട്ടുകള്‍ ആണ് പോയിന്റ് ദിനിയിലേക്ക് പോകുന്നത്. രാവിലെ എട്ടിനും, ഒന്പതരയ്ക്കും, പത്തിനും. ഇപ്പൊ പോയാലേ ഒന്പതരയുടെ ബോട്ടിന് പോകാന്‍ പറ്റൂ. എല്ലാവരും റെഡി ആണല്ലോ അല്ലെ?
![]() |
ദേ ഈ വഴിയാണ് ബോട്ട് ജെട്ടിയിലേക്ക് പോകുന്നത് (തെങ്ങിന്റെ ഇടയിലൂടെ അല്ലകേട്ടോ റോഡില്‍ കൂടെ) |
നമുക്ക് പോകാനുള്ള ബോട്ട് റെഡിയായിട്ടുണ്ട്. ആരും ലൈഫ് ജാക്കെറ്റ് ഇടാന്‍ മറക്കരുത്. ഒരു വിധം സ്പീഡില്‍ പോകുന്ന ബോട്ടാണ്. ഏകദേശം അര മണികൂര് കൊണ്ട് നമ്മള് പോയിന്റ് ദിനിയില്‍ എത്തും.
![]() |
ഇപ്പൊ മനസിലായില്ലേ ലൈഫ് ജാക്കെറ്റ് ഇടാന്‍ പറഞ്ഞത് എന്താണെന്ന്. (തുറന്ന ബോട്ടാണ്).ഇനി റോസിന്റെ ജാക്കും, ടൈറ്റാനിക്കും മറഞ്ഞ സമുദ്രത്തില്‍ മറയാനാണ് നിങ്ങള്‍ക്ക് താല്പര്യമെങ്കില് വേണമെന്നില്ല. |
നമ്മുടെ നാട്ടില്‍ നിന്നും വ്യതസ്തമായി അത്യാവശ്യം സുരക്ഷാ സംവിധാനങ്ങള്‍ ഒക്കെയുള്ള ബോട്ടാണ്. ഇവിടെ നിന്നും പോയിന്റ് ദിനിയിലേക്ക് ഏകദേശം 12000 CFA ആണ് ചാര്‍ജ്. അത് നമ്മുടെ 1200 രൂപയോളം വരും.
![]() |
ലിബ്രവില്ലേ പട്ടണത്തെ പിന്നില്ലാക്കി നമ്മള് ബീച്ചിലേക്ക് യാത്രയാവുന്നു |
പ്രസിദ്ധമായ ബീച്ചുകളെപോലെ ജനനിബിഡമല്ല ഈ ബീച്ച്. അതിനു ഒന്നാമത്തെ കാരണം ഇവിടേയ്ക്ക് വരാന്‍ റോഡില്ല എന്നുള്ളതാണ്. ഉള്ള ബോട്ടിന്റെ റേറ്റ് സാധാരണക്കാരന് താങ്ങാവുന്നതിനും അപ്പുറമാണ്. അതുകൊണ്ട് തന്നെ വിദേശികളാണ് കൂടുതലായും ഇവിടെയെത്തുന്നത്.
![]() |
കൃത്രിമത്വം അധികമില്ലാത്ത പ്രകൃതിയുടെ സൌന്ദര്യം |
പോയിന്റ് ദിനിയുടെ ഇപ്പുറം ഗാബോണ്‍ കടലിടുക്കും അപ്പുറം അറ്റ്ലാന്റിക് സമുദ്രവുമാണ്. കടലിടുക്കില്‍ തിരകള്‍ വളരെ കുറവാണ്. നീണ്ടു കിടക്കുന്ന വെള്ള മണല്‍തീരം, ചപ്പു ചവറുകളും പാഴ് വസ്തുക്കളുമില്ലാതെ നന്നായി സംരക്ഷിച്ചിരിക്കുന്നു. തീരത്തുനിന്ന് ഒരു അഞ്ഞൂറ് മീറ്ററെങ്കിലും വെള്ളത്തിലേക്ക് നടന്നു പോകാന്‍ കഴിയും. അതിനു ശേഷം ചരക്കു കപ്പലുകള്‍ക്ക് പോര്‍ട്ടിലേക്ക് പോകന്നുള്ള കിടങ്ങാണ്. അവിടെ ആഴം വളരെ കൂടുതലാണ് എന്നു പ്രത്യേകം പറയേണ്ടതില്ലലോ.
![]() |
ചെറുതിരകള്‍ തലോടുന്ന മണല്‍തീരം |
ഒരു പെനിസുലയാണ് (കോണ്‍ ആകൃതിയിലുള്ള ഉപദ്വീപ്) പോയിന്റ് ദിനി. നമ്മള് ഇപ്പോള്‍ നില്‍ക്കുന്നിടത്ത് നിന്നും അര കിലോമീറ്റര്‍ നടന്നാല്‍ കടലും കടലിടുക്കും ചേരുന്ന സ്ഥലം കാണാം. കോണിന്റെ അറ്റത്തുള്ള ആ 'പോയിന്റ്' പണ്ടുമുതല്‍ക്കെ ആഫ്രിക്കയില്‍ പ്രസിദ്ധമാണ്.കടലിലെ വെള്ളത്തിന്റെ സാന്ദ്രതയും കടലിടുക്കിലെ വെള്ളത്തിന്റെ സാന്ദ്രതയും വ്യത്യാസമായതുകൊണ്ട് ഇവരണ്ടും ചേരുന്ന ഭാഗം വളരെ വ്യക്തമായി കാണാം.
![]() |
'പോയിന്റ്' ദിനിയില്‍ 'പോയിന്റ്' ചെയ്തു നില്ക്കുന്ന 'ദിനില്‍' |
ദിനിലിന്റെ ശബ്ദത്തില്‍ 'അയ്യോ' എന്നൊരു കരച്ചില് കേള്‍ക്കുന്നില്ലേ..? വരൂ നമുക്ക് എന്താണെന്നു പോയി നോക്കാം.
ഹേയ്, പേടിക്കാനൊന്നുമില്ല, പാവം ഒരു കുഞ്ഞു ഞണ്ടിനെ കണ്ടു പേടിച്ചു പോയതാ. ബീച്ചില്‍ ഞണ്ടുകള്‍ ഓടികളിക്കുന്നുണ്ട്. മിക്കവയും തീരെ ചെറുതാണ്. ഫോട്ടോ എടുക്കാന്‍ ഒന്നിനും ഒരു താല്പര്യമില്ല. പിന്നെ ബ്ലോഗില്‍ ഇടാനാണ് എന്നൊക്കെ പറഞ്ഞപ്പോള്‍ ഒരെണ്ണം മനസില്ലാമനസോടെ ഒന്ന് പോസ് ചെയ്തു തന്നു.
![]() |
മണ്ണിനും ഞണ്ടിനും ഒരേ നിറമായതുകൊണ്ട് പെട്ടന്ന് കണ്ണില്‍ പെടില്ല. നമ്മള് അടുത്തെത്തുമ്പോള്‍ ആയിരിക്കും ഇവന് ഓടാന്‍ തുടങ്ങുക. ആരായാലും ഒന്ന് പേടിക്കും. |
ഇപ്പോള്‍ നമ്മള് നില്‍ക്കുന്നത് അത്ലന്റിക് സമുദ്രതീരത്താണ്. വേലിയിറക്ക സമയം ആയതുകൊണ്ടാണെന്നു തോന്നുന്നു. കടല്‍ വളരെ ശാന്തമാണ്. ആമകള്‍ മുട്ടയിടുന്നത് ഈതീരത്താണ്.
![]() |
എത്രയോ ആമകുഞ്ഞുങ്ങളുടെ ജന്മഗൃഹമായിരിക്കും ഈ മണല്‍ തിട്ടകള്‍. |
ആമയെന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് ഓടിവരിക എന്തായിരിക്കും? അവയുടെ കട്ടിയുള്ള പുറംതോട് തന്നെ. എന്നാല്‍ ഈ ആമകള്‍ക്ക് അങ്ങിനെയൊരു പുറംതോടില്ല! അതുകൊണ്ട്തന്നെ ആമകള്‍ മുട്ട വിരിഞ്ഞിറങ്ങുന്ന സമയത്ത് ഇവിടെ പെരുമ്പാമ്പും, പരുന്തും, കാട്ടുപൂച്ചയും ഒക്കെ പതുങ്ങിയിരുപ്പുണ്ടാകും, ഇളം ആമയിറച്ചി തിന്നാന്‍. ഇവരെയൊക്കെ കടന്നു വേണം നമ്മുടെ കുഞ്ഞാമയ്ക്ക് കടലില്‍ എത്തിച്ചേരാന്‍. കടലില്‍ എത്തിയാല്‍ രക്ഷപ്പെട്ടോ? ഇല്ല, അവിടെ കാത്തിരിക്കുന്നത് സാക്ഷാല്‍ സ്രാവാണ്. മുട്ടവിരിഞ്ഞിറങ്ങുന്ന ആമകുക്കുഞ്ഞുങ്ങളില്‍ നല്ലൊരുഭാഗത്തെ ഇവയൊക്കെ തിന്നു മുടിക്കുന്നു. അതുകൊണ്ടാവണം ആമകള്‍ ഇത്രയും മുട്ടകള്‍ ഇടുന്നത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ ഇവയുടെ ഏറ്റവും വലിയവേട്ടക്കാരന്‍ മനുഷ്യനായിരുന്നു. എന്നാല്‍ ഇന്നതിനു കുറെയൊക്കെ കടിഞ്ഞാണിടാന്‍ ഇവിടുത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
![]() |
പച്ചതീരം, നീലകടല്‍, വെള്ള ആകാശം |
തിമിംഗലങ്ങളെ അടുത്ത് കാണാന്‍ പറ്റുന്ന ഒരു സ്പോട്ട് കൂടിയാണ് ഈ സ്ഥലം. പക്ഷെ അതിനു ഉള്‍കടലില്‍ പോകണം. ഏകദേശം 50000 CFA അതായതു 5000 രൂപയാണ് അതിനു വരുന്ന ചെലവ്. നമ്മള് പോകുന്നില്ല, അല്ലെങ്കില്‍ത്തന്നെ ഈ തിമിംഗലത്തെയൊക്കെ എന്നാ കാണാനാ. അല്ലെ?
ഇത്രയും മനോഹരമായ ബീച്ചില്‍ വന്നിട്ട് ഒന്ന് വെള്ളത്തില്‍ ഇറങ്ങാതെ പോകുന്നത് ശെരിയാണോ? കേള്‍ക്കണ്ട താമസം ദിനില്‍ ദേ കിടക്കുന്നു വെള്ളത്തില്‍. നീന്തലറിയാത്ത ചെക്കനാ, എന്നാലും വലിയ ആഴമില്ലത്തത്കൊണ്ട് കുഴപ്പമില്ല.
![]() |
ദിനിലും അവന്റെ ബോട്ടും. (സ്വപ്നം കാണുന്നതിനു പ്രത്യേക ചിലവൊന്നും ഇല്ലാലോ) |
നമ്മുടെ കോവളം ബീച്ച് പോലെ, അല്ലെങ്കില്‍ ഗോവ ബീച്ചുകള്‍ പോലെ മനോഹരമായ വെള്ള മണല്‍ വിരിച്ച ഈ മനോഹര തീരം ആസ്വദിക്കാന്‍ എത്തിച്ചേര്‍ന്നത് ആകെ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ്. ഗബോനിലെ ജനങ്ങളില്‍ ഒരു അഞ്ചു ശതമാനം ആളുകള്‍ എങ്കിലും ഇവിടം സന്ദര്‍ശിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.
![]() |
എത്ര മനോഹരം ആണെന്ന് നോക്കൂ. |
കുളി കഴിഞ്ഞില്ലേ..? എന്നാലിനി ഭഷണം കഴിച്ചുകളയാം ഇവിടുത്തെ ഒരു റിസോര്‍ട്ടില്‍ ഭക്ഷണം ബുക്ക് ചെയ്തിട്ടുണ്ട്. ബഫെ. കൂടുതലും മത്സ്യവും, മാസവും കൂടെ കഴിക്കാന്‍ എത്തപ്പഴവും ചോറും. ഫോട്ടോ എടുക്കാന്‍ ക്യാമറ എടുത്തത് സായിപ്പിന് പിടിച്ചില്ല. ഫോട്ടോ എടുക്കാന്‍ പാടില്ലത്രെ. (ക്യാമറ എടുത്താല്‍ ഭക്ഷണത്തിനെകാള്‍ ബിക്കിനിയിട്ട മദാമ്മയുടെ പടമായിരിക്കും നമ്മള് പിടിക്കുകയെന്ന് സായിപ്പിനറിയാം. ഇവന് നേരത്തെ ഇന്ത്യയില്‍ വന്നിട്ടുണ്ടെന്ന് തോന്നുന്നു.)
റിസോര്‍ട്ടിന്റെ മുന്പില് ബീച്ച് ചെയറുകള്‍ നിരത്തിയിട്ടിരിക്കുന്നു. അതിലിരുന്നു ഒരു ബീയറും അടിച്ചു കടലില്‍ കുളിക്കുന്ന ബിക്കിനിയിട്ട മദാമ്മകളെയും നോക്കി കണ്ണും മിഴിച്ചിരിക്കുന്ന ദിനില്‍.
അവന് അങ്ങിനെ അവിടെയിരിക്കട്ടെ നമുക്കൊന്ന് നടന്നിട്ട് വരാം.
![]() |
ആ സായിപ്പു വന്ന ബോട്ടാണ് ഇത് (ഒരു പണി കൊടുത്താലോ? വേണ്ട സായിപ്പ് സിക്സ് പായ്ക്കാ നമ്മള് ഫാമിലി പായ്ക്കും.) |
![]() |
ഒരു ചെറിയ കടല്‍ പാലം |
ഇന്നത്തെ യാത്ര അവസാനിപ്പിക്കാന്‍ സമയമായി. നമുക്ക് തിരിച്ചു പോകണ്ട ബോട്ട് റെഡിയായികഴിഞ്ഞു. അസ്തമയം കണ്ടിട്ട് തിരിച്ചു പോയാല്‍ മതി എന്നാണ് നിങ്ങളെപോലെ എനിക്കും ആഗ്രഹം. പക്ഷെ നമ്മുടെ സൌകര്യത്തിനു ബോട്ട് ഇല്ല. ഇവിടുത്തെ റിസോര്‍ട്ടുകളില്‍ തമാസസൌകര്യമുണ്ട് പക്ഷെ നമ്മളെപോലെയുള്ള സാധാരണക്കാരന് താങ്ങുന്ന റേറ്റ് അല്ല. അതുകൊണ്ട് തല്ക്കാലം മടങ്ങാം.
![]() |
വീണ്ടും ഒരിക്കല്‍ വരാന്‍ കഴിയും എന്ന പ്രതീക്ഷയോടെ... |
ഗബോണിലെ വലിയ പണക്കാരുടെ ഒഴിവുകാല വസതികള്‍ ഇവിടെയുണ്ട്. ഇവിടെ സ്ഥിരമായി താമസിക്കുന്നവരും ഉണ്ടത്രെ. രാജക്കാട്ടിലെ സ്ഥലമോക്കെ വിറ്റ് ഇവിടെ വന്നു താമസിച്ചാലോ എന്നൊരു ആലോചന ദിനിലിനുണ്ട്. അവിടുത്തെ രണ്ടേക്കര്‍ വിറ്റാപോലും ഇവിടെ രണ്ടു സെന്റ് വാങ്ങാന്‍ പറ്റുമെന്ന് തോന്നുന്നില്ല.
![]() |
ഇതുപോലെ ഒരു വീട് എനിക്കും വെയ്ക്കണം (സുനാമി വന്നാല്‍ എന്ത് ചെയ്യുമോ എന്തോ) |
പ്രകൃതിദത്തമായ ഇ കടലിടുക്കിനെ മുന്‍നിര്‍ത്തിയാണ് ഇവിടുത്തെ സീപോര്‍ട്ട് 'ഓവണ്ടോ'യുടെ നിര്‍മാണം. ലിബ്രവിലെയിലേക്ക് വരുന്ന ചരക്കു കപ്പലുകള്‍ അവയുടെ ഊഴവും കാത്തു ഇവിടെ നങ്കൂരമിട്ടു കിടക്കുന്നു.
![]() |
നങ്കൂരമിട്ടു ഊഴം കാത്തു കിടക്കുന്ന ചരക്കു കപ്പലുകള്‍ |
നമ്മുടെ കേരളത്തെ പോലെ ഗാബോണ്‍ ഒരു വലിയ വിപണിയാണ്. കാരണം ഇവിടെ ഒന്നും ഉണ്ടാക്കുന്നില്ല. പച്ചക്കറിയും, ഗോതമ്പും, ഇറച്ചിയും എല്ലാം പുറത്തുനിന്നും വരുന്നവ തന്നെ. ഇവിടെ കിട്ടുന്ന മിക്ക സാധനങ്ങളും ഫ്രാന്‍സില്‍ ഉണ്ടാക്കിയവയാണ്. ആ ചരക്കുകള്‍ കൊണ്ടുവരുന്ന കപ്പലുകളുടെ നീണ്ട നിരതന്നെ ഇവിടെ കാണാം.
അങ്ങോട്ട് നോക്കിക്കേ.. ദേ കിടക്കുന്നു ഒരു പായ്ക്കപ്പല്‍ മുത്തച്ചന്. . ഒരുകാലത്ത് ഇവന് രാജാവായിരുന്നു. ഇന്നും പ്രൌഡിക്ക് കുറവൊന്നുമില്ല.
![]() |
പായ്ക്കപ്പല്‍ ഇപ്പോഴും ആളൊരു സുന്ദരന്‍ തന്നെ. |
അങ്ങിനെ നമ്മള് തിരിച്ചു ലിബ്രവില്ലെയില്‍ എത്തി. ഇനി ഈ ട്രാഫിക്കിലൂടെ വേണം നമുക്ക് ഗസ്റ്റ് ഹൌസിലെത്താന്‍.
![]() |
ഇതൊക്കെ ചെറുത്.. കൊച്ചിയിലെ ട്രാഫിക് ആണ് മോനെ ട്രാഫിക്. |
ലിബ്രവില്ലേയിലെ നൈറ്റ് ലൈഫ് തുടങ്ങുന്നത് പന്ത്രണ്ടു മണിക്കാണ്. അപ്പോഴാണ് നൈറ്റ്ക്ലബ്ബുകള്‍ തുറക്കുന്നത്. ഇപ്പോള്‍ എല്ലാവരും വിശ്രമികൂ. രാത്രി പതിനൊന്നു മണിയകുമ്പോഴേക്കും റെഡിയായി ഇരുന്നോ. ദിനില്‍ നിങ്ങള്‍ക്ക് വഴികാട്ടിയാവും (ക്ലബുകളുടെ ലോകേഷന്, അവിടുത്തെ പ്രത്യേകതകള്‍, എത്രമണിക്ക് തുറക്കും അടയ്ക്കും തുടങ്ങിയ വിവരങ്ങള്‍ വന്നിട്ട് രണ്ടു ദിവസം ആകുന്നതിനു മുന്‍പുതന്നെ കക്ഷി അറിഞ്ഞുവെച്ചിട്ടുണ്ട്)
അപ്പോള്‍ ശെരി രാത്രി ആഘോഷം കൊഴുക്കട്ടെ.