Tuesday, October 16, 2012

വീണ്ടും ചില സാമ്പത്തിക വെളിപാടുകള്‍

"ഹലോ, ങേ നീയോ, കുറെ നാളായല്ലോ വിളിച്ചിട്ട്, നീ ഇപ്പോ എവിടാടെ?"

"ഞാന്‍ ഇപ്പോ അമേരിക്കയില്‍"
 

"വന്നുവന്നു ഏതു തോട്ടിച്ചാടിക്കും അമേരിക്കയില്‍ പോകാം എന്നായി"
 

"എന്നിട്ട് നീ ഇപ്പോഴും നാട്ടില്‍ തന്നെ ആണല്ലോ"
 

"അല്ലടെ, ഞാന്‍ ആഫ്രിക്കയിലാ"
 

"നിനക്ക് പറ്റിയ സ്ഥലം തന്നെ, കറങ്ങിതിരിഞ്ഞു പിന്നേം അവിടെതന്നെ എത്തി, അല്ലെ?"
 

"ഉം"
 

"നീ എന്താ വിളിച്ചേ?"
 

"നിന്നെ നാല് ചീത്തവിളിക്കാന്‍"
 

"എന്തിനു?"
 

"നീ വിദേശ നിക്ഷേപത്തിനെതിരെ ബ്ലോഗ്‌ എഴുതി എന്നറിഞ്ഞു, അതിനു"
 

"അത് പിന്നെ ശേരിയല്ലേ, ഇവിടെ ദിവസവും ഓരോ സാധനങ്ങള്‍ക്ക് വില കൂടുന്നു. അപ്പോഴാ അവന്‍റെ വിദേശ നിക്ഷേപം."
 

"എടാ പൊട്ടാ, വിലകയറ്റം നല്ലതാടാ, പ്രത്യേകിച്ചും മാക്രോ എകോനോമിക്സ് പോയിന്റ്‌ ഓഫ് വ്യൂവില്‍"
 

"എന്തൂട്ട്?"
 

"സാധാരണക്കാര്‍ കുറച്ചു കഷ്ടപെടും കുറച്ചുനാളത്തെക്കെങ്കിലും, കാരണം നമ്മള്‍ പല കാര്യങ്ങളിലും നമ്മുക്ക്‌ മറ്റുള്ള രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. പക്ഷെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ മെച്ചപ്പെടും"

"എങ്ങിനെ?"
 

"എകോനോമിക്സിന്‍റെ ബയിസ്‌ എന്ന് പറഞ്ഞാല്‍ ധനവിനിയോഗമാണ്. കൂടുതല്‍ ധനം മാര്‍ക്കറ്റില്‍ വരുമ്പോള്‍ കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകും, കൂടുതല്‍ ജോലികള്‍ ഉണ്ടാകും കൂടുതല്‍ റിസോഴ്സ് വേണ്ടി വരും. കൂടുതല്‍ പണം തുടര്‍ച്ചയായി ഒഴുകുമ്പോള്‍ മാര്‍ക്കറ്റ്‌ സ്റ്റേബിള്‍ ആകും. മാര്‍ക്കറ്റ്‌ സ്റ്റേബിള്‍ ആയാല്‍ വിലകള്‍ എകീകരിക്കപെടും. പ്രവാസികള്‍ നടത്തുന്ന ഷോ ഓഫുകള്‍ കൂടി നിയന്ത്രിച്ചു, ശമ്പളത്തില്‍ കൂടി ഏകീകരണം നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ നമ്മള്‍ ലോക സാമ്പത്തിക ശക്തിയായി മാറും"

"എന്നുവെച്ചാല്‍?"
 

"നമ്മുടെ ശമ്പളവും ഇന്റര്‍നാഷണല്‍ ലെവലില്‍ ആവണം എന്ന്. അതിനു തുടക്കം കുറച്ചു കഴിഞ്ഞു ഐ.റ്റി രംഗത്ത് മാത്രമല്ല ഇന്ന് നല്ല ശമ്പളം കിട്ടുന്നത്, ബാങ്കിംഗ്, മാര്‍ക്കറ്റിംഗ് രംഗങ്ങളും ആ നിലവാരത്തിലേക്കെത്തിയിരിക്കുന്നു."

"ഓ അങ്ങിനെ, ഇവിടെ വില റോക്കറ്റ് പോലെയും, ശമ്പളം ഒച്ചുപോലെയുമാ പോകുന്നത്"
 

"നൂറു കോടി ജനങ്ങളുടെ ശംബളം എകീകരിച്ചിട്ടു മാത്രമേ വിലകയറാന്‍ പാടുള്ളൂ എന്നു പറയാന്‍ പറ്റില്ലലോ. അത് മാത്രമല്ല അങ്ങിനെ ചെയ്താല്‍ മാര്‍ക്കറ്റ്‌ ഒറ്റ ദിവസം കൊണ്ട് തകര്‍ന്നു പോകും"
 

"അപ്പൊ, വില കയറുന്നതില്‍ കുഴപ്പമില്ല എന്നാണോ ഈ എക്കണോമിക്സ് പറയുന്നത്?"
 

"ഇപ്പോള്‍ ഏറ്റവും വിലകൂടിയ സ്വര്‍ണം തന്നെ എടുക്കാം, സ്വര്‍ണത്തിന് പവന് എണ്ണായിരം രൂപയായിരുന്ന സമയത്ത് ഒരു സാധാരണകാരന് കിട്ടുന്ന ശംബളം മൂവായിരം രൂപയായിരുന്നു. അതായതു രണ്ടര മാസത്തെ ശംബളം വേണം ഒരു പവന്‍ വാങ്ങാന്‍. ഇന്നും ഏറ്റവും കുറഞ്ഞ ശമ്പളം പതിനായിരം രൂപ സ്വര്‍ണത്തിനു പവന് ഇരുപത്തിആറായിരം രൂപ. ഇപ്പോഴും സാധാരണക്കാരന് രണ്ടര മാസത്തെ ശംബളം വേണം ഒരു പവന്‍ മേടിക്കാന്‍. എവിടെയാണ് വില കൂടിയത്?"

"അതു ശെരിയാണല്ലോ..!"
 

"അതായതു വില കൂടിയപ്പോള്‍ ശമ്പളവും കൂടി, പക്ഷെ ശമ്പളത്തിന്റെ പ്രോപോഷന്‍ ശരിയായി ക്രമീകരിക്കാന്‍ ഗവര്‍മെന്റിനു കഴിഞ്ഞില്ല. ചില മേഖലകളില്‍ വളരെ കൂടിയ ശമ്പളവും ചിലതില്‍ വളരെ കുറഞ്ഞും പോയി. പക്ഷെ കാലക്രമത്തില്‍ ആ സ്ഥിതി മാറും. പിന്നെ ഗവര്‍മെന്റ്റ്‌ കൂടുതല്‍ തുക ടാക്സ്‌ ആയി പിടിക്കണം."

"ഇപ്പോള്‍ തന്നെ പത്തു-മുപ്പതു ശതമാനം പിടിക്കുന്നുണ്ട്. നിനക്ക് അടി ഞാന്‍തന്നെ തരേണ്ടിവരും എന്നാ തോന്നുന്നത്"
 

"എടാ, കൂടുതല്‍ ടാക്സ് കൊടുക്കുന്ന സമൂഹത്തിനു മാത്രമേ, കൂടുതല്‍ ഗവര്‍മെന്റിനോട് ആവശ്യപെടാന്‍ പറ്റൂ. നല്ല കാശു പിടിക്കുമ്പോള്‍ നീ ഒക്കെ ഓട്ടോമാറ്റിക്കായി അവകാശങ്ങള്‍ ചോദിച്ചു വാങ്ങികൊള്ളും"
 

"ഇനി കൂടുതല്‍ ടാക്സ് പിടിച്ചിട്ടു വേണം അവന്മാര്‍ക്ക് കൂടുതല്‍ അഴിമതി നടത്താന്‍"
 

"എടാ അഴിമതി ശെരിക്കും ഒരു പ്രശനമേ അല്ല. അത് വളര്‍ന്നു വരുന്ന എല്ലാ രാജ്യത്തും ഉണ്ടാവും. അമേരിക്കയിലും യൌറോപ്പിലും വളര്‍ച്ചയുടെ ദശയില്‍ അഴിമതി ഉണ്ടായിരുന്നു. ശെരിക്കും അഴിമതി തുടച്ചുമാറ്റുകയല്ല രാഷ്രീയ സ്ഥിരത അതാണ് കൂടുതല്‍ പ്രധാനം. അതിപ്പോള്‍ ഇന്ത്യയ്ക്കുണ്ട്."

"ഈ, രാഷ്രീയ സ്ഥിരത എന്ന് പറഞ്ഞാല്‍?"


"ആഫ്രികന്‍, മിഡില്‍ ഈസ്റ്റ്‌ രാജ്യങ്ങളില്‍ എപ്പോള്‍ വേണമെകിലും ഒരു പട്ടാള ഭരണകൂടം ജനാധിപത്യത്തെ മറിച്ചിട്ട് അധികാരം പിടിച്ചടക്കാം. പക്ഷെ ഇന്ത്യയില്‍ അങ്ങിനെ ഒരു സ്ഥിതിവിശേഷമില്ല"


"അതുകൊണ്ട്?"
 

"അതുകൊണ്ടാണ് ഇന്ത്യ ഒരു നിക്ഷേപ സുരക്ഷിത ഇടമാവുന്നത്. കൂടുതല്‍ വിദേശ നിക്ഷേപത്തിന് നമ്മള്‍ വിപണി തുറന്നു കൊടുക്കുകയാണ് വേണ്ടത്"
 

"അപ്പോള്‍ നമ്മള്‍ ഉത്പാദിപ്പിക്കുന്ന സാധനങ്ങള്‍, നമ്മുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, നമ്മുടെ ചെറുകിട വ്യവസായികള്‍ എല്ലാവര്‍ക്കും 'പണി' കിട്ടില്ലേ?"
 

"വാള്‍മാര്‍ട്ട് പാലക്കാടന്‍ മട്ട അരി അമേരിക്കയില്‍ നിന്നും കൊണ്ടുവരുമെന്നാണോ നീ കരുതുന്നത്. അവരുടെ ഇടപാടുകള്‍ കര്‍ഷകരില്‍ നിന്നും നേരിട്ടാണ്. അതുകൊണ്ട് തന്നെ കര്‍ഷകര്‍ക്ക് കൂടുതല്‍ പണം ലഭിക്കും. കര്‍ഷകരെ ചൂഷണം ചെയ്തു കൊള്ളലാഭമുണ്ടാക്കുന്ന ഇടനിലകാരന് 'പണി' കിട്ടും. അത് മാത്രമല്ല കര്‍ഷകന് ആഗോള വിപണി തുറന്നു കിട്ടുകയും കൂടിയാണ് ചെയ്യുന്നത്"

"അതെങ്ങനെ?"
 

"നമ്മുടെ നാട്ടില്‍ ഇഷ്ടം പോലെ ഉണ്ടാകുന്ന സാധനമാണ് ചക്ക. കുറെ ചക്ക തുച്ചമായ വിലക്ക് തമിഴ്‌നാട്ടുകാര്‍ വാങ്ങി കൊണ്ടുപോകും എന്നലാതെ ചക്ക ഒട്ടും മാര്‍ക്കറ്റ്‌ ഇല്ലാത്ത സാധനമാണ് ‍. ആഗോളവിപണിയില്‍ ഈ ചക്കയ്ക്ക് എത്ര രൂപയാണ് വില എന്നറിയാമോ? വെറും നാലോ അഞ്ചോ ചുളയുള്ള പായ്കെറ്റിനു നാട്ടിലെ ഒരു അഞ്ഞൂറ് രൂപ വരും. ഈ ചക്ക വാള്‍മാര്‍ട്ട് വാങ്ങി പായ്കെറ്റിലാക്കി ആഗോള വിപണിയില്‍ കച്ചവടം ചെയ്താല്‍, അത് നമ്മുടെ ചക്ക കര്‍ഷകര്‍ക്ക് നെട്ടമല്ലേ? പിന്നെ നീ പറഞ്ഞ ചെറുകിട വ്യാപാരികള്‍, വലിയ സൂപര്‍ മാര്‍ക്കറ്റുകള്‍ ഉള്ള അമേരിക്കയില്‍ ചെറുകിട കച്ചവടക്കാര്‍ ഇല്ലെന്നാണോ നീ കരുതുന്നത്. മാറുന്ന സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാറാന്‍ അവര്‍ തയ്യാറാകണം എന്ന് മാത്രം."
 

"ഓഹോ"
 

"അത് മാത്രമല്ല ഇന്ത്യക്ക് ഒരു നല്ല സാമ്പത്തിക അടിത്തറയുണ്ട്. സമ്പാദ്യമുണ്ട്"
 

"സാമ്പത്തിക അടിത്തറ ഇന്ത്യക്ക്, പാതിരാത്രിയില്‍ വിളിചാണോ തമാശ പറയുന്നത്"
 

"ഒരു സാധാരണ വീട്ടമ്മയുടെ കയ്യില്‍ മിനിമം ഓരഞ്ചു പവന്‍ സ്വര്‍ണം കാണും, മിക്കവരുടെ കയ്യിലും അതില്‍ കൂടുതല്‍ ഉണ്ട്. കേരളത്തിലെ ബാങ്കുകളിലും ലോക്കറുകളിലും, വീടുകളിലെ അലമാരകളിലും ഇരിക്കുന്ന സ്വര്‍ണം അമേരിക്കയുടെ ഫെഡറല്‍ റിസര്‍വിനെക്കാള്‍ കൂടുതലാണ്!"

"ങേ..! പക്ഷെ അതിനു അവര്‍ തരണ്ടേ. പണയം വെക്കാന്‍ ചോദിച്ചാല്‍ തരുന്നില്ല. പിന്നാ"


"ഇന്ത്യയിലെ ഒരു സ്ത്രീ ഒരു പവന്‍ രാജ്യത്തിന് സംഭാവന ചെയ്താല്‍ പോലും ഏതു വലിയ സാമ്പത്തിക പ്രതിസന്ധിയും തരണം ചെയ്യാന്‍ ഇന്ത്യാക്കാവും. അതാണ് ഇന്ത്യക്ക് സാമ്പത്തിക അടിത്തറ ഉണ്ടെന്നു പറയുന്നത്." 


"അപ്പോള്‍ അങ്ങിനെയാണ് കാര്യങ്ങളുടെ കിടപ്പല്ലേ?"
 

"പിന്നെ ജനങ്ങളില്‍ നിന്നും ടാക്സ് ആയി പിരിക്കുന്ന പണം സബ്സിഡികള്‍ക്ക് കൊടുക്കാതെ, ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്മെന്‍റിനു ഉപയോഗിക്കണം"

"അപ്പോള്‍ പെട്രോളിനും ഗ്യാസിനും വൈദ്യുതിക്കും എല്ലാത്തിനും വില കൂടില്ലേ. മോനെ നിന്നെ ഇന്ത്യക്കാര്‍ തല്ലികൊല്ലും കേട്ടോ. അല്ലെങ്കില്‍ തന്നെ വൈദ്യുതി ഉപയോഗം കുറയ്ക്കണം എന്ന് പറഞ്ഞു ദിവസവും പരസ്യമാ"


"ഇറ്റ്‌ ഈസ്‌ സൊ ഫണ്ണി. ശെരിക്കും വൈദുത ഉപയോഗം രണ്ടിരട്ടിയോ മൂന്നിരട്ടിയോ ആക്കണം"
 

"അതിനു വൈദ്യുതി വേണ്ടേ ഉപയോഗിക്കാന്‍?"
 

"ഇല്ലെങ്കില്‍ ഉണ്ടാക്കണം, ഇന്ത്യയില്‍ അതിനുള്ള പണം ഇല്ല എന്നാണോ നീ കരുതുന്നത്. ഒരിക്കലും അല്ല. അതുമാത്രമല്ല, വൈദ്യുതിക്ക് നല്ല വില കൊടുക്കാന്‍ ജനങ്ങള്‍ തയ്യാറാണ്. കുക്കിംഗ് ഗ്യാസിന്റെ സബ്സിഡി എടുത്തു കളയട്ടെ, പക്ഷെ അപ്പോള്‍ ഗ്യാസ് തീര്‍ന്നു മാക്സിമം ഒരു മണിക്കൂറിനുള്ളില്‍ പുതിയ ഗ്യാസ് കിട്ടണം.  പക്ഷെ ആവശ്യത്തിന് ഉണ്ടാക്കുന്നില്ല. വികസിത രാജ്യങ്ങുടെ പണം വാങ്ങി നമ്മുടെ രാഷ്രീയക്കാര്‍ കളിക്കുന്നോ എന്ന് നമ്മള്‍ തീര്‍ച്ചയായും സംശയിക്കണം. കാരണം ഊര്‍ജം നമ്മള്‍തന്നെ ഉല്‍പ്പാദിപ്പിച്ചാല്‍, പിന്നെ അവരെ നമ്പണ്ട കാര്യം ഇല്ലലോ."
 

"പക്ഷെ, പ്രകൃതി, തീര്‍ന്നു കൊണ്ടിരിക്കുന്ന പരമ്പരാഗത ഊര്‍ജ സ്രോതസുകള്‍, പാരിസ്ഥിതി..?"
 

"തേങ്ങാകുല, നീ ഒക്കെ ഇരുട്ടത്ത്‌ കിടന്നാ മതി എന്നുള്ള വികസിത രാജ്യങ്ങളുടെ ദ്രഷ്ട്യം മാത്രമാണതു. അവരുടെ രാജ്യത്തു ഇതിനൊന്നും ഒരു പ്രാധാന്യവും കൊടുക്കുന്നില്ല. നീ ഒക്കെ നോക്കിയാ മതി പ്രകൃതി ഞങ്ങള്‍ ഇത്തിരി സുഖിക്കട്ടെ എന്നുള്ളഭാവമാണവര്‍ക്ക്."
 

"അല്ലടെ, ഈ പാരിസ്ഥിതി സഘടനകള്‍ ഒക്കെ അമേരിക്കയിലും യൌറോപ്പിലും തുടങ്ങിയവയല്ലേ?"
 

"അതൊക്കെ വെറും ട്രിക്കല്ലേ, അമേരിക്കയും യൌറോപ്പും ഒരു ദിവസം ഉപയോഗിക്കുന്ന ടിഷ്യു പേപ്പര്‍ എത്ര മില്ല്യന്‍ ഡോളര്‍ വരും എന്ന് നിനക്കറിയാമോ? ടിഷ്യു ഉപയോഗം കുറയ്ക്കണം എന്ന് ഇവിടെങ്ങും ആരും പറയുന്നില്ല. പക്ഷെ അതെങ്ങാനം ഇന്ത്യക്കാരന്‍ ഉപയോഗിച്ചാല്‍ അപ്പോള്‍ വരും അവന്‍റെ പ്രകൃതി സംരക്ഷണം. ഇവിടെ ഓരോ വീടിലും ഒന്നില്‍ കൂടുതല്‍ ഫ്രിഡ്ജ്‌ ഉണ്ട്, വളരെ അധികം ഇലട്രോണിക് ഉപകരണങ്ങള്‍ ഉണ്ട്. അതിനെ ഉപയോഗം കുറയ്ക്കണ്ട, വികസ്വര രാജ്യങ്ങള്‍ ഉപയോഗിച്ചാല്‍ അപ്പൊ കാര്‍ബണ്‍ എമിഷന്‍ കൂടും."

"എടെ,  നീ
ശെരിക്കും ആരുടെ കൂടെയാ?"
 

"തീര്‍ച്ചയായും ഇന്ത്യക്കാരുടെ കൂടെ, പക്ഷെ നമ്മള്‍ കാര്യങ്ങള്‍ കുറെ കൂടി വിശാലമായി കാണണം. ഉപയോഗം കുറക്കുക അല്ല ചെയ്യണ്ടത്, ശെരിക്കും കൂട്ടണം, ഉപയോഗം കൂടുമ്പോള്‍ നിര്‍മാണം കൂടും, നിര്‍മാണം കൂടുമ്പോള്‍ വിതരണം കൂടും, വിതരണം കൂടുമ്പോള്‍ ഉപയോഗം വീണ്ടും കൂടും. അപ്പോള്‍ വിപണിയില്‍ മല്‍സരം കൂടും. മാത്രമല്ല ജോലി അവസരങ്ങള്‍ കൂടും. കൂടുതല്‍ പണം മാര്‍കെറ്റില്‍ എത്തും അങ്ങിനെ വില ഒരേ നിലവാരത്തില്‍ എത്തും. ഒരു പക്ഷെ വില കുറയാനും മതി"

"ക്ര..ക്രി.."

"എന്തോന്നാടെ, ഒരു കാറുമുറാ ശബ്ദം. എന്തോ വലിച്ചു കെറ്റുവാ അല്ലെ?"
 

"ഒരു ബര്‍ഗര്‍, ഒരു കോക്ക്, പിന്നെ ഒരു സലാഡ്‌. മൊത്തം അഞ്ചു ഡോളര്‍"
 

"അതു കുറെ പൈസ ആയല്ലോ."

"പോടാ, ഇവിടുത്തെ ശംബളം വെച്ചു നോക്കിയാല്‍ നാട്ടില്‍ ഇരുപതുരൂപയ്ക്ക് ഊണു കിട്ടുന്നതുപോലെ"

"ആ പൈസക്ക് ഇപ്പോള്‍ നാട്ടില്‍ ഒരു സാദാ ഊണ് പോലും കിട്ടില്ല."
 

"എടാ,  സാമ്പാറും അവിയലും ഊണും ഒക്കെ നിരോധിക്കണം"
 

"എന്തോന്ന്..?"
 

"ഞാന്‍ ഉദേശിച്ചത് പൂര്‍ണമായി നിരോധിക്കണം എന്നല്ല. നമ്മള്‍ ഇന്ത്യക്കാര്‍ എത്ര സമയമാണ് പാചകത്തിനു വേണ്ടി ചിലവഴിക്കുന്നത്, ഒരു ശരാശരി വീട്ടമ്മയുടെ മുക്കാല്‍ ദിവസവും പാചകത്തിനു മാത്രമായി നഷ്ടപെടുന്നു, എന്നാല്‍ അവള്‍ക്കു അഞ്ചു പൈസ പോലും കിട്ടുന്നുമില്ല. നമ്മള്‍ സാമ്പാറും, അവിയലും, ചോറും ഒക്കെ ഉല്പാദിപ്പിക്കുന്ന ഫാകറ്ററികള്‍ തുടങ്ങണം. നമ്മുടെ സ്ത്രീകള്‍ അവിടെ ജോലി ചെയ്യട്ടെ. മാസ്സ് പ്രൊഡക്ഷന്‍ ആയത്കൊണ്ട് വീട്ടില്‍ ഉണ്ടാക്കുന്നതിന്റെ പകുതി വിലയില്‍ വിപണിയില്‍ വില്‍ക്കനാവും. മാത്രമല്ല സ്ത്രീകള്‍ക്ക് വരുമാനവും."
 

"അപ്പോള്‍ അവര്‍ അതില്‍ ചേര്‍ക്കുന്ന രാസ പദാര്‍ത്ഥങ്ങള്‍ ഒക്കെ ആരോഗ്യത്തിനു മോശമല്ലെ?"
 

"പിന്നെ ഇപ്പോള്‍ നിനക്ക് കിട്ടുന്ന പച്ചകറിയും മീനും ഒക്കെ ഓര്‍ഗാനിക്ക് സര്‍ട്ടിഫയിട്  അല്ലെ. പോയി വല്ലതും തിന്നിട്ടു ഉറങ്ങാന്‍ നോക്കടാ"
 

"ങേ..! ഇപ്പൊ ഞാന്‍ ആയോ നിരപരാധി..?" 


----------------

സമര്‍പ്പണം:
അമേരിക്കയിലെ  തിരക്കുപിടിച്ച  ജീവിതത്തില്‍ എന്നെ ഇക്കണോമിക്സിന്‍റെ വിവിധ തലങ്ങള്‍ മനസിലാക്കിതരാന്‍ കുറച്ചു സമയം മാറ്റിവെച്ച എന്‍റെ നല്ല സുഹ്രുത്തുക്കള്‍ക്കും. അവരെ അതിനു പ്രേരിപ്പിച്ച 'ജാക്ക്‌ ഡാനിയേല്‍', 'ജോണ്ണി വാക്കര്‍' തുടങ്ങിയ സായിപ്പന്മാര്‍ക്കും. 

Saturday, September 22, 2012

എമേര്‍ജിംഗ് മദ്യ കേരള മീറ്റ്



വേദിയിലിരിക്കുന്ന സഹകുടിയന്മാരെ, നാടന്‍ പ്രേമികളെ, വിദേശ പ്രേമികളെ, വാറ്റു പ്രേമികളെ,

കേരളത്തിലെ പ്രമുഖ വ്യവസായമായ മദ്യ നിര്‍മാണ, സംസ്കരണ, വിതരണ, ഉപഭോഗ രംഗത്ത് കൂടുതല്‍ വിദേശ നിക്ഷേപം സമാഹാരിക്കുന്നതിന്, സര്‍കാര്‍ നേത്രത്വത്തില്‍ സംഘടിപ്പിക്കുന്ന എമേര്‍ജിംഗ് മദ്യ കേരള മീറ്റ്‌, മദ്യലോകത്തിനു നാശമാണെന്നു നാടന്‍ പ്രേമികളും, അതല്ല മുതല്‍കൂട്ടാണെന്നു വിദേശ പ്രേമികളും, എന്തെങ്കിലും കിറുങ്ങാനുള്ളത് കിട്ടിയാല്‍ മതി എന്ന് വാറ്റു പ്രേമികളും വ്യക്തമാക്കിയ സ്ഥിതിക്ക്, എക്സൈസ് മന്ത്രി എന്ന നിലയില്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ഞാനാഗ്രഹിക്കുന്നു.

മദ്യമേഖല പുഷ്ടിപെടുത്താനുതകുന്ന തരത്തിലുള്ള നിര്‍ദേശങ്ങള്‍ ഉള്‍കൊള്ളുന്ന വിവിധ പദ്ധതികളാണ് ഈ മീറ്റില്‍ അവതരിപ്പിക്കുക. ഉദാഹരമായി റീട്ടയില്‍ മദ്യ രംഗത്തെ നിക്ഷേപം. എന്നും നമ്മള്‍ കുടിയന്മമാര്‍ ബിവറേജസിനു മുന്‍പില്‍ ക്യു നില്‍ക്കെണ്ടവരാണോ? മദ്യം സ്വയം തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം നമ്മുക്കവിടെ കിട്ടുന്നുണ്ടോ? മനോഹരമായ മദ്യകുപ്പികളെ ബീവറേജസിന്‍റെ കമ്പിവലകള്‍ക്കുള്ളില്‍ തളചിട്ടിരിക്കുന്ന കാഴ്ച്ച ഏതൊരു മദ്യപാനിക്കും കരള്‍വീക്കമുണ്ടാക്കും.  മാത്രമല്ല ഒന്നും രണ്ടും മണികൂര്‍ ക്യു നില്‍ക്കുന്നത് വഴി മദ്യപിക്കാനുള്ള വിലപെട്ട സമയമാണ് നമ്മുക്ക് നഷ്ടമാവുന്നത്. 

ജോണി മാര്‍ട്ട്‌, ഗ്രാന്‍സ്‌വര്‍ത്ത് പോലയുള്ള കമ്പനികള്‍ മുപ്പതിനായിരം കോടിയുടെ നിക്ഷേപമാണ് ഇവിടെ നടത്തുവാന്‍ പോകുന്നത്. എല്ലാ രണ്ടു കിലോമീറ്റര്‍ ചുറ്റളവിളും ഓരോ മദ്യസൂപര്‍മാര്‍ക്കറ്റുക്കള്‍ സ്ഥാപിക്കും. ആയിരകണക്കിന് മദ്യകുപ്പികള്‍ തരം തിരിച്ചു അടുക്കിയിരിക്കുന്ന ആ കാഴ്ച്ച ഓര്‍ക്കുമ്പോള്‍ തന്നെ എന്‍റെ മനസ് കുളിരണിയുകയാണ്. പ്രിയമുള്ളവരേ, വിസ്കി, ബ്രാണ്ടി, റം എന്നുവേണ്ട ലോകത്തുള്ള ഏതു തരത്തിലുള്ള മദ്യവും നിങ്ങള്‍ക്കവിടെ കിട്ടും. മാത്രമല്ല നിങ്ങളെ സഹായിക്കാന്‍ അല്‍പ വസ്ത്രധാരികളായ സെയില്‍സ്‌ ഗേള്‍സ്‌‍, ടച്ചിങ്ങുകള്‍ക്ക് മാത്രമായി പ്രത്യേക സെക്ഷന്‍, ഹര്‍ത്താലിനും, ഓണത്തിനും, ക്രിസ്തുമസ്സിനും, മറ്റാഘോഷദിവസങ്ങളിലും പ്രത്യേക കിഴിവുകളും സമ്മാനങ്ങളും. നമ്മുടെ മദ്യപാനത്തെ ഒരന്താരാഷ്ട നിലവാരത്തിലേക്ക് ഉയര്‍ത്തികൊണ്ടുവരുന്ന ഈ പദ്ധതിയെ എതിര്‍കുന്നവര്‍ യഥാര്‍ത്ഥ മദ്യപാനികളാണോ എന്ന്പോലും ഞാന്‍ സംശയിക്കുകയാണ് സുഹൃത്തുക്കളെ.

നാശോന്മുകമായ നാടന്‍ മദ്യവ്യവസായതിനെ കൈപിടിച്ചുയര്‍ത്താന്‍ ആവിഷ്കരിച്ച മൂന്നാര്‍ കള്ളുകുടം പദ്ധതിയാണ് മറ്റൊരണ്ണം. നല്ല നാടന്‍ കള്ള് ഇന്ന് നാട്ടില്‍ കിട്ടാനുണ്ടോ? മായം ചേര്‍ത്ത കള്ളുകുടിച്ച് എത്ര പ്രിയപ്പെട്ട കുടിയന്മാരാണ് സ്വര്‍ഗത്തിലെ ഷാപ്പുകള്‍ തേടിപ്പോയത്. അടച്ചുപൂട്ടല്‍ ഭീക്ഷണി നേരിടുന്ന മൂന്നാറിലെ തേയില തോട്ടങ്ങള്‍, തെങ്ങുകളും പനകളും നിറഞ്ഞ കള്ളുല്‍പ്പാദന കേന്ദ്രങ്ങളായി മാറ്റാനുള്ള പദ്ധതിയാണിത്.  മാന്‍സോകോ എന്ന അമേരിക്കന്‍ കമ്പനിയുടെ അത്യുല്‍പ്പാദനവും ഉയരക്കുറവുമുള്ള ഹൈബ്രിഡ്‌ തൈകള്‍ ആയിരിക്കും ഈ തോട്ടങ്ങളില്‍ ഉപയോഗിക്കുക. കാറ്റ, കുറള തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ ഇപ്പോള്‍ തന്നെ ഈ രംഗത്ത് മുതല്‍ മുടക്കാന്‍ തയ്യാറായിട്ടുണ്ട്. ഇത് മൂലം കഷ്ടതയനുഭവിക്കുന്ന അനേകായിരം തോട്ടം തൊഴിലാളികള്‍ക്ക് ജോലിയും നല്ല കള്ളും ലഭിക്കും. തോട്ടങ്ങളില്‍ നിന്നും സര്‍ക്കാര്‍ പലപ്പോഴായി പിടിച്ചെടുത്ത ഭൂമിയും, മൊത്തം വനഭൂമിയുടെ എഴുപത്തി അഞ്ചു സതമാനവും ഈ ബ്രഹത് പദ്ധതിക്കായി സര്‍ക്കാര്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പതു വര്‍ഷത്തെ പാട്ടത്തിനു നല്‍കും.        

മറ്റൊരു പദ്ധതിയാണ് മെസ്സ്, കേരളത്തിലെ ചെറുകിട വാറ്റുകാര്‍ക്ക് ആഗോള മദ്യവിപണി തുറന്നു കൊടുക്കാന്‍ ഉദ്യേശിച്ചുള്ള പദ്ധതിയാണിത്. തിരുവനന്തപുരത്ത് അയ്യായിരം ഹെക്ടര്‍ സ്ഥലത്ത് മദ്യോളജി പാര്‍ക്ക്‌ സ്ഥാപിക്കും. ചെറുകിട വാറ്റുകാര്‍ക്ക് ഒരു വര്‍ഷം വാറ്റ്‌ ഇങ്കുബെറ്റര്‍ സൗകര്യം ഇവിടെ ലഭ്യമാക്കും. ഈ കമ്പനികള്‍ നിര്‍മ്മിക്കുന്ന വാറ്റ്‌ മാര്‍ക്കേറ്റു ചെയ്യാന്‍, എക്സൈസ് മന്ത്രിയും കുടുംബവും വിവിധ യുറോപ്പിയന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. അയ്യായിരം കോടി രൂപയാണ് ഇതിനു ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ രണ്ടായിരം കോടി രൂപ സര്‍ക്കാര്‍ വഹിക്കും. യുവ വാറ്റുകാരെ വാര്‍ത്തെടുക്കാന്‍ മെസ്സിനോട് അനുബന്ദിച്ചു മദ്യോളജി ട്രെയിനിംഗ് സെന്റ്റര്‍ എം ഐ ടിയുമായി സഹകരിച്ചു നടപ്പിലാക്കും.

മദ്യത്തിന്‍റെ കയറ്റ്-ഇറക്കുമതികള്‍ സുഗമമാക്കാന്‍ മദ്യാര്‍പ്പാടം കണ്ടൈനര്‍ ടെര്‍മിനല്‍ കൊച്ചിയില്‍ തുറക്കും. ഈ പദ്ധതിയില്‍ മൂലധനം ഇറക്കാമെന്നു ദുബായ് മദ്യലോകം കമ്പനി അറിയിച്ചു കഴിഞ്ഞു. മൂന്നാറിലെ കള്ളുകുടം പദ്ധതിപ്രകാരം ഉത്പാദിപ്പിക്കുന്ന കള്ളും, മെസ്സില്‍ ഉത്പാദിപ്പിക്കുന്ന വാറ്റും ഒരു വാറ്റുമില്ലാതെ ഈ ടെര്‍മിനല്‍ വഴി യുറോപ്പിയന്‍ വിപണികളില്‍ എത്തിക്കും. മാത്രമല്ല എന്‍ ആര്‍ ഐ കളുടെ സഹകരണത്തോടെ കേരള മദ്യകാര്‍ഗോ വിമാന സര്‍വീസ്‌ ആരംഭിക്കാനുള്ള പദ്ധതിയുടെ രൂപ രേഖ തയാറാക്കി വരികയാണ്‌.

അന്‍പതിനായിരത്തോളം പ്രത്യക്ഷ തൊഴില്‍ അവസരങ്ങളും, ഒരു ലക്ഷത്തോളം അനുബന്ധ തൊഴില്‍ അവസരങ്ങളുമാണ് എമര്‍ജിംഗ് മദ്യ കേരള മീറ്റ്‌, മുമ്പോട്ട്‌ വെയ്കുന്നത്. ഇതില്‍ ഇരുപതിനായിരത്തോളം അവസരങ്ങള്‍ മദ്യനിര്‍മാണ പ്രക്രിയയിലാണ്. ബാക്കി മുപ്പതിനായിരം അവസരങ്ങള്‍ മദ്യ സംഭരണ വിപണന മേഖലകളിലും. ഹോട്ടല്‍, പബ്‌, അഭിസാരക കേന്ദങ്ങള്‍ തുടങ്ങിയവയിലാണ് അനുബന്ധ തൊഴില്‍ അവസരങ്ങള്‍ പ്രതീഷിക്കുന്നത്. മദ്യപിച്ചു വണ്ടി ഓടിച്ചു അപകടത്തില്‍ പെടുന്നവരെ ചികല്‍സിക്കുന്ന ആശുപത്രികള്‍, വാറ്റിനടിമപ്പെട്ടവരെ മുഖ്യധാര മദ്യപാനത്തിലേക്ക് കൊണ്ടുവരുന്ന റീ-ഹാബിറ്റെഷന്‍ സെന്‍ററുകള്‍, അഭിസാരിക പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയ അനുബന്ധ വ്യവസായങ്ങളിലും ഒരു വന്‍കുതിച്ചുചാട്ടമാണ് സര്‍ക്കാര്‍ വിഭാവന ചെയ്യുന്നത്. 

മദ്യാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം, ആഗോളതലത്തില്‍, കേരളം മദ്യഉപയോഗത്തില്‍ മുന്‍പന്തിയില്‍ ആണെകിലും, മദ്യ നിര്‍മാണ, സംസ്കരണ, വിതരണ മേഖലകളില്‍ ഇനിയും വളരെയധികം വളര്‍ച്ച കൈവരിക്കണ്ടതായുണ്ട്, അതിനു വിദേശ നിക്ഷേപം അത്യന്താപേക്ഷിതമായ ഘടകമാണ്. ഹര്‍ത്താല്‍, മറ്റാഘോഷദിനങ്ങളിലെ മദ്യ ഉപയോഗം കൊണ്ട് നമ്മുടെ നാട് കൈവരിച്ച ആഗോള പ്രതിച്ഛായ മികച്ച വിദേശ നിക്ഷേപമാകി മാറ്റാനുള്ള സര്‍ക്കാരിന്റെ ശ്രമമായ എമര്‍ജിംഗ് മദ്യ കേരള മീറ്റിനു എല്ലാ ഭാവുകങ്ങളും നേര്‍ന്നുകൊണ്ട് തല്‍കാലം നിറുത്തുന്നു.

ചിയേര്‍സ്, നന്ദി, നമസ്കാരം.

പടത്തിനു കടപ്പാട്: http://www.deviantart.com

Saturday, September 15, 2012

ഒരു ചെറിയ പട്ടണത്തിന്‍റെ വലിയ ചരിത്രം.

"ഇതാണ് ഒഗുവേ നദി, ഇതിനപ്പുറത്താണ് ലംബാരനെ." ഡ്രൈവര്‍ ബോബോ പറഞ്ഞത് കേട്ടാണ് ഞാന്‍ ചെറുമയക്കത്തില്‍നിന്നും ഉണര്‍ന്നത്.



ഒഗുവേ നദി

"ഒഗുവേ, ലംബാരനെ നല്ല പേരുകള്‍" 

"ആ കാണുന്നതാണ് ഷ്വൈറ്റ്സർ ഹോസ്പിറ്റല്‍, ഈ പട്ടണത്തിലെ ചരിത്ര പ്രസിദ്ധമായ സ്ഥാപനം, അല്ല ആഫ്രിക്കയിലെ തന്നെ ചരിത്ര പ്രസിദ്ധമായ ആശുപത്രി" നദിയുടെ തീരത്തെ ഒറ്റനില കെട്ടിടസമുച്ചയ്ത്തെ നോകി ബോബോ പറഞ്ഞു.



ഷ്വൈറ്റ്സർ ഹോസ്പിറ്റല്‍
ചരിത്ര പ്രസിദ്ധമായ ആശുപത്രിയോ എന്ന ഒരു സംശയം നിങ്ങളെ പോലെ തന്നെ എനിക്കും ഉണ്ടായി. അതിന്‍റെ ചരിത്രം നമ്മുക്കൊന്നു ചികഞ്ഞുനോക്കാം.

കോളനിവാഴ്ച്ചക്കാലത്ത് ഫ്രാന്‍സിന്‍റെ ഒരു കോളനി ആയിരുന്നു ഗാബോണ്‍. ആതുര ശിശ്രൂഷകള്‍ ഒന്നും ലഭ്യമല്ലാതെയിരുന്ന ഈ പ്രദേശത്തേക്ക് രോഗികളെ ശിശ്രൂഷിക്കാന്‍ ഡോക്ടര്‍മ്മാരെ ആവശ്യമുണ്ടെന്നു യൌറോപ്പിലാകെ വിളംബരം ചെയ്യപെട്ടു. ആഫ്രിക്കയില്‍ പോയി രോഗികളെ പരിചരിക്കുക, അതും യൌറോപില്‍ നിന്ന്, ഡോക്ടര്‍മാര്‍ ആരും അതിന് തയ്യാറായില്ല. കറുത്ത വര്‍ഗക്കാരനെ ഒരു വെളിപ്പാടകലെ മാത്രം നിറുത്തിയിരുന്ന അക്കാലത്ത് അവരെ പരിചരിക്കാനുള്ള നിയോഗം സ്വയം ഏറ്റെടുത്ത ആല്‍ബെര്‍ട്ട് ഷ്വൈറ്റ്സര്‍ സ്ഥാപിച്ചതാണ് ചരിത്ര പ്രസിദ്ധമായ ആ ആശുപത്രി.


ആല്‍ബെര്‍ട്ട് ഷ്വൈറ്റ്സര്‍

ആരായിരുന്നു ആല്‍ബെര്‍ട്ട് ഷ്വൈറ്റ്സര്‍, ആ ബഹുമുഖ വ്യക്തിത്വത്തെ അടുത്തറിയാന്‍ നമ്മള്‍ കാലത്തിലൂടെ പിറകോട്ടു സഞ്ചരിക്കണം. 1875 ജനുവരി 14-ന് ഒരു ലുതര്‍ എവാഞ്ചിലിക്കല്‍ പാസ്ടരിന്റെ മകനായി അൽസേസ് എന്ന ജര്‍മന്‍-ഫ്രഞ്ച് അതിര്‍ത്തി ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്‌. സമ്പന്നമായ, സംഗീതത്തിലും, വൈദികലോകത്തും അറിയപെടുന്ന കുടുംബം. ഷ്വൈറ്റ്സറിന്റെ വഴിയും മറ്റൊന്നായിരുന്നില്ല, 1899-ൽ തത്ത്വചിന്തയിൽ ഡോക്ടറേറ്റും 1900-ൽ ദൈവശാസ്ത്രത്തിൽ ഉന്നതബിരുദവും നേടിയ അദ്ദേഹം ആ വര്‍ഷം തന്നെ സ്ട്രാസ്ബർഗിലെ സെന്റ് നിക്കോളാസ് പള്ളിയിൽ പാസ്റ്ററും പള്ളിയുടെ കീഴിലുള്ള സെന്റ് തോമസ് കോളജിൽ പ്രിൻസിപ്പലുമായി നിയമിതനായി. വളരെ ചര്‍ച്ചചെയ്യപ്പെട്ട രണ്ടു ഗ്രന്ഥങ്ങള്‍ അദ്ദേഹം ഇക്കാലത്താണ് പ്രസിദ്ധപ്പെടുത്തിയത്. 'ദി റിലിജിയസ് ഫിലോസഫി ഓഫ് കാന്ത്', 'ജെ എസ് ബാച്ച് ഭാഗം  ഒന്ന്' (ജൊഹാൻ സെബാസ്റ്റിൻ ബാച്ച് എന്ന പ്രമുഖ സംഗീതകഞന്‍റെ ജീവചരിത്രം) എന്നിവയായിരുന്നു ആ പുസ്തകങ്ങള്‍. 1905ല്‍ പ്രസിദ്ധപ്പെടുത്തിയ 'ദി ക്വോസ്റ്റ്‌ ഓഫ് ഹിസ്റ്റോറിക്കല്‍ ജീസസ്‌' എന്ന വിശ്വപ്രസിദ്ധമായ ഗ്രന്ഥമാണ് അദേഹത്തെ യൌറോപിലെ എണ്ണപ്പെട്ട ക്രിസ്തീയ ദൈവ ശാസ്ത്രകഞന്മാരില്‍ ഒരാളാക്കി തീര്‍ത്തത്.
   
പാരിസ്‌ മിഷനറിയുടെ മാസികയില്‍ പ്രസിദ്ധപ്പെടുത്തിയ കുറിപ്പില്‍ നിന്ന് ഗബോനിലെ രോഗികളുടെ അവസ്ഥ മനസിലാക്കിയ അദ്ദേഹം, വിദ്യാഭാസം പുനരാരംഭിക്കാനും ഗബോനിലേക്ക് മിഷനെറിയായി പോകാനും തീരുമാനിച്ചു. 'ഇക്കാലമത്രയും പ്രസംഗിക്കുകയും ലേഖനങ്ങള്‍ എഴുതി പ്രചരിപ്പിക്കുകയും ചെയ്ത കൃസ്തിയ സാഹോദര്യം പ്രാവര്‍ത്തികമാക്കാന്‍ ദൈവം തന്ന ഒരവസരമായി ഞാന്‍ ഇതിനെ കാണുന്നു' എന്നാണ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ച ബന്ധുക്കളോടും സുഹ്രുത്തുക്കളോടും അദ്ദേഹം പറഞ്ഞത്. തന്‍റെ മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കാന്‍ അദ്ദേഹം അദ്ദേഹം സമര്‍പ്പിച്ച പ്രബന്ധം 'എ സൈക്കാട്രിക്ക് സ്റ്റഡി ഓഫ് ജീസസ്‌' സഭയ്ക്കു രസിച്ചില്ല. പുതുമയുള്ള ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഷ്വൈറ്റ്സറിനെ പോലെയുള്ളവര്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കും എന്നവര്‍ കണക്കുകൂട്ടി. പക്ഷെ ഷ്വൈറ്റ്സർ പിന്മാറാന്‍ ഒരുക്കമായിരുന്നില്ല, സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും തന്‍റെ ദൌത്യത്തിനുള്ള പണം സ്വരൂപിച്ചു, മെഡിക്കല്‍ ഡിഗ്രി ലഭിച്ച 1913ല്‍ തന്നെ അദ്ദേഹം പ്രിയപത്നി ഹെലൻ ബ്രെസ്ലാവുമൊത് ഗബോനിലെത്തി. (ഷ്വൈറ്റ്സറിന്‍റെ ഉദ്യമത്തിനു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച അവര്‍, ഇതിനകം തന്നെ നഴ്സിംഗ് പരിശീലനം പൂര്‍ത്തിയാക്കി കഴിഞ്ഞിരുന്നു.)

ഒരു ചെറിയ ക്ലിനിക്‌ ലംബാരനെയില്‍ സ്ഥാപിച്ചുകൊണ്ടായിരുന്നു ഷ്വൈറ്റ്സര്‍ ആശുപത്രിയുടെ തുടക്കം. ഒരു കോഴി വളര്‍ത്തല്‍ കേന്ദ്രം വാങ്ങി ആശുപത്രിയായി മാറ്റി. കൃഷിയിലും, വളര്‍ത്തു മൃഗങ്ങളിലും ഊന്നിയുള്ള ജീവിത രീതിയായിരുന്നു ഗബോനില്‍ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ദൂരെയുള്ള ആശുപത്രിയില്‍ പോയി ചികല്‍സിക്കാന്‍ ആളുകള്‍ തയാറായില്ല. അടുത്ത ബന്ധുകളെയും, വളര്‍ത്തു മൃഗങ്ങളെയും ആശുപത്രിയിലും പരിസരത്തും കഴിയാന്‍ അനുവദിച്ച അദ്ദേഹം പരിസ്ഥിതി സന്തുലിതമായ ഒരു ആതുരാലയം കെട്ടിപടുത്തു. ഒരു പക്ഷെ മൃഗങ്ങളും മനുഷ്യരും ഒരുമയോടെ കഴിഞ്ഞ ലോകത്തിലെ ഒരേ ഒരു ആശുപത്രി ആയിരിക്കുമത്. മനുഷ്യന്റെ സന്മാര്‍ഗ ബോധത്തിന് അടിസ്ഥാനമാകേണ്ടത് മാനവികത അല്ല വിശ്വപ്രേമം ആയിരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്‍റെ മതം.


ആദ്യത്തെ ഷ്വൈറ്റ്സര്‍ ഹോസ്പിറ്റല്‍
1914ലില്‍ ഒന്നാം ലോക മഹായുദ്ധം പൊട്ടിപുറപ്പെട്ടു. ജര്‍മന്‍ കാരനായിരുന്ന ഷ്വൈറ്റ്സറിനെ ഫ്രഞ്ച് പട്ടാളം തടവിലാക്കി യൌറോപിലേക്ക് കൊണ്ട്പോയി. ആശുപത്രി പൂട്ടി എന്ന് പ്രത്യേകം പറയണ്ടതില്ലല്ലോ. പ്രശസ്ത ചിത്രകാരന്‍ വാന്‍ഗോഗിനെ പാര്‍പ്പിച്ച അതെ തടവറയിലാണ് അദ്ദേഹത്തെയും തടവിലാക്കിയത്. യുദ്ധാനന്തരം 1924ലില്‍ അദ്ദേഹം ലംബാരനെയില്‍ തിരിച്ചെത്തി, നദിയുടെ തീരത്തേക്ക് മാറ്റി ആശുപത്രി പുതുക്കിപണിഞ്ഞു.  അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രശസ്തരായ പല ഡോക്ടര്‍മാരും ഷ്വൈറ്റ്സര് ആശുപത്രിയില്‍ സേവനമാനുഷ്ടിക്കാനെത്തി. അങ്ങനെ ഷ്വൈറ്റ്സര് ആശുപത്രിയിയോടൊപ്പം ലംബാരനെ എന്ന ചെറു പട്ടണവും ചരിത്രത്തിന്റെ ഭാഗമായി മാറി.


1924ലില്‍ പുതുക്കിപ്പണിത ആശുപത്രി
പരിശോദന മുറി
ഉപകരണങ്ങള്‍
ബ്ലഡ്‌ ട്രാന്‍സ്‌ഫുഷന്‍ യന്ത്രം
ശസ്ത്രക്രിയ ഉപകരണങ്ങള്‍
ശസ്ത്രക്രിയ മുറി
പ്രസവ മുറി
നവജാത ശിശുക്കളുടെ മുറി
(ഷ്വൈറ്റ്സറിന്‍റെ മരണത്തിന് ശേഷം ഈ ആശുപത്രി ഒരു മ്യുസിയം ആക്കി മാറ്റി)

വെറുമൊരു ഡോക്ടര്‍ ആയോ, ദൈവ ശാസ്ത്രകഞന്‍ മാത്രമായോ അദ്ദേഹത്തെ കാണുന്നത്, ഷ്വൈറ്റ്സറിനോട് ചെയ്യുന്ന അനീതി ആയിരിക്കും. മനുഷ്യന്റെ സന്മാര്‍ഗജീവിതത്തിനു അടിസ്ഥാനം വെറും മനുഷ്യസ്നേഹമല്ല, പ്രകൃതിയോടും മറ്റു ജീവജാലങ്ങളോടും കൂടിയുള്ള സ്നേഹമാണെന്ന് അദ്ദേഹം വാദിച്ചു. അദ്ദേഹത്തിന്റെ ഈവിഷയത്തിലുള്ള പ്രസംഗങ്ങളാണ്, പരിസ്ഥിതി സംരക്ഷണപ്രസ്ഥാനം തുടങ്ങാന്‍ റേച്ചൽ കാർസനു പ്രജോദനമായത്. (അവരുടെ 'സൈലന്‍റ് സ്പ്രിംഗ്' എന്ന പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത് ഷ്വൈറ്റ്സര്‍ക്കാണ്‌). ചെറുപ്പം മുതല്‍ സംഗീതം അഭ്യചിരുന്ന അദ്ദേഹം നല്ല ഒന്നാതരം ഒരു ഓര്‍ഗണിസ്റ്റും, ഓര്‍ഗണ്‍ നിര്‍മാതാവും ആയിരുന്നു.ഓര്‍ഗണ്‍ റെകോര്‍ഡിങ്ങില്‍ ഒരു പുതിയ രീതി തന്നെ അദ്ദേഹം പരിചയപ്പെടുത്തി, ഷ്വൈറ്റ്സര്‍ ടെക്കനിക്ക് എന്നാണ് ഈ രീതി പിന്നീട് അറിയപെട്ടത്‌. ഒരു നല്ല ചിത്രകാരനും, ഗ്രന്ഥകാരനും ആയിരുന്നു അദ്ദേഹം.

രണ്ടാം ലോകമഹായുദ്ധനന്തരം ആൽബർട്ട് ഐൻസ്റ്റീൻ, ബെർട്രാൻഡ് റസ്സൽ എന്നിവര്‍ക്കൊപ്പം അണ്വായുധവ്യാപനം തടയാനുള്ള പരിശ്രമങ്ങളില്‍ മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു ഷ്വൈറ്റ്സറിര്‍. 1952ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കി ലോകം ആ പ്രതിഭയെ ആദരിച്ചു. (മറ്റനേകം അവാര്‍ഡുകളും പുരസ്കാരങ്ങളും അദ്ദേഹത്തെ തേടി വന്നിട്ടുണ്ട്) 1965 സെപ്റ്റംബര്‍ 4ന് ലംബാരനെയില്‍ വെച്ച് അദ്ദേഹം അന്തരിച്ചു.


ഷ്വൈറ്റ്സര്‍ ഇവിടെ അന്ത്യവിശ്രമംകൊള്ളുന്നു

1924 മുതല്‍ 1965 വരെയുള്ള കാലഘട്ടം ലംബാരനെയുടെ സുവര്‍ണ കാലമായിരുന്നു. പ്രഗല്‍ഭരായ ഡോക്ടര്‍മാര്‍ രോഗങ്ങള്‍ക്കെതിരെ പോരുതിയപ്പോള്‍, പ്രശസ്ത സംഗീതകഞര്‍ ലംബാരനെയുടെ സയാഹ്നങ്ങളെ സമ്പന്നമാക്കി. അകലെ നിന്നും വരുന്ന രോഗികളും അവരുടെ ബന്ധുജനങ്ങലും ലംബാരനെയുടെ സാമ്പത്തിക അടിത്തറ ശക്തമാക്കാന്‍ പ്രധാന പങ്കു വഹിച്ചു.
ഇന്ന് ലംബാരനെയിലെ ഷ്വൈറ്റ്സര്‍ ഹോസ്പിറ്റല്‍ ആഫ്രിക്കയിലെ പേരുകേട്ട മെഡിക്കല്‍ റിസര്‍ച്ച് സെന്‍റ്റാണ്. ആഫ്രിക്കയില്‍ നിന്നുംമാത്രമല്ല യൌറോപില്‍ നിന്നുമുള്ള പ്രഗല്‍ഭരും പ്രശസ്തരുമായ ധാരാളം ഡോക്ടര്‍മാര്‍ ഇവിടെ സേവനമനുഷ്ടിക്കുന്നു. (www.schweitzerlambarene.org) അന്നും ഇന്നും അഫ്രികയിലെ കൊലയാളികളില്‍ പ്രമുഖനായ മലേറിയ ഇല്ലാതെയാക്കുന്നതിനുള്ള റിസര്‍ച്ച് ആണ് ഇവിടെ കൂടുതലും നടക്കുന്നത്.

ലംബാരനെകുറിച്ച് എഴുതാനിരുന്നു ഇതിപ്പോള്‍ ഷ്വൈറ്റ്സറിന്റെ ജീവചരിത്രം ആയല്ലോ. ഷ്വൈറ്റ്സര്‍ ഇല്ലാതെ എന്ത് ലംബാരനെ അല്ലെ? ഷ്വൈറ്റ്സറിന്റെ ചരിത്രം ആണല്ലോ ലംബാരനെയുടെ ചരിത്രം. ലംബാരനെയ്ക്കും ഗബോണിനും ഇത്രയും സംഭാവനകള്‍ നല്‍കിയ ഷ്വൈറ്റ്സറിന്റെ ഒരു സ്മാരകം പോയിട്ട് ഒരു പ്രതിമപോലും ഇവിടെ കണ്ടില്ല. രാജ്യത്തിന്‍റെ എണ്പതു ശതമാനം വരുന്ന കാടുകള്‍ വെട്ടി കടല്‍കടത്താന്‍ കൂട്ടുനില്‍ക്കുന്ന രാഷ്രീയക്കാരില്‍നിന്നും നമ്മള്‍ കൂടുതലൊന്നും പ്രതീക്ഷിക്കരുതല്ലോ. 


ഇന്നത്തെ ലംബാരനെ

നാസി ജെര്‍മനിയില്‍ നിന്ന് സമാധാനവും, മാനവികതയും, പരിസ്ഥിതി സംരക്ഷണവും, സര്‍വോപരി അധകൃതരായ രോഗികളെ പരിചരിക്കാനുള്ള സന്മനസുമുള്ള ഷ്വൈറ്റ്സര്‍, ഒരത്ഭുതം തന്നെയല്ലെങ്കില്‍ മറ്റെന്താണ്? ഹിറ്റ്‌ലറുടെ കരാളഹസ്തങ്ങളില്‍ ജെര്‍മനിയില്‍ മനുഷ്യജീവിതങ്ങള്‍ പിടഞ്ഞുവീഴുമ്പോള്‍, ലോകത്തിന്‍റെ മറ്റൊരു കോണില്‍ മറ്റൊരു ജര്‍മന്‍കാരന്‍ ജീവിതങ്ങള്‍ രക്ഷിക്കുവാന്‍ പരിശ്രമിക്കുന്നു. മനുഷ്യന്‍ ഒരു വിചിത്രമായ ജീവിയാണ്, ഒരേ രാജ്യത്തിന്റെ ഭാഗം ആവുമ്പോഴും എത്ര വ്യത്യസ്ഥമായാണ് അവന്‍ ചിന്തിക്കുന്നത്.
 
വെറും അന്‍പതിനായിരത്തോളം ആളുകള്‍ വസിക്കുന്ന, ലംബാരനെ എന്ന ഈ ചെറു പട്ടണത്തിനു ഇത്രയും ചരിത്ര പ്രാധാന്യം ഉണ്ടായിരുന്നുവെന്ന് ഇവിടെ വന്നെത്തുന്നതിനുമുന്‍പ്‌ അറിയില്ലായിരുന്നു. മനുഷ്യ സ്നേഹത്തിന്‍റെ, സാഹോദര്യത്തിന്റെ, പരിസ്ഥിതി സംരക്ഷണത്തിന്‍റെ ആദ്യകാല ഈറ്റില്ലമായ ഇവിടം, ആല്‍ബെര്‍ട്ട് ഷ്വൈറ്റ്സര്‍ എന്ന മഹാനോടൊപ്പം എന്നും ഓര്‍മയില്‍ തങ്ങി നില്‍ക്കും, തീര്‍ച്ച.

വിഷയ സമാഹരണ സൂചികകള്‍.
http://en.wikipedia.org/wiki/Albert_Schweitzer
ആല്‍ബെര്‍ട്ട് ഷ്വൈറ്റ്സര്‍ ഹോസ്പിറ്റല്‍ ആന്‍ഡ്‌ മ്യുസിയം, ലംബാരനെ

ആല്‍ബെര്‍ട്ട് ഷ്വൈറ്റ്സര്‍ എഴുതിയ ചില പുസ്തകങ്ങള്‍.
ഔട്ട്‌ ഓഫ് മൈ ലൈഫ് ആന്‍ഡ്‌ തോട്സ്
ആഫ്രിക്കന്‍ നോട്ട് ബുക്ക്‌
ദി ഫിലോസഫി ഓഫ് സിവിലൈസേഷന്‍
മെമോറിസ് ഓഫ് ചൈല്‍ഡ്‌ ആന്‍ഡ്‌ യൂത്ത്‌
ലെറ്റേര്‍സ് 1905-1965
ദി ആഫ്രിക്കന്‍ സെര്‍മോന്‍സ്‌
എ സൈക്കാട്രിക്ക് സ്റ്റഡി ഓഫ് ജീസസ് എക്സ്പോസിഷന്‍ ആന്‍ഡ്‌ കൃട്ടിസിസം
ഓണ്‍ ദി എഡ്ജ് ഓഫ് ദി പ്രിമവല്‍ ഫോറെസ്റ്റ്‌
ആല്‍ബെര്‍ട്ട് ഷ്വൈറ്റ്സര്‍ - ഹെലൻ ബ്രെസ്ലാവ് ലെറ്റേര്‍സ് 1902-1912
ഇന്ത്യന്‍ തോട്സ് ആന്‍ഡ്‌ ഇറ്റ്‌സ് ഡെവലപ്പ്മെന്റ്
ദി ഡീക്കെ ആന്‍ഡ്‌ റസ്റ്റോറേഷന്‍ ഓഫ് സിവിലൈസേഷന്‍
ദി മിസ്റ്റിസം ഓഫ് പോള്‍ ദി അപ്പോസ്തലന്‍
പീസ്‌ ഓര്‍ ആറ്റോമിക് വാര്‍?
പോള്‍ ആന്‍ഡ്‌ ഹിസ്‌ ഇന്റര്‍പ്രിറ്റെര്ഴ്സ്
Straßburger Predigten (ഇത് മലയാളീകരിക്കാന്‍ പറ്റിയ പ്രോഫെസ്സര്‍മ്മാര്‍ ഉണ്ടെങ്കില്‍ പറയണേ)
വിര്‍ ഇപ്പിഗോന്‍
ദി ലൈറ്റ് വിത്ത്‌ ഇന്‍ അസ്‌
Das Christentum und die Weltreligionen

 ലംബാരനെ, കൂടുതല്‍ ചിത്രങ്ങള്‍
https://plus.google.com/u/0/photos/111148735232277063484/albums/5789440434376318401

Monday, August 20, 2012

ഏത്തപ്പഴവും പോത്തിറച്ചിയും

എന്താ അമ്മേ രാവിലെ കഴിക്കാന്‍..?

പുട്ടും കടലയുമാണെടാ.

ഇറച്ചിക്കറി ഇല്ലേ അമ്മേ? മീന്‍കറി ആയാലും മതിയാരുന്നു.

പിന്നെ പുട്ടിന്‍റെ കൂടെയല്ലേ ഇറച്ചിക്കറി. ഇങ്ങിനെ പോയാല്‍ നീ ഏത്തപ്പഴവും പോത്തിറച്ചിയും വേണമെന്ന് പറയുമല്ലോ?. വേണെങ്കില്‍ ഇവിടെ ഉള്ളത് വല്ലോം തിന്നിട്ടു സ്കൂളില്‍ പോകാന്‍ നോക്ക്.

അന്ന് അമ്മ അങ്ങിനെ പറഞ്ഞെങ്കിലും ജീവിതത്തില്‍ പിന്നെ എപ്പോഴെങ്കിലും ഈ കോമ്പിനേഷന്‍ കഴിക്കേണ്ടി വരുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല.

നമ്മുടെ നാട്ടില്‍ കേട്ടുകേഴ്വി ഇല്ലാത്ത ഈ കോമ്പിനേഷന്‍ ആഫ്രികക്കാരുടെ ഇഷ്ട ഭക്ഷണമാണ്. ഏത്തപ്പഴവും പോത്തിറച്ചിയും, ഏത്തപ്പഴവും മീന്‍കറിയും, ഏത്തപ്പഴവും കോഴിക്കറിയും, എന്നുവേണ്ട പെരുംപാമ്പിനെയും മുതലയും വരെ കറിവെച്ചു ഏത്തപ്പഴവും
കൂട്ടി കൂളായി അടിക്കും ആഫ്രികക്കാര്‍. ഇത് കണ്ടിട്ട് നമ്മള്‍ മലയാളീസ്‌  'അയ്യേ, ഇതൊക്കെ എങ്ങിനെ കഴിക്കും' എന്ന് ചോദിക്കുമെന്കിലും, സംഭവം കഴിക്കാന്‍ നല്ല രുചിയാണ്.

ഏത്തപ്പഴവും പോത്തിറച്ചിയും
ഏത്തപ്പഴവും കോഴിക്കറിയും
മലയാളിയുടെ സ്വന്തമെന്ന് അഭിമാനിക്കുന്ന നമ്മുടെ ഏത്തക്ക ഉപ്പേരി ഇവിടെ യഥേഷ്ടം കിട്ടും, കൂടാതെ ഏത്തപ്പഴം കനത്തില്‍ അരിഞ്ഞു മോരിച്ചെടുക്കുന്ന പ്ലാന്റീന്‍ എന്ന ഒരു ഉപ്പേരി കൂടെ ഇവിടെ കിട്ടും. അതിന്റെ കോമ്പിനേഷനും ഇറചിതന്നെ.
ഏത്തപ്പഴ ഉപ്പേരി
ഇതൊക്കെ കഴിച്ചു മടുത്തപ്പോള്‍ ഞാന്‍ പറഞ്ഞു എനിക്ക് മീന്‍ മതി.
മീന്‍ പുഴുങ്ങിയതും പച്ചക്കറിയും ചോറും.  (വാട്ട് എ കോമ്പിനേഷന്‍ സര്‍ജി)
മീന്‍ പുഴുങ്ങിയതും പയറുകറിയും
അയ്യോ ഇത് ഞാന്‍ എങ്ങിനെ കഴിക്കും.. കഷണിച്ച മീന്‍ ഇല്ലേ അതാണ് എനിക്ക് ഇഷ്ടം.
കഷണിച്ച മീനും ചോറും പച്ചകറിയും.
ഇല അരച്ചതും കഷണിച്ച മീനും
ചേട്ടാ, കുറച്ചു ചോറും കറിയും കിട്ടുമോ..?
ചോറും ചീരയിട്ടു വെച്ച മീന്‍ കറിയും.
ചോറും ചിക്കന്‍ പട്ടാണി കറിയും.
ദോശ+സാംബാര്‍, കഞ്ഞി+അവിയല്‍, പുട്ട്+കടലക്കറി തുടങ്ങിയവയൊക്കെ സ്വപ്നം കണ്ടു  ഞാന്‍ ഞെട്ടി ഉണരാന്‍ തുടങ്ങിയിട്ടുണ്ട്.

'നാട്ടിലും വിദേശത്തുമായി ഗംഭീര ഓണസദ്യ ഉണ്ണുന്നവര്‍കെല്ലാം വയറിളക്കം പിടിക്കണേ ദൈവമേ.' എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു പോയാല്‍ എന്നെ കുറ്റം പറയരുത്. വേറെ നിവര്‍ത്തി ഇല്ലാത്തോണ്ട.

എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

(പടങ്ങള്‍ കടം തന്നെന്നെ സഹായിച്ച ജിദീഷിനു ഒരു പുഴുങ്ങിയ മീനും ഏത്തപ്പഴവും നന്ദിയായി സമര്‍പ്പിക്കുന്നു.)

Tuesday, May 1, 2012

ഭൂമധ്യരെഖയിലേക്ക് ഒരു യാത്ര.


നീണ്ട ഒരു യാത്രക്ക് ശേഷമാണു ഗബോനിന്റെ തലസ്ഥാനം ആയ ലിബ്രവില്ലിയില്‍ കാലു കുത്തുന്നത്. തിരുവനന്തപുരത്തുനിന്നും മുംബയില്‍, പിന്നെ അവിടുന്ന്‌ അടിസ് അബാബയില്‍ എത്തിയപ്പോഴേക്കും ഒരു മണികൂര്‍ വൈകിപോയി. ലിബ്രവിലിയിലേക്ക് ഞങ്ങളെ കൊണ്ടുപോകാം എന്ത് എഴുതി കരാര്‍ ഒപ്പിടിരുന്ന വിമാനം അതിന്‍റെ യാത്ര തുടങ്ങികഴിഞ്ഞിരുന്നു. ഇനി രണ്ടു ദിവസം കഴിഞ്ഞേ ലിബ്രവിലിയിലേക്ക് നേരിട്ട് പോകുന്ന വിമാനം ഉള്ളൂ. മനസ്സില്‍ ലഡു പൊട്ടാന്‍ പിന്നെ എന്ത് വേണം. രണ്ടു ദിവസം എത്തിയോപ്പ്യന്‍ വിമാന കമ്പനിയുടെ ചെലവില്‍ സുഖമായി കഴിയാം.

അര മണികൂര്‍ കഴിഞ്ഞുള്ള മറ്റൊരു കമ്പനിയുടെ വിമാനത്തില്‍ നിങ്ങള്‍ക്ക് യാത്രയാവാം എന്ന് കറുത്ത കോട്ടിട്ട ഒരു കറുത്ത സുന്ദരി വന്നു മൊഴിഞ്ഞു. അങ്ങിനെ പുളിക്കുന്ന ലഡുവും ഞാനും അടിസ് അബാബയോടു വിട പറഞ്ഞു. മൂന്ന് ഇന്ത്യകാര്‍ ഉണ്ടായിരുന്നു ലിബ്രവിലിയിലേക്ക് രണ്ടു മലയാളികളും, ഒരു ഹിന്ദികാരനും. കൃഷ്ണ എന്ന തിരുവന്തപുരം സ്വദേശി ഗബോനിലെ ടെക് മഹിന്ദ്രയുടെ കണ്‍ട്രി ഹെഡ് ആണ്. (ഹിന്ദികരനുമായി ഒരു പാട് സംസാരിച്ചു പക്ഷെ പേര് ചോദിക്കാന്‍ മറന്നു പോയി. ഗബോനിലെ കാട്ടില്‍ പെട്രോള്‍ ഊറ്റുന്ന ജോലിക്കാരനാണ്.) എല്ലാ മുക്കിലും നിറുത്തുന്ന പ്രൈവറ്റ് ബസു പോലെ വിമാനം നാലിടത്ത്  നിറുത്തി വൈകിട്ട് ആറുമണിയോടെ ലിബ്രവില്ലിയില്‍ എത്തി.

തിരുവന്തപുരം എയര്‍പോര്‍ട്ടനേക്കാള്‍ ചെറുതാണ് ഇവിടുത്തെ എയര്‍പോര്‍ട്ട്. മൊബൈല്‍ നമ്പര്‍ തന്നിട്ട് കൃഷ്ണ യാത്രയായി. എന്റെ വിസ ശെരിയാവാന്‍ കുറച്ചു സമയമെടുത്തു എന്ന് മാത്രമല്ല ലഗേജു കിട്ടിയതുമില്ല. ഏഴു മണിയോടെ കമ്പനി ഗസ്റ്റ് ഹൌസില്‍ എത്തുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ തളര്‍ന്നിരുന്നു. നേരത്തെ തന്നെ ഉറക്കത്തിലേക്ക് വഴുതിവീണു.

ആദ്യം ലെമ്പരിനെയിലും, പിന്നെ ലിബ്രവില്ലിയിലുമായി ഒരു മാസം കഴിഞ്ഞിരിക്കുന്നു. ഇതുവരെ പുറത്തെവിടെയെങ്കിലും പോകുവാന്‍ കഴിഞ്ഞിട്ടില്ല. ഈ ആഴ്ചാവസാനം എങ്കിലും എവിടെയെങ്കിലും പോകണം. സായിപ്പിന്റെ കലുപിടിച്ചല്ലേ കാര്യം നടക്കൂ. (ഡ്രൈവിംഗ് ലൈസെന്‍സ് ഇല്ലാത്തവര്‍ക്ക് വണ്ടി കൊടുക്കില്ല പോലും.)

സായിപ്പേ, ആഴ്ചാവസാനം പോകാന്‍ പറ്റിയ വല്ല സ്ഥലങ്ങളും ഉണ്ടോ ഇവിടെ?

പിന്നെ ലിബ്രവില്ലിയില്‍ ഒരുപാടു നല്ല ബീച്ചുകള്‍ ഉണ്ട്, പിന്നെ പോന്ഗാര നാഷണല്‍ പാര്‍ക്ക്‌, അകന്ട നാഷണല്‍ പാര്‍ക്ക്‌ അങ്ങിനെ കുറച്ചു നല്ല സ്ഥലങ്ങള്‍ ഇവിടെ ഉണ്ട്. ആര്‍ക്കു പോകാനാ?

എനിക്ക്.

നാളെ മിട്സീകിനു പോകുന്ന നീ എങ്ങിനാ ആഴ്ചാവസാനം ബീച്ചില്‍ പോകുന്നെ? ഇവിടുന്നും ഒരു ഏഴു മണികൂര്‍ എടുക്കും മിട്സീകില്‍ എത്താന്‍.

അവിടെ അടുത്ത് നല്ല സ്ഥലങ്ങള്‍ ഒന്നും ഇല്ലേ?

മോനേ, ഗാബോണ്‍ എന്ന രാജ്യത്തിന്റെ എണ്പതു ശതമാനം നല്ല ഒന്നാംതരം കാടാണ്. നീ പോകുന്നത് ഒരു പതിമൂവയിരം ഹെക്ടര്‍ ഉള്ള റബ്ബര്‍ തോട്ടത്ത്തിലെക്കാ. പിന്നെ പോകുന്ന വഴിക്കാണ് ഇക്കുവേറ്റൊര്‍.

അത് നാഷണല്‍ പാര്‍ക്ക് ആണ്ണോ?

ഇക്കുവേറ്റൊര്‍ എന്ന് പറഞ്ഞാല്‍ ഒരു സാങ്കല്പിക രേഖയാണ്. അത് ഭൂമിയെ രണ്ടായി മുറിക്കുന്നു. ഉത്തരാര്‍ത്ത ഗോളം എന്നും ദക്ഷിനാര്‍ത്ത ഗോളം എന്നും. ഗബോനിന്റെ നടുക്കുകൂടിയാണ് അത് കടന്നു പോകുന്നത്. സായിപ്പു ജീയോഗ്രഫി വിളമ്പി.

എനിക്കറിയാം, നിനക്ക് അറിയമോന്നു പരിക്ഷിച്ചതല്ലേ.

ഉം, ഉം, സായിപ്പു പോയി.

എടാ ഇങ്ങിനെ ഒരു സാധനം ഇവിടെ ഉണ്ടാരുന്നോ? എന്നാ പിന്നെ അത് കണ്ടിട്ട് തന്നെ കാര്യം. ചുമ്മാ അങ്ങിനെ പൊയ് ഒരു സ്ഥലവും കാണാന്‍ പോകരുത് എന്ന് സന്തോഷ്‌ ജോര്‍ജ് കുളങ്ങര സര്‍ പറഞ്ഞിട്ടുണ്ടല്ലോ. ഞാന്‍ ഉടനെ ഗൂഗിള്‍ മാപ് എടുത്തു നോക്കി. സംഗതി സത്യം തന്നെ. വികിപീഡിയ കൂടി നോക്കി.

ഈ ഭൂമധ്യരേഖ എന്ന് പറഞ്ഞാല്‍ ഒരു വമ്പന്‍ സാധനം ആണെന്ന് മനസിലായി. ഇത് കടന്നുപോകുന്ന സ്ഥലങ്ങളില്‍ വര്ഷം മുഴുവന്‍ ഏകദേശം ഒരേ കാലാവസ്ഥ ആയിരിക്കും. എല്ലാ സമയത്തും ഏതെങ്കിലും ഒരു പഴത്തിന്റെ സീസണ്‍ ആയിരിക്കും. നമ്മുടെ നാട്ടില്‍ ഒക്കെ മാമ്പഴ സീസണ്‍ മാര്‍ച്ച്‌ ഏപ്രില്‍ മാസത്തില്‍ ആണെങ്ങില്‍ ഭൂമധ്യരേഖ പ്രദേശത്ത് അത് ആഗസ്റ്റ്‌-സെപ്റ്റംബര്‍ മാസത്തില്‍ ആണ്. മാര്‍ച്ച്‌ ഏപ്രില്‍ മാസത്തില്‍ മാവു പൂക്കും പക്ഷെ പൂകള്‍ എല്ലാം കൊഴിഞ്ഞു പോകും. ഇതു സമയത്ത് മഴ പെയ്യും എപ്പോം നിക്കും എന്നൊന്നും പറയാന്‍ പറ്റില്ല.

കാടിനെ കീറി മുറിച്ചു പോകുന്ന ഹൈവേ.

പിറ്റേ ദിവസം രാവിലെ തന്നെ പെട്ടിയും കിടക്കയും എടുത്തു മിട്സീകില്‍ പോകാന്‍ റെഡി ആയി. ഒരു ഏഴെട്ടു മണികൂര്‍ നമ്മുടെ അതിരപള്ളി വാഴച്ചാല്‍ വാല്‍പ്പാറ റൂട്ടില്‍ കൂടി പോയാല്‍ എങ്ങിനെ ഇരിക്കും. ഇടതൂര്‍ന്ന കാടുകള്‍ക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന വഴി തന്നെ മറ്റൊരു പുഴയായി തോന്നിച്ചു. മരങ്ങള്കിടയിലൂടെ ഒലിച്ചിറങ്ങിയ സൂര്യ പ്രകാശകിരണങ്ങള്‍ അവിടവിടെ ചിതറി കിടന്നു. മനോഹരം ആയിരുന്നു ആ യാത്ര. (കാടിനെ ഇഷ്ടപെടതവര്‍ക്ക് നല്ല ബോറിംഗ് അന്നെന്നു കൂടെ ഉണ്ടാരുന്ന സായിപ്പിന്റെ മുഖത്ത് നിന്നും മനസില്ലായി)


ഭൂമധ്യരേഖ
ലംബരിനെയുടെയും കങ്ങോയുടെയും ഇടക്കാണ് ഭൂമധ്യരേഖ കടന്നു പോകുന്നത്. സിയറ്റ്‌ അവിടെ ഒരു ബോര്‍ഡ്‌ കൊണ്ടുവചിട്ടുണ്ട്. ലോകത്തിലെ മിക്കവാറുമുള്ള വലിയ പട്ടണങ്ങളിലെക്കുള്ള ദൂരം രേഖപെടുതിയിരിക്കുന്നു.. അവിടെ നിന്നു ഒരു ഫോട്ടോ സായിപ്പിനെ കൊണ്ട് എടുപ്പിച്ചു. (എന്തായാലും വന്നതല്ലേ ഒരു ഫോട്ടോ ഇരിക്കട്ടെ). പിന്നെ ഭൂമധ്യരേഖ എന്ന സംഭവത്തിന്റെ മഹത്വം ആര്‍ക്കും അറിയില്ല എന്ന് തോന്നുന്നു. ഒരു ചെറിയ കട പോലും അവിടെയെങ്ങും കണ്ടില്ല. നമ്മുടെ നാട്ടിലെങ്ങാനം ആയിരുന്നെങ്ങില്‍ എന്നേ റിസോര്‍ട്ട് തുടങ്ങിയേനെ.

ഗാബോണ്‍ എന്ന രാജ്യത്തിന്റെ കാലാവസ്ഥ തീരുമാനിക്കുന്നത്‌ ഭൂമധ്യരേഖ അന്നെന്നു പറയാം. എല്ലായിപ്പോഴും ഒരു ഇരുപത്തി രണ്ടു ഇരുപത്തിമൂന്ന് ഡിഗ്രി. മഴ എപ്പോം വരും എന്നോ എപ്പോം നില്‍ക്കും എന്നോ ആര്‍ക്കും പറയാന്‍ പറ്റില്ല. ഇവിടുത്തെ ചൂട് കാലം ഡിസംബര്‍ മാസത്തിലാണ്. അപ്പോള്‍ തെളിഞ്ഞ കാലാവസ്ഥ ആയിരിക്കും എന്നാലും ചൂട് കൂടുതല്‍ ഉണ്ടാവില്ല. ഇപ്പോഴും ധാരാളം മഴ ഉണ്ടാകും. എല്ലായിടവും ഇടതൂര്‍ന്ന പച്ച. ചിത്രങ്ങള്‍ കണ്ടു നോക്കൂ.
ഹരിത മനോഹരം
വൈദുതി എത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍കാര്‍
ഒരു മൊട്ട കുന്ന്
റോഡരികില്‍ നിന്നും എടുത്തതു.
കാടിന്റെ മറ്റൊരു വ്യൂ.
പിന്നെയും റോഡ്‌.
ഗ്രാമാത്തില്ലെക്കുള്ള വഴി.

ഉടനെ ഒരു വിസ എടുത്തു ഗബോണില്‍ പോയേക്കാം എന്ന് വിചാരിക്കരുത്. വിസ കിട്ടാന്‍ ബുദ്ധിമുട്ടാണ്. ശ്രമിച്ചു നോക്കൂ. ഗുഡ് ലക്ക്. 

ഗബോനിലെ വിശേഷങ്ങള്‍ ഒരുപാടുണ്ട്. പതുക്കെ പതുക്കെ എഴുതാം. ആദ്യം മലയാളം മര്യാദക്ക് എഴുതാന്‍ പഠിക്കട്ടെ.