Saturday, September 22, 2012

എമേര്‍ജിംഗ് മദ്യ കേരള മീറ്റ്



വേദിയിലിരിക്കുന്ന സഹകുടിയന്മാരെ, നാടന്‍ പ്രേമികളെ, വിദേശ പ്രേമികളെ, വാറ്റു പ്രേമികളെ,

കേരളത്തിലെ പ്രമുഖ വ്യവസായമായ മദ്യ നിര്‍മാണ, സംസ്കരണ, വിതരണ, ഉപഭോഗ രംഗത്ത് കൂടുതല്‍ വിദേശ നിക്ഷേപം സമാഹാരിക്കുന്നതിന്, സര്‍കാര്‍ നേത്രത്വത്തില്‍ സംഘടിപ്പിക്കുന്ന എമേര്‍ജിംഗ് മദ്യ കേരള മീറ്റ്‌, മദ്യലോകത്തിനു നാശമാണെന്നു നാടന്‍ പ്രേമികളും, അതല്ല മുതല്‍കൂട്ടാണെന്നു വിദേശ പ്രേമികളും, എന്തെങ്കിലും കിറുങ്ങാനുള്ളത് കിട്ടിയാല്‍ മതി എന്ന് വാറ്റു പ്രേമികളും വ്യക്തമാക്കിയ സ്ഥിതിക്ക്, എക്സൈസ് മന്ത്രി എന്ന നിലയില്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ഞാനാഗ്രഹിക്കുന്നു.

മദ്യമേഖല പുഷ്ടിപെടുത്താനുതകുന്ന തരത്തിലുള്ള നിര്‍ദേശങ്ങള്‍ ഉള്‍കൊള്ളുന്ന വിവിധ പദ്ധതികളാണ് ഈ മീറ്റില്‍ അവതരിപ്പിക്കുക. ഉദാഹരമായി റീട്ടയില്‍ മദ്യ രംഗത്തെ നിക്ഷേപം. എന്നും നമ്മള്‍ കുടിയന്മമാര്‍ ബിവറേജസിനു മുന്‍പില്‍ ക്യു നില്‍ക്കെണ്ടവരാണോ? മദ്യം സ്വയം തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം നമ്മുക്കവിടെ കിട്ടുന്നുണ്ടോ? മനോഹരമായ മദ്യകുപ്പികളെ ബീവറേജസിന്‍റെ കമ്പിവലകള്‍ക്കുള്ളില്‍ തളചിട്ടിരിക്കുന്ന കാഴ്ച്ച ഏതൊരു മദ്യപാനിക്കും കരള്‍വീക്കമുണ്ടാക്കും.  മാത്രമല്ല ഒന്നും രണ്ടും മണികൂര്‍ ക്യു നില്‍ക്കുന്നത് വഴി മദ്യപിക്കാനുള്ള വിലപെട്ട സമയമാണ് നമ്മുക്ക് നഷ്ടമാവുന്നത്. 

ജോണി മാര്‍ട്ട്‌, ഗ്രാന്‍സ്‌വര്‍ത്ത് പോലയുള്ള കമ്പനികള്‍ മുപ്പതിനായിരം കോടിയുടെ നിക്ഷേപമാണ് ഇവിടെ നടത്തുവാന്‍ പോകുന്നത്. എല്ലാ രണ്ടു കിലോമീറ്റര്‍ ചുറ്റളവിളും ഓരോ മദ്യസൂപര്‍മാര്‍ക്കറ്റുക്കള്‍ സ്ഥാപിക്കും. ആയിരകണക്കിന് മദ്യകുപ്പികള്‍ തരം തിരിച്ചു അടുക്കിയിരിക്കുന്ന ആ കാഴ്ച്ച ഓര്‍ക്കുമ്പോള്‍ തന്നെ എന്‍റെ മനസ് കുളിരണിയുകയാണ്. പ്രിയമുള്ളവരേ, വിസ്കി, ബ്രാണ്ടി, റം എന്നുവേണ്ട ലോകത്തുള്ള ഏതു തരത്തിലുള്ള മദ്യവും നിങ്ങള്‍ക്കവിടെ കിട്ടും. മാത്രമല്ല നിങ്ങളെ സഹായിക്കാന്‍ അല്‍പ വസ്ത്രധാരികളായ സെയില്‍സ്‌ ഗേള്‍സ്‌‍, ടച്ചിങ്ങുകള്‍ക്ക് മാത്രമായി പ്രത്യേക സെക്ഷന്‍, ഹര്‍ത്താലിനും, ഓണത്തിനും, ക്രിസ്തുമസ്സിനും, മറ്റാഘോഷദിവസങ്ങളിലും പ്രത്യേക കിഴിവുകളും സമ്മാനങ്ങളും. നമ്മുടെ മദ്യപാനത്തെ ഒരന്താരാഷ്ട നിലവാരത്തിലേക്ക് ഉയര്‍ത്തികൊണ്ടുവരുന്ന ഈ പദ്ധതിയെ എതിര്‍കുന്നവര്‍ യഥാര്‍ത്ഥ മദ്യപാനികളാണോ എന്ന്പോലും ഞാന്‍ സംശയിക്കുകയാണ് സുഹൃത്തുക്കളെ.

നാശോന്മുകമായ നാടന്‍ മദ്യവ്യവസായതിനെ കൈപിടിച്ചുയര്‍ത്താന്‍ ആവിഷ്കരിച്ച മൂന്നാര്‍ കള്ളുകുടം പദ്ധതിയാണ് മറ്റൊരണ്ണം. നല്ല നാടന്‍ കള്ള് ഇന്ന് നാട്ടില്‍ കിട്ടാനുണ്ടോ? മായം ചേര്‍ത്ത കള്ളുകുടിച്ച് എത്ര പ്രിയപ്പെട്ട കുടിയന്മാരാണ് സ്വര്‍ഗത്തിലെ ഷാപ്പുകള്‍ തേടിപ്പോയത്. അടച്ചുപൂട്ടല്‍ ഭീക്ഷണി നേരിടുന്ന മൂന്നാറിലെ തേയില തോട്ടങ്ങള്‍, തെങ്ങുകളും പനകളും നിറഞ്ഞ കള്ളുല്‍പ്പാദന കേന്ദ്രങ്ങളായി മാറ്റാനുള്ള പദ്ധതിയാണിത്.  മാന്‍സോകോ എന്ന അമേരിക്കന്‍ കമ്പനിയുടെ അത്യുല്‍പ്പാദനവും ഉയരക്കുറവുമുള്ള ഹൈബ്രിഡ്‌ തൈകള്‍ ആയിരിക്കും ഈ തോട്ടങ്ങളില്‍ ഉപയോഗിക്കുക. കാറ്റ, കുറള തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ ഇപ്പോള്‍ തന്നെ ഈ രംഗത്ത് മുതല്‍ മുടക്കാന്‍ തയ്യാറായിട്ടുണ്ട്. ഇത് മൂലം കഷ്ടതയനുഭവിക്കുന്ന അനേകായിരം തോട്ടം തൊഴിലാളികള്‍ക്ക് ജോലിയും നല്ല കള്ളും ലഭിക്കും. തോട്ടങ്ങളില്‍ നിന്നും സര്‍ക്കാര്‍ പലപ്പോഴായി പിടിച്ചെടുത്ത ഭൂമിയും, മൊത്തം വനഭൂമിയുടെ എഴുപത്തി അഞ്ചു സതമാനവും ഈ ബ്രഹത് പദ്ധതിക്കായി സര്‍ക്കാര്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പതു വര്‍ഷത്തെ പാട്ടത്തിനു നല്‍കും.        

മറ്റൊരു പദ്ധതിയാണ് മെസ്സ്, കേരളത്തിലെ ചെറുകിട വാറ്റുകാര്‍ക്ക് ആഗോള മദ്യവിപണി തുറന്നു കൊടുക്കാന്‍ ഉദ്യേശിച്ചുള്ള പദ്ധതിയാണിത്. തിരുവനന്തപുരത്ത് അയ്യായിരം ഹെക്ടര്‍ സ്ഥലത്ത് മദ്യോളജി പാര്‍ക്ക്‌ സ്ഥാപിക്കും. ചെറുകിട വാറ്റുകാര്‍ക്ക് ഒരു വര്‍ഷം വാറ്റ്‌ ഇങ്കുബെറ്റര്‍ സൗകര്യം ഇവിടെ ലഭ്യമാക്കും. ഈ കമ്പനികള്‍ നിര്‍മ്മിക്കുന്ന വാറ്റ്‌ മാര്‍ക്കേറ്റു ചെയ്യാന്‍, എക്സൈസ് മന്ത്രിയും കുടുംബവും വിവിധ യുറോപ്പിയന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. അയ്യായിരം കോടി രൂപയാണ് ഇതിനു ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ രണ്ടായിരം കോടി രൂപ സര്‍ക്കാര്‍ വഹിക്കും. യുവ വാറ്റുകാരെ വാര്‍ത്തെടുക്കാന്‍ മെസ്സിനോട് അനുബന്ദിച്ചു മദ്യോളജി ട്രെയിനിംഗ് സെന്റ്റര്‍ എം ഐ ടിയുമായി സഹകരിച്ചു നടപ്പിലാക്കും.

മദ്യത്തിന്‍റെ കയറ്റ്-ഇറക്കുമതികള്‍ സുഗമമാക്കാന്‍ മദ്യാര്‍പ്പാടം കണ്ടൈനര്‍ ടെര്‍മിനല്‍ കൊച്ചിയില്‍ തുറക്കും. ഈ പദ്ധതിയില്‍ മൂലധനം ഇറക്കാമെന്നു ദുബായ് മദ്യലോകം കമ്പനി അറിയിച്ചു കഴിഞ്ഞു. മൂന്നാറിലെ കള്ളുകുടം പദ്ധതിപ്രകാരം ഉത്പാദിപ്പിക്കുന്ന കള്ളും, മെസ്സില്‍ ഉത്പാദിപ്പിക്കുന്ന വാറ്റും ഒരു വാറ്റുമില്ലാതെ ഈ ടെര്‍മിനല്‍ വഴി യുറോപ്പിയന്‍ വിപണികളില്‍ എത്തിക്കും. മാത്രമല്ല എന്‍ ആര്‍ ഐ കളുടെ സഹകരണത്തോടെ കേരള മദ്യകാര്‍ഗോ വിമാന സര്‍വീസ്‌ ആരംഭിക്കാനുള്ള പദ്ധതിയുടെ രൂപ രേഖ തയാറാക്കി വരികയാണ്‌.

അന്‍പതിനായിരത്തോളം പ്രത്യക്ഷ തൊഴില്‍ അവസരങ്ങളും, ഒരു ലക്ഷത്തോളം അനുബന്ധ തൊഴില്‍ അവസരങ്ങളുമാണ് എമര്‍ജിംഗ് മദ്യ കേരള മീറ്റ്‌, മുമ്പോട്ട്‌ വെയ്കുന്നത്. ഇതില്‍ ഇരുപതിനായിരത്തോളം അവസരങ്ങള്‍ മദ്യനിര്‍മാണ പ്രക്രിയയിലാണ്. ബാക്കി മുപ്പതിനായിരം അവസരങ്ങള്‍ മദ്യ സംഭരണ വിപണന മേഖലകളിലും. ഹോട്ടല്‍, പബ്‌, അഭിസാരക കേന്ദങ്ങള്‍ തുടങ്ങിയവയിലാണ് അനുബന്ധ തൊഴില്‍ അവസരങ്ങള്‍ പ്രതീഷിക്കുന്നത്. മദ്യപിച്ചു വണ്ടി ഓടിച്ചു അപകടത്തില്‍ പെടുന്നവരെ ചികല്‍സിക്കുന്ന ആശുപത്രികള്‍, വാറ്റിനടിമപ്പെട്ടവരെ മുഖ്യധാര മദ്യപാനത്തിലേക്ക് കൊണ്ടുവരുന്ന റീ-ഹാബിറ്റെഷന്‍ സെന്‍ററുകള്‍, അഭിസാരിക പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയ അനുബന്ധ വ്യവസായങ്ങളിലും ഒരു വന്‍കുതിച്ചുചാട്ടമാണ് സര്‍ക്കാര്‍ വിഭാവന ചെയ്യുന്നത്. 

മദ്യാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം, ആഗോളതലത്തില്‍, കേരളം മദ്യഉപയോഗത്തില്‍ മുന്‍പന്തിയില്‍ ആണെകിലും, മദ്യ നിര്‍മാണ, സംസ്കരണ, വിതരണ മേഖലകളില്‍ ഇനിയും വളരെയധികം വളര്‍ച്ച കൈവരിക്കണ്ടതായുണ്ട്, അതിനു വിദേശ നിക്ഷേപം അത്യന്താപേക്ഷിതമായ ഘടകമാണ്. ഹര്‍ത്താല്‍, മറ്റാഘോഷദിനങ്ങളിലെ മദ്യ ഉപയോഗം കൊണ്ട് നമ്മുടെ നാട് കൈവരിച്ച ആഗോള പ്രതിച്ഛായ മികച്ച വിദേശ നിക്ഷേപമാകി മാറ്റാനുള്ള സര്‍ക്കാരിന്റെ ശ്രമമായ എമര്‍ജിംഗ് മദ്യ കേരള മീറ്റിനു എല്ലാ ഭാവുകങ്ങളും നേര്‍ന്നുകൊണ്ട് തല്‍കാലം നിറുത്തുന്നു.

ചിയേര്‍സ്, നന്ദി, നമസ്കാരം.

പടത്തിനു കടപ്പാട്: http://www.deviantart.com

34 comments:

  1. എക്സൈസ് മന്ത്രി എന്ന നിലയില്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ഞാനാഗ്രഹിക്കുന്നു. മദ്യമേഖല പുഷ്ടിപെടുത്താനുതകുന്ന തരത്തിലുള്ള നിര്‍ദേശങ്ങള്‍ ഉള്‍കൊള്ളുന്ന വിവിധ പദ്ധതികളാണ് ഈ മീറ്റില്‍ അവതരിപ്പിക്കുക.

    ReplyDelete
  2. ഞാന്‍ നിറുത്തിയ കുടി തുടങ്ങേണ്ടി വരുമോ? സഹോദരാ

    ReplyDelete
  3. ഒന്നു നാട്ടിൽ പോണല്ല്

    ReplyDelete
  4. ഇവിടെ ഒരുത്തന്‍ നല്ല പൂസില്‍ ഇത് വായിച്ചിട്ട്, ഇതൊക്കെ വരാന്‍ പോകുന്ന സത്യങ്ങള്‍ ആണെന്ന് പറഞ്ഞു വന്‍ സന്തോഷത്തിലാ.. [ഞാനല്ല കേട്ടോ..]

    ReplyDelete
  5. enikku ariyapadillangittu chodikkuva.......

    enthinte kedda...????????

    ReplyDelete
  6. കുടിയന്മാരെ കൊതിപ്പിക്കരുത് ട്ടാ ...പെഗ് ശാപം കിട്ടും.നന്നായിട്ടുണ്ട്.

    ReplyDelete
  7. ശ്രീജിത്തിന്റെ ബ്ലോഗിൽ ആദ്യമാണെന്ന് തോന്നുന്നു..

    ആദ്യമായി ഫോളോ ചെയ്തു, പോസ്റ്റ് വായിച്ചു. സമകാലിക സംഭവ വികാസമായ എമെർജിംഗ് കേരളയെ ആക്ഷേപ ഹാസ്യത്തിന്റെ മേമ്പോടിയോടെ അവതരിപ്പിച്ചു - സർവ്വത്ര മദ്യമയമാണ് പോസ്റ്റിൽ

    മദ്യത്തിന്റെ സാധ്യതകളും നേട്ടങ്ങളും കോട്ടങ്ങളും എല്ലാം നന്നായി ആക്ഷേപ ഹാസ്യത്തിൽ അവതരിപ്പിച്ചു.

    വലിയ പാരഗ്രാഫുകൾക്ക് പകരം ചെറിയവ ആക്കുന്നതും അക്ഷരങ്ങളുടെ സൈസ് ഒന്ന് വലുതാക്കുന്നതും വായന എളുപ്പമാക്കും...ആശംസകൾ

    ReplyDelete
  8. enikku ithine patti valiya njananm illa...gud writting...

    ReplyDelete
  9. ഇഷ്ടായി ഈ നര്‍മ്മം പോസ്റ്റ്‌.
    ആശംസകള്‍.

    ReplyDelete
  10. ഈ മദ്യ മീറ്റ്‌ എപ്പോഴാനെന്നു പറഞ്ഞെങ്കില്‍ നാട്ടില്‍ പോകാമായിരുന്നു :-) ആക്ഷേപ ഹാസ്യം കൊള്ളാം !

    ReplyDelete
  11. വായിച്ചു മദിച്ചു ശ്രീജിത്തേ...

    ReplyDelete
  12. ആഹാ മദ്യം മദ്യമയം ആണല്ലോ ശ്രീജിതെട്ടാ!!! സംഭവം കലക്കി!!!

    ReplyDelete
  13. ലഹരി കൊണ്ട് ആളുകളെ കലക്കി മരിക്കുന്ന നാട്ടില്‍ ഈ പോസ്റ്റ്‌ ഇട്ടത കൊണ്ട് എനിക്കും ലഹരി മൂത്തോ എന്നൊരു സംശയം ശ്രീ ഒരു പെഗ്ഗ് കടമായി തന്നാല്‍ നമുക്ക് ഒന്ന് കൂടാം

    ReplyDelete
  14. ഇങ്ങനെ സംഭവിച്ചാല്‍ നാട്ടില്‍ ഉള്ള ചേര പാമ്പ് വരെ രാജവമ്പല ആവും..

    ReplyDelete
  15. നർമ്മത്തിൽ കൈ വയ്ക്കാൻ തീരുമാനിച്ചു അല്ലേ? നല്ല ഉദ്യമം...

    ReplyDelete
  16. കൊള്ളാം ..

    വെള്ളമടി രംഗത്തും ചില ചലനങ്ങള്‍ കൂടിയേ തീരൂ. മദ്യ മീറ്റും നടക്കട്ടെ ...

    നര്‍മ്മം വഴങ്ങുന്നുണ്ട്. പക്ഷെ കുറച്ചു കൂടി ഘടകങ്ങള്‍ കൂടിയേ തീരൂ...

    മറ്റു പോസ്ടുകള്‍ക്കൊപ്പം ഇടയ്ക്കിടെ നര്‍മ്മവും പോന്നോട്ടെ !!

    ReplyDelete
  17. കേട്ടപ്പോത്തന്നെ കിക്കായി.. ഇതിന്റെയൊക്കെ കിക്കോഫ്‌ എന്നാ?

    ReplyDelete
  18. ബ്രീത്ത്‌ അനലൈസര്‍ നിര്‍ത്തലാക്കണം...ഇന്നലെ കാര്യങ്ങള്‍ ഒക്കെ നല്ല നിലയില്‍ നടക്കു !

    ReplyDelete
  19. കൊള്ളാം... ഈ സംഘടനയുടെ അടുത്ത ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത് എന്നാ?

    വില്ലേജ് മാന്‍ പറഞ്ഞതിനോട് യോജിക്കുന്നു. ബ്രീത്ത്‌ അനലൈസര്‍ നിര്‍ത്തലാക്കണം... ഇതിനെതിരെ ഒരു സമരം സന്ഘടിപ്പിക്കേണ്ടി വരുമോ?

    ReplyDelete
  20. ബിനീഷ് തോമസ്September 27, 2012 at 5:43 PM

    നിങ്ങളാണോ അങ്കമാലിയിലെ പ്രധാനമന്ത്രി - അല്ല , എക്സൈസ് മന്ത്രി .

    ReplyDelete
  21. കാര്യങ്ങളൊക്കെ ശട പടെന്നങ്ങു നടക്കട്ടെ....:)) കൊള്ളാം മാഷേ സംഗതി കലക്കി.. ആശംസകള്‍...

    ReplyDelete
  22. മദ്യം ഒഴുകുന്ന കിനാശ്ശേരി ആണ് വിഭാവനം ചെയ്യുന്നത് അല്ലെ :)സംഗതി ക്ലാസ്സ്‌ ആയിട്ടുണ്ട്‌ ട്ടാ .. ഇത് എന്റെ കണ്ണില്‍ നേരത്തെ പെട്ടില്ല :(

    ReplyDelete
  23. മദ്യപിച്ചു വണ്ടി ഓടിച്ചു അപകടത്തില്‍ പെടുന്നവരെ ചികല്‍സിക്കുന്ന ആശുപത്രികള്‍, വാറ്റിനടിമപ്പെട്ടവരെ മുഖ്യധാര മദ്യപാനത്തിലേക്ക് കൊണ്ടുവരുന്ന റീ-ഹാബിറ്റെഷന്‍ സെന്‍ററുകള്‍, അഭിസാരിക പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയ അനുബന്ധ വ്യവസായങ്ങളിലും ഒരു വന്‍കുതിച്ചുചാട്ടമാണ് സര്‍ക്കാര്‍ വിഭാവന ചെയ്യുന്നത്

    നന്നായി സുഹൃത്തേ ഈ കുറിപ്പ്

    ആശംസകള്

    ReplyDelete
  24. ഹിഹി ആക്ഷേപ ഹാസ്യം കലക്കി

    ReplyDelete
  25. ഹ..ഹ...നല്ല രസകരമായ വായന സമ്മാനിച്ചു. ശ്രീജിത്ത്‌ ഈ ഫീല്‍ഡില്‍ മതിയാവോളം റിസര്‍ച് കഴിഞ്ഞ ശേഷം എഴുതി ഉണ്ടാക്കിയ പോലെയുണ്ടല്ലോ ...എന്തായാലും സംഭവം ഈ വിഷയത്തില്‍ ഒരു പ്രോജക്റ്റ് ചെയ്യാനുള്ള സ്കോപ് ഉണ്ടെന്നു മനസിലായി. ആശംസകളോടെ

    ReplyDelete
  26. നന്നായി സുഹൃത്തേ...
    ആശംസകള്‍...

    ReplyDelete
  27. ഞാൻ രണ്ടെണ്ണം അടിച്ചിട്ടു വരാം..അതാ നല്ലത്..

    ReplyDelete
  28. ആക്ഷേപഹാസ്യം വളരെ സുന്ദരമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു.
    നന്നായി പരിശ്രമിച്ചിട്ടുണ്ട് അല്ലെ?

    ReplyDelete
  29. ആക്ഷേപഹാസ്യം കേമായീ........

    ReplyDelete
  30. rasakaramaayi paranju... :)

    ~Kannan Nair

    ReplyDelete
  31. സൂപ്പറായിട്ടുണ്ട് കേട്ടൊ ഭായ്

    ReplyDelete