Saturday, September 15, 2012

ഒരു ചെറിയ പട്ടണത്തിന്‍റെ വലിയ ചരിത്രം.

"ഇതാണ് ഒഗുവേ നദി, ഇതിനപ്പുറത്താണ് ലംബാരനെ." ഡ്രൈവര്‍ ബോബോ പറഞ്ഞത് കേട്ടാണ് ഞാന്‍ ചെറുമയക്കത്തില്‍നിന്നും ഉണര്‍ന്നത്.ഒഗുവേ നദി

"ഒഗുവേ, ലംബാരനെ നല്ല പേരുകള്‍" 

"ആ കാണുന്നതാണ് ഷ്വൈറ്റ്സർ ഹോസ്പിറ്റല്‍, ഈ പട്ടണത്തിലെ ചരിത്ര പ്രസിദ്ധമായ സ്ഥാപനം, അല്ല ആഫ്രിക്കയിലെ തന്നെ ചരിത്ര പ്രസിദ്ധമായ ആശുപത്രി" നദിയുടെ തീരത്തെ ഒറ്റനില കെട്ടിടസമുച്ചയ്ത്തെ നോകി ബോബോ പറഞ്ഞു.ഷ്വൈറ്റ്സർ ഹോസ്പിറ്റല്‍
ചരിത്ര പ്രസിദ്ധമായ ആശുപത്രിയോ എന്ന ഒരു സംശയം നിങ്ങളെ പോലെ തന്നെ എനിക്കും ഉണ്ടായി. അതിന്‍റെ ചരിത്രം നമ്മുക്കൊന്നു ചികഞ്ഞുനോക്കാം.

കോളനിവാഴ്ച്ചക്കാലത്ത് ഫ്രാന്‍സിന്‍റെ ഒരു കോളനി ആയിരുന്നു ഗാബോണ്‍. ആതുര ശിശ്രൂഷകള്‍ ഒന്നും ലഭ്യമല്ലാതെയിരുന്ന ഈ പ്രദേശത്തേക്ക് രോഗികളെ ശിശ്രൂഷിക്കാന്‍ ഡോക്ടര്‍മ്മാരെ ആവശ്യമുണ്ടെന്നു യൌറോപ്പിലാകെ വിളംബരം ചെയ്യപെട്ടു. ആഫ്രിക്കയില്‍ പോയി രോഗികളെ പരിചരിക്കുക, അതും യൌറോപില്‍ നിന്ന്, ഡോക്ടര്‍മാര്‍ ആരും അതിന് തയ്യാറായില്ല. കറുത്ത വര്‍ഗക്കാരനെ ഒരു വെളിപ്പാടകലെ മാത്രം നിറുത്തിയിരുന്ന അക്കാലത്ത് അവരെ പരിചരിക്കാനുള്ള നിയോഗം സ്വയം ഏറ്റെടുത്ത ആല്‍ബെര്‍ട്ട് ഷ്വൈറ്റ്സര്‍ സ്ഥാപിച്ചതാണ് ചരിത്ര പ്രസിദ്ധമായ ആ ആശുപത്രി.


ആല്‍ബെര്‍ട്ട് ഷ്വൈറ്റ്സര്‍

ആരായിരുന്നു ആല്‍ബെര്‍ട്ട് ഷ്വൈറ്റ്സര്‍, ആ ബഹുമുഖ വ്യക്തിത്വത്തെ അടുത്തറിയാന്‍ നമ്മള്‍ കാലത്തിലൂടെ പിറകോട്ടു സഞ്ചരിക്കണം. 1875 ജനുവരി 14-ന് ഒരു ലുതര്‍ എവാഞ്ചിലിക്കല്‍ പാസ്ടരിന്റെ മകനായി അൽസേസ് എന്ന ജര്‍മന്‍-ഫ്രഞ്ച് അതിര്‍ത്തി ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്‌. സമ്പന്നമായ, സംഗീതത്തിലും, വൈദികലോകത്തും അറിയപെടുന്ന കുടുംബം. ഷ്വൈറ്റ്സറിന്റെ വഴിയും മറ്റൊന്നായിരുന്നില്ല, 1899-ൽ തത്ത്വചിന്തയിൽ ഡോക്ടറേറ്റും 1900-ൽ ദൈവശാസ്ത്രത്തിൽ ഉന്നതബിരുദവും നേടിയ അദ്ദേഹം ആ വര്‍ഷം തന്നെ സ്ട്രാസ്ബർഗിലെ സെന്റ് നിക്കോളാസ് പള്ളിയിൽ പാസ്റ്ററും പള്ളിയുടെ കീഴിലുള്ള സെന്റ് തോമസ് കോളജിൽ പ്രിൻസിപ്പലുമായി നിയമിതനായി. വളരെ ചര്‍ച്ചചെയ്യപ്പെട്ട രണ്ടു ഗ്രന്ഥങ്ങള്‍ അദ്ദേഹം ഇക്കാലത്താണ് പ്രസിദ്ധപ്പെടുത്തിയത്. 'ദി റിലിജിയസ് ഫിലോസഫി ഓഫ് കാന്ത്', 'ജെ എസ് ബാച്ച് ഭാഗം  ഒന്ന്' (ജൊഹാൻ സെബാസ്റ്റിൻ ബാച്ച് എന്ന പ്രമുഖ സംഗീതകഞന്‍റെ ജീവചരിത്രം) എന്നിവയായിരുന്നു ആ പുസ്തകങ്ങള്‍. 1905ല്‍ പ്രസിദ്ധപ്പെടുത്തിയ 'ദി ക്വോസ്റ്റ്‌ ഓഫ് ഹിസ്റ്റോറിക്കല്‍ ജീസസ്‌' എന്ന വിശ്വപ്രസിദ്ധമായ ഗ്രന്ഥമാണ് അദേഹത്തെ യൌറോപിലെ എണ്ണപ്പെട്ട ക്രിസ്തീയ ദൈവ ശാസ്ത്രകഞന്മാരില്‍ ഒരാളാക്കി തീര്‍ത്തത്.
   
പാരിസ്‌ മിഷനറിയുടെ മാസികയില്‍ പ്രസിദ്ധപ്പെടുത്തിയ കുറിപ്പില്‍ നിന്ന് ഗബോനിലെ രോഗികളുടെ അവസ്ഥ മനസിലാക്കിയ അദ്ദേഹം, വിദ്യാഭാസം പുനരാരംഭിക്കാനും ഗബോനിലേക്ക് മിഷനെറിയായി പോകാനും തീരുമാനിച്ചു. 'ഇക്കാലമത്രയും പ്രസംഗിക്കുകയും ലേഖനങ്ങള്‍ എഴുതി പ്രചരിപ്പിക്കുകയും ചെയ്ത കൃസ്തിയ സാഹോദര്യം പ്രാവര്‍ത്തികമാക്കാന്‍ ദൈവം തന്ന ഒരവസരമായി ഞാന്‍ ഇതിനെ കാണുന്നു' എന്നാണ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ച ബന്ധുക്കളോടും സുഹ്രുത്തുക്കളോടും അദ്ദേഹം പറഞ്ഞത്. തന്‍റെ മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കാന്‍ അദ്ദേഹം അദ്ദേഹം സമര്‍പ്പിച്ച പ്രബന്ധം 'എ സൈക്കാട്രിക്ക് സ്റ്റഡി ഓഫ് ജീസസ്‌' സഭയ്ക്കു രസിച്ചില്ല. പുതുമയുള്ള ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഷ്വൈറ്റ്സറിനെ പോലെയുള്ളവര്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കും എന്നവര്‍ കണക്കുകൂട്ടി. പക്ഷെ ഷ്വൈറ്റ്സർ പിന്മാറാന്‍ ഒരുക്കമായിരുന്നില്ല, സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും തന്‍റെ ദൌത്യത്തിനുള്ള പണം സ്വരൂപിച്ചു, മെഡിക്കല്‍ ഡിഗ്രി ലഭിച്ച 1913ല്‍ തന്നെ അദ്ദേഹം പ്രിയപത്നി ഹെലൻ ബ്രെസ്ലാവുമൊത് ഗബോനിലെത്തി. (ഷ്വൈറ്റ്സറിന്‍റെ ഉദ്യമത്തിനു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച അവര്‍, ഇതിനകം തന്നെ നഴ്സിംഗ് പരിശീലനം പൂര്‍ത്തിയാക്കി കഴിഞ്ഞിരുന്നു.)

ഒരു ചെറിയ ക്ലിനിക്‌ ലംബാരനെയില്‍ സ്ഥാപിച്ചുകൊണ്ടായിരുന്നു ഷ്വൈറ്റ്സര്‍ ആശുപത്രിയുടെ തുടക്കം. ഒരു കോഴി വളര്‍ത്തല്‍ കേന്ദ്രം വാങ്ങി ആശുപത്രിയായി മാറ്റി. കൃഷിയിലും, വളര്‍ത്തു മൃഗങ്ങളിലും ഊന്നിയുള്ള ജീവിത രീതിയായിരുന്നു ഗബോനില്‍ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ദൂരെയുള്ള ആശുപത്രിയില്‍ പോയി ചികല്‍സിക്കാന്‍ ആളുകള്‍ തയാറായില്ല. അടുത്ത ബന്ധുകളെയും, വളര്‍ത്തു മൃഗങ്ങളെയും ആശുപത്രിയിലും പരിസരത്തും കഴിയാന്‍ അനുവദിച്ച അദ്ദേഹം പരിസ്ഥിതി സന്തുലിതമായ ഒരു ആതുരാലയം കെട്ടിപടുത്തു. ഒരു പക്ഷെ മൃഗങ്ങളും മനുഷ്യരും ഒരുമയോടെ കഴിഞ്ഞ ലോകത്തിലെ ഒരേ ഒരു ആശുപത്രി ആയിരിക്കുമത്. മനുഷ്യന്റെ സന്മാര്‍ഗ ബോധത്തിന് അടിസ്ഥാനമാകേണ്ടത് മാനവികത അല്ല വിശ്വപ്രേമം ആയിരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്‍റെ മതം.


ആദ്യത്തെ ഷ്വൈറ്റ്സര്‍ ഹോസ്പിറ്റല്‍
1914ലില്‍ ഒന്നാം ലോക മഹായുദ്ധം പൊട്ടിപുറപ്പെട്ടു. ജര്‍മന്‍ കാരനായിരുന്ന ഷ്വൈറ്റ്സറിനെ ഫ്രഞ്ച് പട്ടാളം തടവിലാക്കി യൌറോപിലേക്ക് കൊണ്ട്പോയി. ആശുപത്രി പൂട്ടി എന്ന് പ്രത്യേകം പറയണ്ടതില്ലല്ലോ. പ്രശസ്ത ചിത്രകാരന്‍ വാന്‍ഗോഗിനെ പാര്‍പ്പിച്ച അതെ തടവറയിലാണ് അദ്ദേഹത്തെയും തടവിലാക്കിയത്. യുദ്ധാനന്തരം 1924ലില്‍ അദ്ദേഹം ലംബാരനെയില്‍ തിരിച്ചെത്തി, നദിയുടെ തീരത്തേക്ക് മാറ്റി ആശുപത്രി പുതുക്കിപണിഞ്ഞു.  അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രശസ്തരായ പല ഡോക്ടര്‍മാരും ഷ്വൈറ്റ്സര് ആശുപത്രിയില്‍ സേവനമാനുഷ്ടിക്കാനെത്തി. അങ്ങനെ ഷ്വൈറ്റ്സര് ആശുപത്രിയിയോടൊപ്പം ലംബാരനെ എന്ന ചെറു പട്ടണവും ചരിത്രത്തിന്റെ ഭാഗമായി മാറി.


1924ലില്‍ പുതുക്കിപ്പണിത ആശുപത്രി
പരിശോദന മുറി
ഉപകരണങ്ങള്‍
ബ്ലഡ്‌ ട്രാന്‍സ്‌ഫുഷന്‍ യന്ത്രം
ശസ്ത്രക്രിയ ഉപകരണങ്ങള്‍
ശസ്ത്രക്രിയ മുറി
പ്രസവ മുറി
നവജാത ശിശുക്കളുടെ മുറി
(ഷ്വൈറ്റ്സറിന്‍റെ മരണത്തിന് ശേഷം ഈ ആശുപത്രി ഒരു മ്യുസിയം ആക്കി മാറ്റി)

വെറുമൊരു ഡോക്ടര്‍ ആയോ, ദൈവ ശാസ്ത്രകഞന്‍ മാത്രമായോ അദ്ദേഹത്തെ കാണുന്നത്, ഷ്വൈറ്റ്സറിനോട് ചെയ്യുന്ന അനീതി ആയിരിക്കും. മനുഷ്യന്റെ സന്മാര്‍ഗജീവിതത്തിനു അടിസ്ഥാനം വെറും മനുഷ്യസ്നേഹമല്ല, പ്രകൃതിയോടും മറ്റു ജീവജാലങ്ങളോടും കൂടിയുള്ള സ്നേഹമാണെന്ന് അദ്ദേഹം വാദിച്ചു. അദ്ദേഹത്തിന്റെ ഈവിഷയത്തിലുള്ള പ്രസംഗങ്ങളാണ്, പരിസ്ഥിതി സംരക്ഷണപ്രസ്ഥാനം തുടങ്ങാന്‍ റേച്ചൽ കാർസനു പ്രജോദനമായത്. (അവരുടെ 'സൈലന്‍റ് സ്പ്രിംഗ്' എന്ന പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത് ഷ്വൈറ്റ്സര്‍ക്കാണ്‌). ചെറുപ്പം മുതല്‍ സംഗീതം അഭ്യചിരുന്ന അദ്ദേഹം നല്ല ഒന്നാതരം ഒരു ഓര്‍ഗണിസ്റ്റും, ഓര്‍ഗണ്‍ നിര്‍മാതാവും ആയിരുന്നു.ഓര്‍ഗണ്‍ റെകോര്‍ഡിങ്ങില്‍ ഒരു പുതിയ രീതി തന്നെ അദ്ദേഹം പരിചയപ്പെടുത്തി, ഷ്വൈറ്റ്സര്‍ ടെക്കനിക്ക് എന്നാണ് ഈ രീതി പിന്നീട് അറിയപെട്ടത്‌. ഒരു നല്ല ചിത്രകാരനും, ഗ്രന്ഥകാരനും ആയിരുന്നു അദ്ദേഹം.

രണ്ടാം ലോകമഹായുദ്ധനന്തരം ആൽബർട്ട് ഐൻസ്റ്റീൻ, ബെർട്രാൻഡ് റസ്സൽ എന്നിവര്‍ക്കൊപ്പം അണ്വായുധവ്യാപനം തടയാനുള്ള പരിശ്രമങ്ങളില്‍ മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു ഷ്വൈറ്റ്സറിര്‍. 1952ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കി ലോകം ആ പ്രതിഭയെ ആദരിച്ചു. (മറ്റനേകം അവാര്‍ഡുകളും പുരസ്കാരങ്ങളും അദ്ദേഹത്തെ തേടി വന്നിട്ടുണ്ട്) 1965 സെപ്റ്റംബര്‍ 4ന് ലംബാരനെയില്‍ വെച്ച് അദ്ദേഹം അന്തരിച്ചു.


ഷ്വൈറ്റ്സര്‍ ഇവിടെ അന്ത്യവിശ്രമംകൊള്ളുന്നു

1924 മുതല്‍ 1965 വരെയുള്ള കാലഘട്ടം ലംബാരനെയുടെ സുവര്‍ണ കാലമായിരുന്നു. പ്രഗല്‍ഭരായ ഡോക്ടര്‍മാര്‍ രോഗങ്ങള്‍ക്കെതിരെ പോരുതിയപ്പോള്‍, പ്രശസ്ത സംഗീതകഞര്‍ ലംബാരനെയുടെ സയാഹ്നങ്ങളെ സമ്പന്നമാക്കി. അകലെ നിന്നും വരുന്ന രോഗികളും അവരുടെ ബന്ധുജനങ്ങലും ലംബാരനെയുടെ സാമ്പത്തിക അടിത്തറ ശക്തമാക്കാന്‍ പ്രധാന പങ്കു വഹിച്ചു.
ഇന്ന് ലംബാരനെയിലെ ഷ്വൈറ്റ്സര്‍ ഹോസ്പിറ്റല്‍ ആഫ്രിക്കയിലെ പേരുകേട്ട മെഡിക്കല്‍ റിസര്‍ച്ച് സെന്‍റ്റാണ്. ആഫ്രിക്കയില്‍ നിന്നുംമാത്രമല്ല യൌറോപില്‍ നിന്നുമുള്ള പ്രഗല്‍ഭരും പ്രശസ്തരുമായ ധാരാളം ഡോക്ടര്‍മാര്‍ ഇവിടെ സേവനമനുഷ്ടിക്കുന്നു. (www.schweitzerlambarene.org) അന്നും ഇന്നും അഫ്രികയിലെ കൊലയാളികളില്‍ പ്രമുഖനായ മലേറിയ ഇല്ലാതെയാക്കുന്നതിനുള്ള റിസര്‍ച്ച് ആണ് ഇവിടെ കൂടുതലും നടക്കുന്നത്.

ലംബാരനെകുറിച്ച് എഴുതാനിരുന്നു ഇതിപ്പോള്‍ ഷ്വൈറ്റ്സറിന്റെ ജീവചരിത്രം ആയല്ലോ. ഷ്വൈറ്റ്സര്‍ ഇല്ലാതെ എന്ത് ലംബാരനെ അല്ലെ? ഷ്വൈറ്റ്സറിന്റെ ചരിത്രം ആണല്ലോ ലംബാരനെയുടെ ചരിത്രം. ലംബാരനെയ്ക്കും ഗബോണിനും ഇത്രയും സംഭാവനകള്‍ നല്‍കിയ ഷ്വൈറ്റ്സറിന്റെ ഒരു സ്മാരകം പോയിട്ട് ഒരു പ്രതിമപോലും ഇവിടെ കണ്ടില്ല. രാജ്യത്തിന്‍റെ എണ്പതു ശതമാനം വരുന്ന കാടുകള്‍ വെട്ടി കടല്‍കടത്താന്‍ കൂട്ടുനില്‍ക്കുന്ന രാഷ്രീയക്കാരില്‍നിന്നും നമ്മള്‍ കൂടുതലൊന്നും പ്രതീക്ഷിക്കരുതല്ലോ. 


ഇന്നത്തെ ലംബാരനെ

നാസി ജെര്‍മനിയില്‍ നിന്ന് സമാധാനവും, മാനവികതയും, പരിസ്ഥിതി സംരക്ഷണവും, സര്‍വോപരി അധകൃതരായ രോഗികളെ പരിചരിക്കാനുള്ള സന്മനസുമുള്ള ഷ്വൈറ്റ്സര്‍, ഒരത്ഭുതം തന്നെയല്ലെങ്കില്‍ മറ്റെന്താണ്? ഹിറ്റ്‌ലറുടെ കരാളഹസ്തങ്ങളില്‍ ജെര്‍മനിയില്‍ മനുഷ്യജീവിതങ്ങള്‍ പിടഞ്ഞുവീഴുമ്പോള്‍, ലോകത്തിന്‍റെ മറ്റൊരു കോണില്‍ മറ്റൊരു ജര്‍മന്‍കാരന്‍ ജീവിതങ്ങള്‍ രക്ഷിക്കുവാന്‍ പരിശ്രമിക്കുന്നു. മനുഷ്യന്‍ ഒരു വിചിത്രമായ ജീവിയാണ്, ഒരേ രാജ്യത്തിന്റെ ഭാഗം ആവുമ്പോഴും എത്ര വ്യത്യസ്ഥമായാണ് അവന്‍ ചിന്തിക്കുന്നത്.
 
വെറും അന്‍പതിനായിരത്തോളം ആളുകള്‍ വസിക്കുന്ന, ലംബാരനെ എന്ന ഈ ചെറു പട്ടണത്തിനു ഇത്രയും ചരിത്ര പ്രാധാന്യം ഉണ്ടായിരുന്നുവെന്ന് ഇവിടെ വന്നെത്തുന്നതിനുമുന്‍പ്‌ അറിയില്ലായിരുന്നു. മനുഷ്യ സ്നേഹത്തിന്‍റെ, സാഹോദര്യത്തിന്റെ, പരിസ്ഥിതി സംരക്ഷണത്തിന്‍റെ ആദ്യകാല ഈറ്റില്ലമായ ഇവിടം, ആല്‍ബെര്‍ട്ട് ഷ്വൈറ്റ്സര്‍ എന്ന മഹാനോടൊപ്പം എന്നും ഓര്‍മയില്‍ തങ്ങി നില്‍ക്കും, തീര്‍ച്ച.

വിഷയ സമാഹരണ സൂചികകള്‍.
http://en.wikipedia.org/wiki/Albert_Schweitzer
ആല്‍ബെര്‍ട്ട് ഷ്വൈറ്റ്സര്‍ ഹോസ്പിറ്റല്‍ ആന്‍ഡ്‌ മ്യുസിയം, ലംബാരനെ

ആല്‍ബെര്‍ട്ട് ഷ്വൈറ്റ്സര്‍ എഴുതിയ ചില പുസ്തകങ്ങള്‍.
ഔട്ട്‌ ഓഫ് മൈ ലൈഫ് ആന്‍ഡ്‌ തോട്സ്
ആഫ്രിക്കന്‍ നോട്ട് ബുക്ക്‌
ദി ഫിലോസഫി ഓഫ് സിവിലൈസേഷന്‍
മെമോറിസ് ഓഫ് ചൈല്‍ഡ്‌ ആന്‍ഡ്‌ യൂത്ത്‌
ലെറ്റേര്‍സ് 1905-1965
ദി ആഫ്രിക്കന്‍ സെര്‍മോന്‍സ്‌
എ സൈക്കാട്രിക്ക് സ്റ്റഡി ഓഫ് ജീസസ് എക്സ്പോസിഷന്‍ ആന്‍ഡ്‌ കൃട്ടിസിസം
ഓണ്‍ ദി എഡ്ജ് ഓഫ് ദി പ്രിമവല്‍ ഫോറെസ്റ്റ്‌
ആല്‍ബെര്‍ട്ട് ഷ്വൈറ്റ്സര്‍ - ഹെലൻ ബ്രെസ്ലാവ് ലെറ്റേര്‍സ് 1902-1912
ഇന്ത്യന്‍ തോട്സ് ആന്‍ഡ്‌ ഇറ്റ്‌സ് ഡെവലപ്പ്മെന്റ്
ദി ഡീക്കെ ആന്‍ഡ്‌ റസ്റ്റോറേഷന്‍ ഓഫ് സിവിലൈസേഷന്‍
ദി മിസ്റ്റിസം ഓഫ് പോള്‍ ദി അപ്പോസ്തലന്‍
പീസ്‌ ഓര്‍ ആറ്റോമിക് വാര്‍?
പോള്‍ ആന്‍ഡ്‌ ഹിസ്‌ ഇന്റര്‍പ്രിറ്റെര്ഴ്സ്
Straßburger Predigten (ഇത് മലയാളീകരിക്കാന്‍ പറ്റിയ പ്രോഫെസ്സര്‍മ്മാര്‍ ഉണ്ടെങ്കില്‍ പറയണേ)
വിര്‍ ഇപ്പിഗോന്‍
ദി ലൈറ്റ് വിത്ത്‌ ഇന്‍ അസ്‌
Das Christentum und die Weltreligionen

 ലംബാരനെ, കൂടുതല്‍ ചിത്രങ്ങള്‍
https://plus.google.com/u/0/photos/111148735232277063484/albums/5789440434376318401

54 comments:

 1. നാസി ജെര്‍മനിയില്‍ നിന്ന് സമാധാനവും, മാനവികതയും, പരിസ്ഥിതി സംരക്ഷണവും, സര്‍വോപരി അധകൃതരായ രോഗികളെ പരിചരിക്കാനുള്ള സന്മനസുമുള്ള

  ഷ്വൈറ്റ്സര്‍, ഒരത്ഭുതം തന്നെയല്ലെങ്കില്‍ മറ്റെന്താണ്? ഹിറ്റ്‌ലറുടെ കരാളഹസ്തങ്ങളില്‍ ജെര്‍മനിയില്‍ മനുഷ്യജീവിതങ്ങള്‍ പിടഞ്ഞുവീഴുമ്പോള്‍, ലോകത്തിന്‍റെ മറ്റൊരു

  കോണില്‍ മറ്റൊരു ജര്‍മന്‍കാരന്‍ ജീവിതങ്ങള്‍ രക്ഷിക്കുവാന്‍ പരിശ്രമിക്കുന്നു. മനുഷ്യന്‍ ഒരു വിചിത്രമായ ജീവിയാണ്, ഒരേ രാജ്യത്തിന്റെ ഭാഗം ആവുമ്പോഴും എത്ര വ്യത്യസ്ഥമായാണ് അവന്‍ ചിന്തിക്കുന്നത്.

  ReplyDelete
 2. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുമ്പോള്‍ ജീവിതം കഠിനമാകുന്നു, എന്നാല്‍ ഒപ്പം കൂടുതല്‍ സമ്പന്നവും സന്തുഷ്ടവും എന്ന് പറഞ്ഞ മഹാന്‍ .. ഒരേ രാജ്യത്ത് നിഇനു വന്ന രണ്ടു വൈരുധ്യങ്ങള്‍ .. ഒരാള്‍ ലോക മഹായുദ്ധം നടത്തിയപ്പോള്‍ മറ്റൊരാള്‍ സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് നോബല്‍ സമ്മാനം നേടുന്നു.. നല്ല കുറിപ്പ്.. ഇനിയും കൂടുതല്‍ വൈഞാനികമായ കുറിപ്പുകള്‍ പ്രതീക്ഷിക്കുന്നു

  ReplyDelete
  Replies
  1. നന്ദി നിസ്സാര്‍, ഇവിടെ വരെ വന്നതിനും കമന്റ് ചെയ്തതിനും. ഷ്വൈറ്റ്സറിനെ കുറിച്ച് പറയാന്‍ ഇനിയും ഒരുപാടുണ്ട്. പോസ്റ്റിന്റെ നീളം കുറയ്ക്കാന്‍ വെട്ടി ചുരുക്കിയതാണ്.

   Delete
 3. ആൽബർട്ട് ട്വൈസറുടെ ഒരു പാഠം കുട്ടികളെ ഞാൻ പഠിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ താങ്കളുടെ ഈ പോസ്റ്റ് വഴി കൂടുതൽ അറിയാൻ കഴിഞ്ഞു. ഈ പോസ്റ്റ് കുട്ടികൾക്കായി ഞാൻ കോപ്പി ചെയ്യുന്നു.കൂടുതൽ ആഫ്രിക്കൻ വിശേഷങ്ങൾ പ്രതീക്ഷിക്കുന്നു. എന്റെ ബ്ലോഗിൽ വന്ന് കമന്റിട്ടതുകൊണ്ടണ് എനിക്കിപ്പോൾ ഇവിടെ എത്താൻ കഴിഞ്ഞത്. നന്ദി. ആശംസകൾ!

  ReplyDelete
  Replies
  1. വളരെ നന്ദി, എന്‍റെ ഒരു പോസ്റ്റ്‌ താങ്കള്‍ക്ക് ഉപകരപെട്ടു എന്നതില്‍ വളരെ സന്തോഷമുണ്ട്. http://en.wikipedia.org/wiki/Albert_Schweitzer കൂടി കോപി എടുക്കുവാന്‍ ശ്രമിക്കുമല്ലോ. കുറെ കാര്യങ്ങള്‍ വിട്ടുകളഞ്ഞിട്ടുണ്ട് പോസ്റ്റിന്റെ നീളം ചുരുക്കാന്‍.

   Delete
 4. Sreejith your writing is really nice.Ienjoyed reading.

  ReplyDelete
  Replies
  1. വളരെ നന്ദി മാഷെ, എന്നാലും നിങ്ങളുടെ അത്രേം ഒന്നും വരില്ല. നിങ്ങള്‍ പുലി അല്ലെ പുപ്പുലി.

   Delete
 5. വളരെ നന്നായിരിക്കുന്നു.ലംബന്‍ കഥകളുടെ ഇനിയുള്ള യാത്രയില്‍ പിന്തുണയുമായി ഞാനും ഉണ്ട്

  ReplyDelete
  Replies
  1. വളരെ നന്ദി അഭിനവ്‌, വന്നതിനും അഭിപ്രായം പറഞ്ഞതിനും.

   Delete
 6. നിസ്വാർത്ഥ സേവനത്തിന്റെ പാതയിലൂടെ നടന്നു പോയ ഷ്വൈറ്റ്സറെക്കുറിച്ചുള്ള അറിവുകൾ സമ്മാനിച്ചതിന് നന്ദി... ഗാബോൺ എന്ന രാജ്യത്തെക്കുറിച്ച് കേൾക്കുന്നത് തന്നെ ശ്രീജിത്തിൽ നിന്നാണ്...

  ഇപ്പോഴല്ലേ ലംബൻ എന്ന തൂലികാനാമത്തിന്റെ ഉൽപ്പത്തി തന്നെ പിടികിട്ടിയത്... ലംബാനരയിൽ വസിക്കുന്നവൻ ആരോ അവൻ ലംബൻ... ബഹുവ്രീഹി സമാസം... :)

  പിന്നെ ഒരു നിർദ്ദേശം ശ്രീജിത്ത്... അക്ഷരത്തെറ്റുകൾ ധാരാളം... അടുത്ത പോസ്റ്റുകളിൽ ശ്രദ്ധിക്കുമല്ലോ...

  ആശംസകൾ ...

  ReplyDelete
  Replies
  1. വിനുവേട്ട, അടുത്ത പോസ്റ്റുകളില്‍ കുറേകൂടി ശ്രദ്ധിക്കാം. നന്ദി ഗുരോ.

   Delete
 7. വായിച്ചു. പോകുന്നു. പിന്നേം വരാം

  ReplyDelete
  Replies
  1. ശെരി, പിന്നേം വരണേ.

   Delete
 8. പ്രിയപ്പെട്ട ലംബന്‍,

  പുതിയ വിവരങ്ങള്‍.......!സുമനസ്സുകള്‍ എല്ലാ നാട്ടിലും ഉണ്ടല്ലോ.

  അഭിനന്ദനങ്ങള്‍ !

  സസ്നേഹം,

  അനു
  ReplyDelete
  Replies
  1. ഹിറ്റ്ലര്‍ എന്നാ ഒരാള്‍ കാരണം ഒരു ജനത മുഴുവനും വെറുക്കപ്പെട്ടവരായി.
   അവിടെയും നല്ല ആളുകള്‍ ഉണ്ടെന്നു മനസിലായില്ലേ.

   Delete
 9. മനുഷ്യൻ നിർവ്വചിക്കാനാവാത്ത വിധം വ്യത്യസ്തനും വൈചിത്ര്യമാർന്നവനുമാണ്‌.
  വളരെ നന്നായി എഴുതി.
  പുതിയ തീരങ്ങൾ, പുതിയ വിവരങ്ങൾ. നന്ദി.

  ReplyDelete
  Replies
  1. വളരെ ശെരിയാണ് മാഷെ.
   വളരെ നന്ദി വന്നതിനും അഭിപ്രായം പറഞ്ഞതിനും.

   Delete
 10. Replies
  1. വളരെ നന്ദി മാഷെ, ഇനിയും വരുമല്ലോ.

   Delete
 11. മിനി.പി.സിSeptember 16, 2012 at 1:15 AM

  ഒത്തിരി ,കഷ്ടപ്പെട്ടു ഇവിടെ എത്താന്‍ ,പക്ഷെ എത്തിയപ്പോള്‍ പ്രകൃതിയെയും ,മനുഷ്യരെയും ഒരു പോലെ സ്നേഹിച്ച ഒരു മഹത് വ്യക്തിത്വത്തെ അടുത്തറിയാനും ലംബാരനെയിലേക്ക് മനസ് കൊണ്ടൊരു
  യാത്ര പോകാനും കഴിഞ്ഞ ചാരിതാര്‍ത്ഥ്യം !

  ReplyDelete
  Replies
  1. കഷ്ടപെട്ട് വന്നതിനു പ്രത്യേകം നന്ദി. വളരെ നല്ല ഭംഗിയുള്ള സ്ഥലമാണ്‌ ലംബരനെ. വീണ്ടു വരുമല്ലോ.

   Delete
 12. ഒന്നാം തരം ലേഖനം ...
  ശരിക്കും വിജ്ഞാനപ്രദം.
  ആല്‍ബര്‍ട്ട് ഷ്വൈറ്റ്സര്‍ എന്ന വേറിട്ട മനുഷ്യനെ ഇവിടെ നിന്നുമാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ലംബാരനെ എന്ന ആഫ്രിക്കന്‍ സ്ഥലത്തിന്റെ വിവരണവും ചിത്രസഹിതം നല്‍കിയതു ഇഷ്ട്ടപെട്ടു.... ആശംസകള്‍ ശ്രീജിത്ത്‌

  ReplyDelete
  Replies
  1. നദി മാഷെ, വന്നതിനും അഭിപ്രായം പറഞ്ഞതിനും. വീണ്ടും വരുമല്ലോ.

   Delete
 13. നല്ല അറിവുകള്‍ പകര്‍ന്ന ലേഖനം .ചിത്രങ്ങള്‍ സഹിതം നല്‍കിയതിനാല്‍ ഏറെ നന്നായി തോന്നി .ആല്‍ബെര്‍ട്ട് ഷ്വേറ്റ്സര്‍ എന്ന മനുഷ്യനെക്കുറിച്ച് ഇപ്പോഴാണ് എത്രയും അറിവുകള്‍ ലഭിച്ചത് .നന്ദി സുഹൃത്തേ .ഇതുപോലുള്ള വായനാനുഭവം സമ്മാനിച്ചതിനു :)

  ReplyDelete
  Replies
  1. തിരക്കിട്ട ബ്ലോഗ്‌ വായനക്കിടയില്‍ ഇവിടെ വരെ വന്നതിനു വളരെ നന്ദി. നിങ്ങളെ പിന്തുടര്‍ന്നാണ് മിക്കവാറും ബ്ലോഗുകളില്‍ ഞാന്‍ പോകാറുള്ളത്.

   Delete
 14. നല്ല ലേഖനം....
  അധികം കേട്ടിട്ടില്ലാത്ത ചരിത്രങ്ങള്‍ നല്ല മികവോടെ അവതരിപ്പിച്ചിരിക്കുന്നു....
  ഇനിയും ഞങ്ങള്‍ അറിയാത്ത കഥകളിലേക്ക് ഞങ്ങളെ കൂട്ടികൊണ്ടു പോകാന്‍ ഈ ആഫ്രിക്കന്‍ നീഗ്രോയ്ക്ക് കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.... ആഗ്രഹിക്കുന്നു.....

  ReplyDelete
  Replies
  1. നന്ദി മാഷെ. നീഗ്രോ എന്ന് വിളിക്കാന്‍ പാടില്ല എന്നാണ് ചട്ടം. അധകൃത ജനതയെ സൂചിപ്പിക്കാന്‍ സായിപ്പു കണ്ടു പിടിച്ച പദപ്രയോഗം നമ്മുക്ക് വേണ്ട മാഷെ. ബ്ലാക്ക്‌ എന്ന് വിളിച്ചോളൂ. സന്തോഷമെയുളൂ.

   Delete
 15. നല്ല ലേഖനം ശ്രീജിത്ത്.
  അതൊക്കെ അവിടെ ഇരിക്കട്ടെ. ഗബോനില്‍ ജീവിതമൊക്കെ സുഖമാണോ?

  ReplyDelete
  Replies
  1. നന്ദി ഹസ്സന്‍, ഏത്തപ്പഴവും പോത്തിറച്ചിയും ഒക്കെ തിന്നു ഇങ്ങിനെ സുഖമായി പോകുന്നു.

   Delete
 16. വളരെ വിജ്ഞാന പ്രദമായ ലേഖനം. ആല്‍ബര്‍ട്ട് ഷ്വൈറ്റ്സരിനെക്കുറിച്ച് പഠനകാലത്തെവിടെയോ പഠിച്ചത് ഓര്‍ക്കുന്നു. കേട്ടത് എന്ന് പറയുകയായിരിക്കും കൂടുതല്‍ ഉചിതം. "കോങ്ഗോ", "ക്ലെര്‍ജിമാന്‍" എന്നീ രണ്ടു വാക്കുകള്‍ ഇപ്പോഴും ഓര്‍മയുണ്ട്.

  ReplyDelete
  Replies
  1. അരുണ്‍, വളരെ നന്ദി അഭിപ്രായം പ്രകടിപ്പിച്ചതിന്. കോങ്ഗോ ഒരു രാജ്യമാണ്. കാന്ഗോ ഇവിടെ അടുത്തുള്ള ഒരു സ്ഥലവും. ക്ലെര്‍ജിമാന്‍ എന്താണെന്നു എനിക്കറിയില. സായിപ്പിനോട് ചോദിക്കട്ടെ.

   Delete
  2. ക്ലെര്‍ജിമാന്‍ ഒരു തരത്തിലുള്ള പസ്ടര്‍ തന്നെ. "Albert Schweitzer was the son of a Lutheran clergyman" എന്നോ മറ്റോ ആയിരുന്നു വാക്യം.

   Delete
 17. വിശേഷങ്ങളറിയാൻ ഇവിടെ ഏറെ ഉണ്ട്....
  ഇനിയും പങ്കുവെക്കുക....
  നല്ല ശൈലിയിൽ ആശയം പങ്കുവെക്കാൻ കഴിയുന്നു...
  കൗതുകമുള്ള വിവരങ്ങലാവുമ്പോൾ വായിക്കാനും താൽപ്പര്യം തോന്നുന്നു....

  ReplyDelete
  Replies
  1. വിവരങ്ങളില്‍ കൌതുകം തോന്നിയതില്‍ സന്തോഷം. വന്നതിനും ഇനിയും എഴുതാനുള്ള പ്രോത്സാഹനത്തിനും നന്ദി.

   Delete
 18. മഹാ ജീവിതങ്ങള്‍ ഇപ്പോഴും ഓര്‍ക്കപ്പെടുക തന്നെ ചെയ്യും അതല്ലെങ്കില്‍ ഓര്‍ക്കണം ഷ്വൈറ്റ്സറിനെയും ലംബാരനെയും പരിച്ചപ്പെടുത്തിയ വൃത്താന്തക്കാരാ കൂടുതല്‍ വിവരങ്ങളുമായി ഇനിയും വരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്നു.

  ReplyDelete
  Replies
  1. ആ മഹാന്‍റെ ജീവിതം പരിച്ചപെടുത്താന്‍ കഴിഞ്ഞതില്‍ ഞാന്‍ കൃതാര്‍ത്ഥനായി. ഇനിയും വിശേഷങ്ങള്‍ ഉണ്ട് പതിയെ എഴുതാം.

   Delete
 19. വളരെ വിജ്ഞാനം നൽക്കുനതും വായിക്കാൻ രസമുള്ളതുമായ ഒരു നല്ല പുതിയ പോസ്റ്റ്,
  ഇനിയും നല്ല എഴുത്തുകൾ വരട്ടെ,
  ആശംസകൾ .

  ReplyDelete
  Replies
  1. നദി സുഹൃത്തെ. ഗബോനിലെ മറ്റു വിശേഷങ്ങളുമായി മറ്റൊരു പോസ്റ്റില്‍ കാണാം

   Delete
 20. ലംബന്റെ ബ്ലോഗില്‍നിന്നും പുതിയ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ പറ്റുന്നുണ്ട്.നന്നായിട്ടുണ്ട്. യാത്ര തുടരുക..

  ReplyDelete
  Replies
  1. ഫലിത ലോകത്തെ രാജകുമാരാ, അങ്ങേക്ക് നമസ്കാരം. നന്ദി മാഷെ ഇവിടെ വരെ വന്നതിനു. പുതിയ പോസ്റ്റ്‌ ഉടനെ കാണുമല്ലോ അല്ലെ?

   Delete
 21. വായിക്കാന്‍ പറഞ്ഞപ്പോള്‍ തന്നെ എടുത്തിട്ടതായിരുന്നു.. പക്ഷെ ഇപ്പൊഴാ വായിച്ചെ.. നന്ദി

  ReplyDelete
  Replies
  1. വായിച്ചല്ലോ അത് മതി. വീണ്ടു വരണേ

   Delete
 22. ഈ ലംബാരനെയില്‍ നിന്നാണോ ലംബന്‍ ഉണ്ടായത്?? ഹിസ്ററി വായിച്ചാല്‍ എനിക്ക് മനസ്സിലാവുമെന്ന് ഇപ്പോഴല്ലേ മനസ്സിലായത്‌..

  ReplyDelete
  Replies
  1. സ്കൂളില്‍ പഠിക്കുമ്പോള്‍ എനിക്കും ഇഷ്ടമല്ലായിരുന്നു ഹിസ്റ്ററി. ഇപ്പോള്‍ വളരെ ഇഷ്ടമാണ്. നന്ദി, വളരെ നന്ദി.

   Delete
 23. ഒരു ആതുരാലയത്തിനും ചരിത്രത്തില്‍ സ്ഥാനം ഉണ്ട് അല്ലെ ?
  വളരെ നന്നായി എഴുതി കേട്ടോ ... ആശംസകള്‍

  ReplyDelete
  Replies
  1. പിന്നെ, മഹത്തായ സ്ഥാനം.
   നന്നായി എന്നറിഞ്ഞതില്‍ സന്തോഷം. വീണ്ടും വരുമല്ലോ

   Delete
 24. നന്ദി ശ്രീജിത്.
  പഴയ കാര്യങ്ങള്‍.. പക്ഷെ എനിക്ക് പുതിയ അറിവുകള്‍.
  അത് പകര്‍ന്നു തരാനും ആരേലും വേണമല്ലോ.
  ആ ധര്‍മ്മം ഇവിടെ ഭംഗിയായി ചെയ്തിട്ടുണ്ട് ശ്രീജിത്.
  --

  ReplyDelete
  Replies
  1. ചെറുവാടി സര്‍, ഇനിയും ഒരുപാടു ചരിത്രം പറയാനുണ്ട്‌. വഴിയെ പറയാം.

   Delete
 25. പ്രിയ ശ്രീജിത്ത്, വിജ്ഞാനപ്രദമായ ഒരു ലേഖനം.. എഴുത്തിന്റെ നിലവാരവും വളരെ നന്നായിരിയ്ക്കുന്നു.. ഇത്ത‌രം മേഖലകളിലുള്ള അറിവിന്റെ കാര്യത്തിൽ ഞാനൊക്കെ തീർച്ചയായും വളരെ മോശമാണ്.. പക്ഷേ ഇത്തരം വിവരണങ്ങളും, ലേഖനങ്ങളും വായിയ്ക്കുമ്പോൾ അവയേക്കുറിച്ചൊക്കെ മനസ്സിലാക്കണമെന്ന ആഗ്രഹം തോന്നാറുണ്ട്.. അങ്ങനെ ഒരാൾക്കെങ്കിലും ഒരു പ്രചോദനമായിത്തീരുന്നു എന്നതാണ് ഇത്തരം പോസ്റ്റുകളുടെ വിജയവും.. തുടർന്നും വിജ്ഞാനപ്രദമായ ഇത്തരം രചനകളുമായി കടന്നുവരുവാൻ സാധിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു.

  സ്നേഹപൂർവ്വം ഷിബു തോവാള.

  ReplyDelete
 26. ഞാനും ഇതു വഴി വരാൻ തുടങ്ങി....നന്നായിട്ടുണ്ട്.....

  ReplyDelete
 27. ഈ വിവരണത്തിനു നന്ദി.....വളരെ ഭംഗിയായി എഴുതി. അഭിനന്ദനങ്ങള്‍ കേട്ടോ.

  ReplyDelete
 28. “ലംബാരനെകുറിച്ച് എഴുതാനിരുന്നു ഇതിപ്പോള്‍ ഷ്വൈറ്റ്സറിന്റെ ജീവചരിത്രം ആയല്ലോ.” എന്ന് ഞാനും ചിന്തിച്ചു. പക്ഷെ ഷ്വൈറ്റ്സര്‍ എന്നാ മഹാവ്യക്തിത്വത്തെ പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം. ലംബന്‍ എന്ന നാമത്തിന്റെ ഉറവിടവും കണ്ടെത്തി. ശസ്ത്രക്രിയ ഉപകരണങ്ങള്‍ കണ്ട് പേടിച്ചുപോയി. ആശാരിമാരുടെ ഉപകരണങ്ങള്‍ പോലെ..

  ReplyDelete
 29. വെറുമൊരു ഡോക്ടര്‍ ആയോ, ദൈവ ശാസ്ത്രകഞന്‍ മാത്രമായോ അദ്ദേഹത്തെ കാണുന്നത്, ഷ്വൈറ്റ്സറിനോട് ചെയ്യുന്ന അനീതി ആയിരിക്കും. മനുഷ്യന്റെ സന്മാര്‍ഗജീവിതത്തിനു അടിസ്ഥാനം വെറും മനുഷ്യസ്നേഹമല്ല, പ്രകൃതിയോടും മറ്റു ജീവജാലങ്ങളോടും കൂടിയുള്ള സ്നേഹമാണെന്ന് അദ്ദേഹം വാദിച്ചു...

  ചരിത്രത്തിന്റെ ഏടുകളിലേക്ക് തന്മയത്വമായി
  കൂട്ടിക്കൊണ്ടു പോയിട്ട് ഷ്വൈറ്റ്സറിന്റെ ജീവചരിത്രമടക്കം അറിവുകൾ സമ്മാനിച്ച ലേഖനം

  ReplyDelete